![spirituality](https://i0.wp.com/www.lifeday.in/wp-content/uploads/2018/09/Spirituality-is-the-it-thing-in-travel-travel-dejavu-.jpg?resize=600%2C400&ssl=1)
ജീവിതം ഇനി എന്ത്? അടുത്തത് എന്ത് ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ദൈവത്തില്‍ വിശ്വസിച്ചു കൊണ്ട് ആശ്രയിച്ചു കൊണ്ടുള്ള ഒരു ജീവിതമാണ് ഒരുവന്‍റെ ആത്മീയ ജീവിതം. എന്നാല്‍ ശക്തമായ ആത്മീയ അടിത്തറ ഉള്ള ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത് ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതും അല്ല.
ആത്മീയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണ്. ജീവിതാനുഭവങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയൊക്കെ ഇതിനു കാരണമാവാം. എന്നാല്‍ അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ ആത്മീയ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളെ മനസിലക്കുവാനും തിരികെ അതിലേക്ക് വരുവാനും കഴിയും. അതിനു സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1 . സമാധാനം വീണ്ടെടുക്കുക
മനസ് ആകുലചിത്തമാണെങ്കില്‍ നല്ലതും ചീത്തതും തമ്മില്‍ വേര്‍തിരിച്ച് അറിയുവാനോ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുവാനോ കഴിയില്ല. അതിനാല്‍ സ്വസ്ഥമാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. മനസ് ശാന്തമാക്കിയ ശേഷം ആത്മീയ ജീവിതത്തില്‍ നാം നേരത്തെ എങ്ങനെ ആയിരുന്നു എന്ന് ചിന്തിക്കുക. അതും ഇപ്പോഴത്തെ അവസ്ഥയുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം. അപ്പോള്‍ നമുക്ക് സംഭവിച്ച വീഴ്ചകളും വന്നുപോയ കുറവുകളും മനസിലാക്കുവാന്‍ കഴിയും. ഓര്‍ക്കുക ഒറ്റ ദിവസം കൊണ്ട് എല്ലാം നടത്തണം എന്ന വാശി പിടിക്കരുത്. പതിയെ പ്രശ്നങ്ങ്ള്‍ കണ്ടെത്തി പരിഹരിച്ചു പഴയപോലെ ആത്മീയ ജീവിതത്തില്‍ ശക്തിപ്പെടാം.
2 . തീവ്രമായ ആഗ്രഹം
വന്നുപോയ പാളിച്ചകള്‍ മനസിലാക്കി വെറുതെ ഇരുന്നാല്‍ പോരാ. അത് പരിഹരിക്കുവാനും തിരിച്ചു ദൈവത്തിലേക്കും ദൈവ സ്നേഹത്തിലേക്കും പോകുവാൻ ഉള്ള അതിയായ ആഗ്രഹം ഉണ്ടാവണം. ദൈവത്തിൽ നിന്ന് അകലാൻ കാരണമായ കാര്യങ്ങളെ അകറ്റി നിർത്താം. മുമ്പത്തേതിലും കൂടുതൽ ആഗ്രഹത്തോടെ തിരിച്ചു വരാൻ ആഗ്രഹിക്കാം.
3. പ്രാർത്ഥന
പ്രാർത്ഥനകൾക്ക് ജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ട്. സ്വയം പ്രേരിത പ്രാർത്ഥനകളിലൂടെയും ധ്യാനങ്ങളിലൂടെയും ആത്‌മീയതയുടെ പാതയിലേക്ക് പതിയെ കടന്നു വരാം. ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കുവാനും പ്രാർത്ഥനയിൽ സമീപസ്ഥനായിരിക്കുന്ന ദൈവത്തിന്റെ സാനിധ്യം അനുഭവിക്കുവാനും ശ്രമിക്കാം. ഒപ്പം തന്നെ കൂദാശകൾ സ്വീകരിക്കുന്നത് നമുക്ക് ആത്മീയമായ ഉണർവ് ലഭിക്കുന്നതിന് കാരണമാകും.
4. ദൃഢ നിശ്ചയം
പാപകരമായ ജീവിതമാണോ അതോ ദൈവത്തോടൊപ്പമുള്ള ജീവിതമാണോ തിരഞ്ഞെടുക്കുന്നത് എന്ന് ആലോചിക്കുക. ദൈവത്തിൽ നിന്ന് അകറ്റുന്ന തെറ്റുകളിലേക്ക് പോകില്ല എന്ന് ദൃഢ നിശ്ചയം എടുക്കുക. അത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ അവയോട് നോ എന്ന് പറയാൻ ധൈര്യം കാട്ടണം. അങ്ങനെ ദൈവവുമായുള്ള ബന്ധത്തിൽ വളരുവാൻ കഴിയും. ദൈവവുമായുള്ള ബന്ധത്തിന് അകറ്റുന്ന പ്രവർത്തികളിൽ നിന്ന് മാറി നിൽക്കാൻ ജാഗ്രത പുലർത്തണം. ദിവസം മുഴുവൻ പ്രാർത്ഥനയുടെ അരൂപിയിൽ ആയിരിക്കുന്നതും ദൈവവുമായി അടുത്ത് ആയിരിക്കുന്നതിനു സഹായിക്കും.
മേൽ പറഞ്ഞ നിർദ്ദേശങ്ങളിലൂടെ ആത്മീയ പാതയിൽ മുന്നേറാൻ കഴിയും. എങ്കിലും ഓരോ മാസവും ആത്മീയ ജീവിതത്തിൽ താൻ എവിടെ നിൽക്കുന്നു എന്ന് ആത്മ പരിശോധന ചെയ്യുന്നത് അതിൽ നിലനിൽകുവാനും മുന്നേറുവാനും സഹായിക്കും.