
പരിശുദ്ധ ദൈവമാതാവിന്റെ വലിയ ഭക്തനായിരുന്നു വി. ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ. അദ്ദേഹത്തിന്റെ ജീവിതത്തിലും പാപ്പയായി സേവനം ചെയ്ത കാലത്തും അദ്ദേഹത്തിന് പരിശുദ്ധ മാതാവിന്റെ വലിയ സംരക്ഷണം ഉണ്ടായിരുന്നു. അലി അഗ്കയുടെ വെടിയേറ്റ സന്ദര്‍ഭത്തില്‍ മാതാവ് അദ്ദേഹത്തിന്റെ ജീവനെ എപ്രകാരം സംരക്ഷിച്ചുവെന്ന് ലോകം മുഴുവന്‍ കണ്ടതാണല്ലോ. ജപമാല ജനകീയമാക്കാന്‍ മുന്‍കയ്യെടുത്ത പാപ്പാ കൂടിയാണ് അദ്ദേഹം. അത് എങ്ങനെയായിരുന്നു, എന്തിനായിരുന്നു എന്നു നോക്കാം.
യുവാക്കളെ യേശുവിലേക്ക് തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ലോക യുവജനദിനം ആരംഭിച്ചു. അതുപോലെ ജപമാലഭക്തിയിലേക്കും രക്ഷാകര രഹസ്യങ്ങളുടെ ധ്യാനങ്ങളിലേക്കും വിശ്വാസികളെ നയിക്കാന്‍ അദ്ദേഹം ജപമാല രഹസ്യങ്ങളില്‍ അഞ്ച് പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ലോകത്തെയും മനുഷ്യരാശിയെയും അലട്ടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി പാപ്പാ ജപമാലയെ ജീവിതഗന്ധിയാക്കി മാറ്റി. തീവ്രവാദത്തിനെതിരെയും കുടുംബങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും ജപമാലയെ ആയുധമാക്കാന്‍ അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു.
ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളും ആവശ്യങ്ങളുമായി ജപമാലയെ ബന്ധപ്പെടുത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. ഉദാഹരണത്തിന്, ഒരു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോഴോ, ഒരു രഹസ്യം ചൊല്ലുമ്പോഴോ അതില്‍ ഓരോരോ നിയോഗം വച്ചു പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ജപമാല രഹസ്യം ചൊല്ലുമ്പോള്‍ അതുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങള്‍ ധ്യാനിക്കാനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വി. പാദ്രെ പിയോ, വി. ലൂയി ഡി മോണ്‍ഫോര്‍ട്ട്, വാഴ്ത്ത. ബര്‍ട്ടോലോ ലോംഗോ തുടങ്ങി ജപമാല ഭക്തരായ വിശുദ്ധരെ പാപ്പാ എപ്പോഴും പരിഗണിക്കുകയും അവരുടെ രചനകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തു. പരിശുദ്ധ അമ്മ ഫാത്തിമയില്‍ നല്കിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും അനുവര്‍ത്തിക്കാനും അദ്ദേഹം വിശ്വാസികളെയും സഭയെയും ആഹ്വാനം ചെയ്തു.