കൊല്ലം ജില്ലയിലുള്ള ചെങ്കുളം എന്ന സ്ഥലം. അവിടെ കുരിശുമൂട് ജംഷനില്‍ പതിവില്ലാത്തൊരു ആള്‍ക്കൂട്ടം. അവിടെ മീന്‍ കച്ചവടം നടക്കുന്നുണ്ട്. ഇന്നാട്ടുകാര് മീന്‍ കച്ചവടം കണ്ടിട്ടില്ലേ? നടത്തുന്നവരെ കണ്ടിട്ട് പരമ്പരാഗതമായി മത്സ്യകച്ചവടം നടത്തുന്നവര്‍ ഒന്നും അല്ലാന്നു മനസിലായി. കാര്യം തെരക്കിയപ്പഴല്ലേ പിടികിട്ടിയത്. ഇതു വെറുമൊരു മീന്‍ കച്ചവടം അല്ല, അതിനു വ്യത്യസ്തമായ ഒരു ലക്ഷ്യം ഉണ്ട് എന്ന്. എന്താന്നല്ലേ? പ്രളയം മൂലം ദുരിതത്തിലായ കുറച്ചു ആളുകളെ സഹായിക്കുവാനാണ് ഈ മീന്‍ കച്ചവടം.
വ്യത്യസ്തമായ ആശയം അല്ലേ? ഈ ആശയത്തിന് പിന്നിലേയ്ക്ക് ലൈഫ് ഡേ നടത്തിയ യാത്ര…
ദുരിത ബാധിതരെ സഹായിക്കാനായി വ്യത്യസ്ത ആശയത്തിലേക്ക്
ദുരിത ബാധിതരുടെ സഹായത്തിനായി കേരളത്തില്‍ അങ്ങോളം-ഇങ്ങോളം ഉള്ള ആളുകള്‍ കൈകോര്‍ക്കുകയാണ്. സഹായങ്ങളും പണവും ഒക്കെയായി ധാരാളം ആളുകള്‍ ആണ് എത്തുന്നത്. അതിനിടയില്‍ ദുരിതം ബാധിച്ചവരെയും സഹായിക്കാനായി മലങ്കര സഭ കൊല്ലംവൈദികജില്ലയുടെ നേതൃത്വത്തില്‍ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ? ഈ ചോദ്യം വിവിധ ഇടവകകളില്‍ ഉള്ള യുവജനങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഇനി എന്ത്? എങ്ങനെ എന്നൊക്കെയുള്ള ആശയങ്ങളുമായി വിവിധ ഇടവകകളിലെ യൂത്തന്മാര് തല പുകച്ചു. ആകൂട്ടത്തില്‍ ഒരു സംഘമായിരുന്നു ചെങ്കുളം സെന്റ് ജോര്‍ജ്ജ് മലങ്കര പള്ളിയിലെ യുവജനങ്ങളും.
പണമായും മറ്റു സഹായങ്ങളുമായും നാട്ടുകാര്‍ കയ്യയച്ചു സഹായങ്ങള്‍ നല്‍കിയതാണ്. ഇനിയും പണം ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലാത്തതിനാല്‍ ഒരു പ്രായോഗിക ആശയത്തിന് വേണ്ടി അവര്‍ പരതി. ആദ്യം ആക്രി പെറക്കി വിക്കാം എന്ന് തീരുമാനിച്ചെങ്കിലും പദ്ധതി ഫ്ലോപ്പായത്തോടെ അത് ഉപേക്ഷിച്ചു. പിന്നെയും ആലോചനകള്‍. ഒടുവില്‍ കൊല്ലം വൈദികജില്ല തന്നെ ഒരു ആശയവുമായി മുന്നോട്ടു വന്നു. “കൊല്ലം ഹാര്‍ബര്‍ അടുത്തല്ലേ?” “അതേ,” അവര്‍ പറഞ്ഞു. ദുരിതമുഖത്ത് സഹായവുമായി ഓടിയെത്തിയവര്‍ അല്ലെ മത്സ്യത്തൊഴിലാളികള്‍? അതും ശരി തന്നെ. അപ്പൊ നമുക്ക് ഇരു കൂട്ടര്‍ക്കും സഹായകമാകുന്ന ഒരു പദ്ധതി തയ്യാറാക്കിയാലോ? എല്ലാവര്ക്കും സമ്മതം. അങ്ങനെ അവര്‍ മീന്‍ കച്ചവടം നടത്തുവാന്‍ തീരുമാനിച്ചു. ദുരിത ബാധിതര്‍ക്കായി, ദുരിതത്തില്‍ രക്ഷിക്കാന്‍ എത്തിയവര്‍ക്കായി.
പ്രതിസന്ധികളുടെ നടുവില്‍ മീന്‍ കച്ചവടം
മീന്‍ കച്ചവടം നടത്താന്‍ തീരുമാനിച്ചു എങ്കിലും അതിനായി മുതല്‍ മുടക്കെന്ന രീതിയില്‍ മാറ്റിവയ്ക്കുവാന്‍ ആരുടേയും കയ്യില്‍ പണമില്ലയിരുന്നു. ഉണ്ടായിട്ടും ചിലവാക്കാത്തത് അല്ല കേട്ടോ. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി പ്രളയ ദിവസങ്ങളില്‍ നല്‍കിയിരുന്നു. ഒടുവില്‍ കടം വാങ്ങിയ തുകകൊണ്ട് മത്സ്യം എടുത്തു. വില്പന നടത്തി. സ്ഥിരം ധാരാളം ആളുകള്‍ മത്സ്യക്കച്ചവടം നടത്തുന്ന ഇടമായതിനാല്‍ തന്നെ ആദ്യ ദിവസം കാര്യമായ ലാഭം ഒന്നും കിട്ടിയില്ല. എന്നാല്‍ ഈ യുവജനങ്ങളുടെ നന്മയും ലക്ഷ്യവും മനസിലാക്കിയ അവര്‍ അടുത്ത നാല് ദിവസം തങ്ങള്‍ മത്സ്യക്കച്ചവടം അവിടെ നടത്തുന്നില്ല എന്ന് തീരുമാനിച്ചു. അങ്ങനെ പ്രതിസന്ധികളെ അതിജീവിച്ചു അവര്‍ പതിയെ മുന്നേറാന്‍ തുടങ്ങി.
മിച്ചം വരുന്ന മീനുകള്‍ വണ്ടിയില്‍ കയറ്റി വീടുകളില്‍ കൊണ്ട് കൊടുക്കും. ഇനി ഇവരൊന്നും ഒരു പണിയും ഇല്ലാത്തവരാണ് എന്ന് കരുതരുത്. എഞ്ചിനിയര്‍മാരും ടീച്ചര്‍മാരും തുടങ്ങി നിരവധി മേഘലകളില്‍ ജോലി ചെയ്യുന്നവരാണ് ഈ മീന്‍ കച്ചവടത്തിന് ഇറങ്ങുന്നത്. ഇവര്‍ തങ്ങളുടെ ഉപജീവന മാര്‍ഗമായ തൊഴിലിനു പോലും പോകാതെയാണ് ദുരിത ബാധിതര്‍ക്കായി അലയുന്നത്. അത് അത്ര സുഖമുള്ള പണിയല്ലതാനും. വെളുപ്പിനെ ഒരുമണിക്ക് കൊല്ലം ഹാര്‍ബറില്‍ എത്തിയാലേ ഫ്രെഷ് മീന്‍ കിട്ടുള്ളൂ. ഇതില്‍ തന്നെയുണ്ട് അവരുടെ ത്യാഗവും അലച്ചിലും.
കൂട്ടായി ‘ആത്മ’ ഓര്‍ഗനൈസേഷനും
ചെങ്കുളം എം. സി. വൈ. എം യൂണിറ്റ് മൽസ്യ കച്ചവടം എന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ അതിനു പൂർണ്ണ പിന്തുണയുമായി എത്തിയ ഒരു സന്നദ്ധ സംഘടനയാണ് ആത്മ ഓർഗനൈസേഷൻ. ചെന്നൈയിൽ കുറച്ചു വിദ്യാർത്ഥികൾ ചേര്‍ന്ന് ആരംഭിച്ച ഒരു സംഘടനയായിരുന്നു ഇതു. അതിൽ പ്രവർത്തിച്ച ഒരാൾ തിരികെ നാട്ടിലെത്തിയപ്പോൾ ഇവിടെ ഉണ്ടായിരുന്ന സംഘടനയ്ക്ക് അതെ പേര് തന്നെ നൽകി. അങ്ങനെയാണ് ഈ സംഘടന ചെങ്കുളത്ത് പ്രവർത്തനം കേന്ദ്രീകരിക്കുന്നത്. ഒരു പൈസ പോലും പാവങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാതെ അവർക്കു സൗജന്യമായി സേവനം ചെയ്തു കൊടുക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.
അങ്ങനെ ഉള്ള ഈ സംഘടനയുടെ സജീവ പ്രവർത്തകർ എം. സി. വൈ. എം യൂണിറ്റിലും ഉണ്ടായിരുന്നു. മുൻപ് പല ജീവകാരുണ്യ പ്രവർത്തനങ്ങളും നാട്ടിൽ ചെയ്തിട്ടുള്ള ഇവരുടെ സഹകരണം കൂടി ആയപ്പോൾ മീൻ കച്ചവടം ഉഷാറായി. ആദ്യ നാല് ദിവസം കൊണ്ട് 25000 രൂപയോളം സമാഹരിക്കുവാൻ കഴിഞ്ഞു. ഇതു വരുന്ന ഒരു മാസം തുടരാനാണ് ഇവരുടെ പ്ലാൻ. കൊല്ലം വൈദിക ജില്ലയിലെ വിവിധ ഇടവകകളിലൂടെ ഈ ഒരു കച്ചവടം തുടർന്നാൽ കുറേയധികൾ ആളുകളിലേക്ക് ഉചിതമായ സഹായം എത്തിക്കുവാൻ കഴിയും എന്ന് ഇവർ വിശ്വസിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾ പൂർണ വിജയത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
മരിയ ജോസ്