വി. മരിയ ഗൊരേത്തിയോടുള്ള നൊവേന: ഒന്നാം ദിനം

വിശുദ്ധ മരിയ ഗൊരേത്തി

ഇറ്റലിയിലെ കൊറിനാള്‍ഡോ എന്ന സ്ഥലത്ത് 1890 ഒക്ടോബര്‍ 16നാണ് മരിയ ഗൊരേത്തി (1890-1902) ജനിച്ചത്. മരിയ മാതാപിതാക്കളുടെ ആറുമക്കളില്‍ മൂന്നാമത്തെ കുട്ടിയായിരുന്നു. മരിയക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാകുകയും കൃഷി സ്ഥലമെല്ലാം വിറ്റ് മറ്റു കര്‍ഷകര്‍ക്കു വേണ്ടി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അധികം താമസിയാതെ മരിയയുടെ പിതാവ് രോഗ ബാധിതനാവുകയും, മരിയക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ മരണമടയുകയും ചെയ്തു.

അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോള്‍ വീടു വൃത്തിയാക്കുകയും പാചകം ചെയ്യുകയും മറ്റും ചെയ്തിരുന്നത് മരിയയായിരുന്നു. വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും മരിയയുടെ കുടുംബാംഗങ്ങള്‍ എല്ലാവരും വളരെ സ്‌നേഹത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്‌നേഹവും അവര്‍ പങ്കുവച്ചു. പിന്നീട് അവര്‍ ലാസിയോ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസമാരംഭിക്കുകയും ചെയ്തു.

സെറിനെല്ലി കുടുംബത്തിലെ അലക്‌സാണ്ട്രോ എന്ന പേരുള്ള പത്തൊന്‍പതുകാരന്‍ മരിയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തന്റെയൊപ്പം കിടക്ക പങ്കിടാന്‍ പലതവണ ക്ഷണിച്ചു. എന്നാല്‍, അവള്‍ ഒരിക്കലും അതിനു വഴങ്ങിയില്ല. ഒരു ദിവസം മരിയ തന്റെ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ അലക്‌സാണ്ട്രോ കയറിവന്നു. അവളെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു. മരിയ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അയാള്‍ ഒരു കത്തിയെടുത്ത് പതിനാലു തവണ അവളെ കുത്തി.

മരണക്കിടക്കയില്‍ വച്ച് മരിയ പറഞ്ഞു: ”അലക്‌സാണ്ട്രോയോട് ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. ഒരിക്കല്‍ അയാള്‍ക്ക് ചെയ്ത തെറ്റിനെകുറിച്ച് ബോധ്യമുണ്ടാവും. അയാള്‍ മാനസാന്തരപ്പെടും.” പിറ്റേന്ന് മരിയ മരിച്ചു. അലക്‌സാണ്ട്രോയെ കോടതി 30 വര്‍ഷത്തേക്ക് തടവു ശിക്ഷയ്ക്കു വിധിച്ചു. ജയിലിലായിരിക്കുമ്പോള്‍ അലക്‌സാണ്ട്രോയ്ക്ക് മരിയയുടെ ദര്‍ശനമുണ്ടായി. അതോടെ അലക്‌സാണ്ട്രോയ്ക്ക് താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലായി. അവന്‍ പശ്ചാത്തപിച്ചു.

അമ്മയുടേയും അലക്‌സാണ്ടോയുടെയും സാന്നിധ്യത്തില്‍ 1947 ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. വര്‍ഷം തോറും ജൂലൈ മാസം ആറാം തിയതിയാണ്, യുവജനങ്ങളുടേയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടേയും മധ്യസ്ഥ കൂടിയായ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാള്‍ തിരുസഭ ആചരിക്കുന്നത്.

വിശുദ്ധ മരിയ ഗൊരേത്തിയോടുള്ള നൊവേന: ഒന്നാം ദിനം

ശുദ്ധതയുടെ മകുടോദാഹരണമായ വിശുദ്ധ മരിയാ ഗൊരേത്തി, മരണം വരെയും സ്വന്തം കന്യകാത്വം അങ്ങ് കാത്ത് പരിരക്ഷിച്ചുവല്ലോ. പതിനൊന്നാം വയസില്‍ പോലും ഈശോയുടെ ഹൃദയത്തിന് ഏറ്റവും പ്രിയപ്പെട്ടതായ ശുദ്ധതയെന്ന പുണ്യത്തെ അങ്ങ് ഹൃദയത്തില്‍ പ്രിയത്തോടെ സൂക്ഷിച്ചിരുന്നല്ലോ. പ്രലോഭനങ്ങളുടെ വേളകളില്‍ അങ്ങയെപ്പോലെ ശുദ്ധതയെ മുറുകെ പിടിക്കുവാനുള്ള കൃപയ്ക്കായി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

പാപത്തെ ഉപേക്ഷിക്കുവാനും, സ്വര്‍ഗത്തില്‍ നമ്മുടെ കര്‍ത്താവിനോടും അങ്ങയോടുമൊപ്പം നിത്യജീവന് അര്‍ഹയാക്കുന്ന പുണ്യങ്ങളോട് ആമ്മേന്‍ പറയാനും എനിക്ക് സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പ്രത്യേകമായി ഈ നൊവേനയിലൂടെ ഞാന്‍ അപേക്ഷിക്കുന്ന അനുഗ്രഹം (ആവശ്യം പറയുക) സ്വര്‍ഗത്തില്‍ നിന്ന് ലഭിക്കുന്നതിനായി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. എങ്കിലും എന്റെ ഇഷ്ടമല്ല ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.