രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയുടെ നാസി പട്ടാളം ഇറ്റലി പിടിച്ചടക്കുകയും സഖ്യശക്തികള്‍ രാജ്യത്തെ വിടുവിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ സമയം വി. പാദ്രെ പിയോയുടെ മഠം സ്ഥിതിചെയ്യുന്ന സാൻ ജിയോവാനി റൊട്ടോന്‍ഡോയ്ക്ക് സമീപമായിരുന്നു യുദ്ധത്തിനായുള്ള ഉപകരണങ്ങളും സ്ഫോടന വസ്തുക്കളും മറ്റും സൂക്ഷിച്ചിരുന്നത്.
യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ പാദ്രെ പിയോ ജനങ്ങളെ ധൈര്യപ്പെടുത്തി, ഒരു ബോംബും നമ്മെ തൊടുകയില്ല എന്ന്. തന്റെ ഉറപ്പ് പാലിക്കപ്പെടുന്നതിനായി അദ്ദേഹം ചില കാര്യങ്ങളും പ്രവര്‍ത്തിക്കുകയുണ്ടായി.
ഫ്രാങ്ക് റെഗ എന്ന എഴുത്തുകാരന്‍ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച്, സാന്‍ ജിയോവാനി പ്രദേശത്തെ ബോംബിട്ട് തകര്‍ക്കാനായി അയയ്ക്കപ്പെട്ട ഒരു വിമാനത്തിനും അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒന്നുകില്‍ ബോംബുകള്‍ തുറസായ സ്ഥലത്തേയ്ക്ക് ലക്ഷ്യം തെറ്റി പതിക്കും. അല്ലെങ്കില്‍ വിമാനത്തിന് കേടുപാട് സംഭവിച്ച് അക്രമികള്‍ക്ക് ദൗത്യം ഉപേക്ഷിച്ച് മടങ്ങേണ്ടതായി വന്നു.
ഒരിക്കല്‍ ബോംബാക്രമണത്തിനായി എത്തിയ പൈലറ്റ് ആകാശത്ത് ഒരു കാഴ്ച കണ്ടു. തിരിച്ചുപോകൂ എന്ന് ആഗ്യം കാട്ടി, സന്ന്യാസിയുടെ വേഷം ധരിച്ച ഒരു വ്യക്തി നില്‍ക്കുന്നു. ഞെട്ടിത്തരിച്ച പൈലറ്റ് വിമാനം വഴിതിരിച്ച് പോകുകയും ചെയ്തു. യുദ്ധം അവസാനിച്ച സമയത്ത് ആ സന്ന്യാസിയെ തേടി പൈലറ്റ് അലയുകയും വി. പാദ്രെ പിയോയെയാണ് താന്‍ കണ്ടതെന്ന് തിരിച്ചറിയുകയും ചെയ്തു.
അസാധാരണമായ പല സിദ്ധികളും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു വി. പാദ്രെ പിയോ. ഒരേസമയം രണ്ടു സ്ഥലത്ത് പ്രത്യക്ഷപ്പെടാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവവുമായുണ്ടായിരുന്ന പ്രത്യേക അടുപ്പത്തിന്റെ ഫലമായിട്ടുള്ള സിദ്ധിയായിരുന്നു അത് എന്നുവേണം മനസിലാക്കാന്‍. വചനം അക്കാര്യത്തില്‍ വ്യക്തത നല്‍കുന്നു. ‘യേശു അവരെ നോക്കിപ്പറഞ്ഞു, മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്. എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ് (മത്തായി : 19: 26 )’.