
കൊറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ പൊതുവായ ദിവ്യബലി അര്‍പ്പണങ്ങള്‍ ഉള്‍പ്പെടെ എല്ലാ ശുശ്രൂഷളും അധികൃതരുടെ നിര്‍ദ്ദേശപ്രകാരം റദ്ദാക്കിയെങ്കിലും കുമ്പസാരിക്കാനായി തന്നെ സമീപിക്കുന്നവരോട് പറ്റില്ല എന്നു പറഞ്ഞയയ്ക്കാന് ലിങ്കണിലെ സെന്റ് മേരീസ് ഇടവകയിലെ ഫാ. ഡഗ്ലസ് ഡീട്രിച്ചിന് മനസ്സ് വരുന്നില്ല. അതുകൊണ്ടു തന്നെ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊണ്ട് പ്രത്യേക കുമ്പസാരക്കൂട് ഒരുക്കിയിരിക്കുകയാണ് അച്ചന്.
കട്ടി കൂടിയ കര്‍ട്ടനിട്ടു മറച്ച തന്റെ മുറിയുടെ ജനാല തന്നെയാണ് കുമ്പസാരക്കൂട്. ജനലരികില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ അച്ചനോട് കുമ്പസാരിക്കുന്നത്. ലിങ്കണിലെ സെന്റ് മേരീസ് ഇടവകയിലാണ് വ്യത്യസ്തമായ ഈ കുമ്പസാരം. രാവിലെ 11.30 മുതല്‍ 12.30 വരെയുള്ള സമയം നേരത്തെ മുതല്‍ തന്നെ കുമ്പസാരത്തിനായി ഇടവക ക്രമീകരിച്ചിരുന്നു. ആ സമയത്തു തന്നെയാണ് ഇപ്പോഴും കുമ്പസാരിക്കാന്‍ ആളെത്തുന്നതും.
പതിവില്‍ നിന്നു വ്യത്യസ്തമായി കുമ്പസാരിക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് ഫാ. ഡഗ്ലസ് പറയുന്നു. കൊറോണാ വ്യാപനം വര്‍ദ്ധിച്ചതോടെ കുമ്പസാരിക്കാനെത്തുന്നവരുടെ എണ്ണം ലോകത്തിലെ പല ദൈവാലയങ്ങളിലും വര്‍ദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായ അകലം പാലിച്ചാണ് എല്ലായിടത്തും കുമ്പസാരം നടത്തുന്നതും.