പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്
വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും കൈത്തിരിനാളം പോലെ
അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ
നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
ഇവിടെ പുതിയൊരു നാദം
ഇവിടെ പുതിയൊരു ഗാനം
സുരവരമാരിപൊഴിക്കും സുകൃതിനി
അല്‍ഫോന്‍സായുടെ നാമം
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
കുരിശിന്‍ പാത പുണര്‍ന്നു
പരിചൊടു ധന്യത പുല്‍കി
ക്ലാരസഭയ്‌ക്കൊരു പുളകം നീ
കുടമാളൂരിനു തിലകം നീ
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
നിന്നുടെ ജീവിത നന്മകളാല്‍
നിന്നുടെ പാവന ചിന്തകളാല്‍
ഭരണങ്ങാനം ഭാരതലിസ്യുവായ്
പാരില്‍ പൂമഴ ചൊരിയുന്നു.
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
ഭാരതമണ്ണില്‍ നിന്നും
വിണ്ണിലുയര്‍ന്നൊരു ധന്യേ
ദൈവപിതാവിന്‍ വരമരുളാനായ്
ഞങ്ങള്‍ക്കെന്നും തുണയേകൂ.
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
പ്രാരംഭ പ്രാര്‍ത്ഥന
സകലത്തിന്റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകള്‍ക്കും നന്ദി പറയുന്നു. പാപങ്ങളെ ഓര്‍ത്തു ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട് ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു.
അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.
ദിവസത്തിന്റെ പ്രാര്‍ത്ഥന
ഒന്‍പതാം ദിവസം: അനുസരണം
അനുസരണം ബലിയെക്കാള്‍ ശ്രേഷ്ടമാണെന്ന് തിരുവചനത്തിലൂടെ പഠിപ്പിക്കുന്ന നല്ല ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. മേലധികാരികളില്‍ അങ്ങയെ ദര്‍ശിക്കുവാനും അവരെ അനുസരിക്കുവാനും അല്‍ഫോന്‍സാമ്മയ്ക്ക് അങ്ങു നല്‍കിയ കൃപാവരത്തെക്കുറിച്ച് ഞങ്ങള്‍ അങ്ങേയ്ക്കു നന്ദിപറയുന്നു. ഞങ്ങളും അല്‍ഫോന്‍സാമ്മയെപ്പോലെ അനുസരണയുള്ളവരായി ദൈവതിരുമനസ്സിനു കീഴ്വഴങ്ങി ജീവിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (….) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
ലുത്തീനിയ (ആഘോഷമായി നടത്തുമ്പോള്‍)*
പ്രാര്‍ത്ഥിക്കാം
അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസവും ലഭിക്കുമാറാകട്ടെ.
അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
സമാപന പ്രാര്‍ത്ഥന
“ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും” (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ.
ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (….) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
സമാപന ഗാനം
മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ… (മാലാഖമാരൊത്തു..)
സുരലോക ഗോളമേ വരജാലഭാണ്ഡമേ ക്ലാരസഭാരമ മലരേ മാനത്തെ വീട്ടില്‍നിന്ന- വിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..)
മീനിച്ചിലാറിന്റെ തിരത്തു പുഷ്പിച്ച മന്ദാര സൗഗന്ധമലരേ നിറകാന്തി ചൊരിയും നിന്‍ തിരുസന്നിധാനത്തില്‍ കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..)
ഒരു ഹോമബലിയായ് നീ സുരഭീപശാഖയായ് നീ സഹനത്തിന്‍ ശരശയ്യ തീര്‍ത്തു ഒരു നാളിലഖിലേശന്‍ നിറമോദവായ്പോടെ നിന്‍സ്നേഹയാഗം കൈക്കൊണ്ടു
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..)
പ്രിയദാസി എളിയവളില്‍ കരുണാകടാക്ഷത്തിന്‍ കിരണം പൊഴിച്ചു മഹേശന്‍ സുരകാന്തി ചൊരിയും നിന്‍ തിരുസന്നിധാനത്തില്‍ കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..)
ലുത്തീനിയ (ആഘോഷമായി നടത്തുമ്പോള്‍)
കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ.
സ്വര്‍ഗ്ഗ പിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ.
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ഭാരത നാടിന്‍ മണിമുത്തേ
കേരളസഭയുടെ നല്‍സുമമേ
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണെ
നല്‍വരമാരി പൊഴിക്കണമേ
വേദനയേറെ സഹിച്ചവളേ
സഹനത്തിന്‍ ബലിയായവളേ
കുരിശിന്‍ പാതപുണര്‍ന്നവളേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ത്യാഗത്തിന്‍ ബലിവേദികളില്‍
അര്‍പ്പിതമായൊരു പൊന്‍ സുമമേ
ക്ഷമയുടെ ദര്‍പ്പണമായവളേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
സഹനത്തിന്‍ കൂരമ്പുകളെ
ശിഷ്ടമതാക്കിത്തീര്‍ത്തവളേ
പൊന്‍കതിര്‍ വീശും താരകമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
സാന്ത്വനമേകി നടന്നതിനാല്‍
സ്വന്ത സുഖങ്ങള്‍ മറന്നവളേ
വിണ്ണിലുയര്‍ന്നൊരു വെണ്‍മലരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ക്ലേശമതെല്ലാം തിരുബലിയായ്
നാഥനുകാഴ്ചയണച്ചവളേ
ധരയില്‍ നന്മ പൊഴിച്ചവളേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ദാരിദ്ര്യത്തിന്‍ മാതൃകയെ
അനുസരണത്തിന്‍ വിളനിലമേ
ശുദ്ധതയേവം കാത്തവളെ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥനയാകും മലരുകളെ
ക്രിസ്തുവിനര്‍ച്ചന ചെയ്തവളേ
കാരുണ്യത്തിന്‍ നിറകുടമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ക്ലാരസഭാതന്‍ വാടിയിലായ്
പൊട്ടിവിരിഞ്ഞൊരു നറുമലരേ
കന്യകമാരുടെ മാതൃകയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പാരിന്‍ ശാന്തിപരത്തിയോരാ
ഫ്രാന്‍സിസ് താതനുനല്‍സുതയേ
ധന്യതയാര്‍ന്നൊരു കന്യകയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വേദനയാല്‍വന്‍ ക്ലേശത്താല്‍
നിന്‍സുതരൂഴിയില്‍ വലയുമ്പോള്‍
ആതുരരിവരുടെയാശ്രയമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
സഹനം തന്നുടെ വീഥിയതില്‍
ത്യാഗസുമങ്ങള്‍ ചൊരിഞ്ഞിടുവാന്‍
സ്നേഹത്തിന്‍ മധുഗീതവുമായ്
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
അനുദിനമുയരും ക്ലേശങ്ങള്‍
പരിഹാരത്തിന്‍ കരുവാക്കി
നാഥനു മോദമണച്ചിടുവാന്‍
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
അന്ത്യദിനത്തില്‍ നിന്‍ സുതരാം
ഞങ്ങള്‍ നിന്നുടെ സവിധത്തില്‍
വന്നണയാനായ് കനിവോടെ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ, നാഥാ
പാപം പൊറുക്കേണമേ.
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ, നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ.
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ, നാഥാ
ഞങ്ങളില്‍ കനിയേണമേ.