പുഞ്ചിരിയുടെ സഹയാത്രിക

‘നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിൻ’ എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച് അവസാന തുള്ളി രക്തവും യേശുനാമം പ്രഘോഷിക്കപ്പെടുന്നതിനായി സമർപ്പിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ. ദൈവജനത്തിനുവേണ്ടി താൻ നടത്തിപ്പോന്ന ശുശ്രൂഷകളിൽ അസ്വസ്ഥരായവർ ഉയർത്തിയ ഭീഷണികളെ സിസ്റ്റർ തെല്ലും ഭയപ്പെട്ടിരുന്നില്ല എന്നതിന് അവരുടെ രക്തസാക്ഷിത്വം തന്നെ തെളിവ്. ഭയമോ ആകുലതയോ ദുഖമോ സിസ്റ്റർ റാണി മരിയയെ ഒരുകാലത്തും അലട്ടിയിരുന്നില്ല എന്നുതന്നെ വേണം കരുതാൻ.

എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ ഇടവിടാതെ പ്രാർത്ഥിക്കുവിൻ, എല്ലാക്കാര്യത്തിലും നന്ദി പ്രകാശിപ്പിക്കുവിൻ എന്ന തിരുവചനമായിരുന്നിരിക്കണം സിസ്റ്ററെ നയിച്ചിരുന്നത്. അതിന് തെളിവാകുന്ന ഒരു വസ്തുതയാണ്, ചിരിക്കുന്ന മുഖത്തോടുകൂടിയല്ലാത്ത ഒരു ഫോട്ടോയും സിസ്റ്റർ റാണി മരിയയുടേതായി ലഭ്യമല്ല എന്നത് . സി റാണി മരിയ കൊല്ലപ്പെടുന്ന സമയത്ത് ഭോപ്പാൽ പ്രൊവിൻസിലെ സുപ്പീരിയറായിരുന്ന സി സ്റ്റാർലി, സിസ്റ്റർ റാണി മരിയയുടെ ഒരു പ്രതിമ നിർമ്മിക്കുന്നതിനായി അവരുടെ അധികം ചിരിക്കാത്ത ഒരു ഫോട്ടോയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയൊന്നില്ല എന്ന് വ്യക്തമാവുന്നത്. ലഭ്യമായിട്ടുള്ള എല്ലാ ചിത്രങ്ങളിലും തെളിഞ്ഞ പുഞ്ചിരി. അതേക്കുറിച്ചുള്ള അന്വേഷണത്തിൽ മറ്റൊന്നുകൂടി കണ്ടെത്തുകയുണ്ടായി. സി റാണി മരിയയുടെ മുറിയിൽ തെർമോക്കോളിൽ എഴുതി വച്ചിരുന്ന ഒരു വാചകം. അതിങ്ങനെയായിരുന്നു, “സന്തോഷിക്കുവിൻ യേശു നിങ്ങളെ സ്നേഹിക്കുന്നു.” സിസ്റ്ററുടെ മുഖത്ത് സദാ സ്ഥാനം പിടിച്ചിരുന്ന ആ പുഞ്ചിരിയുടെ ഉറവിടം ഈ വാചകമായിരുന്നു എന്നുവേണം അനുമാനിക്കാൻ.

നിറപുഞ്ചിരി തന്റെ വ്യക്തിത്വത്തിന്റെ അടയാളമായി സിസ്റ്റർ മുഖത്ത് സദാകൊണ്ടുനടന്നിരുന്നു. സിസ്റ്ററെ നേരിട്ട് കണ്ട് പരിചയമുള്ളവർക്കും അങ്ങനെയല്ലാതൊരു മുഖം ഓർത്തെടുക്കാൻ സാധിക്കുന്നില്ല. പുഞ്ചിരിയെ സഹയാത്രികയാക്കി കൊണ്ടുനടക്കാൻ സാധിക്കാതിരുന്ന അവസ്ഥകളിലൂടെയായിരുന്നു, സി റാണി മരിയയുടെ ജീവിതം എന്നതാണ് ഇവിടെ സ്മരിക്കേണ്ട വസ്തുത. അവരുടെ ആ പുഞ്ചിരി ഒരു സാഹസം തന്നെയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അതൊരു സുവിശേഷ പ്രഘോഷണം തന്നെയായിരുന്നു. എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന തിരുവചനത്തിന്റെ പ്രഘോഷണം.

സി. റാണി മരിയയുടെ മുഖത്ത് തെളിഞ്ഞിരുന്ന ആ പുഞ്ചിരി ലോകത്തിന് മുഴുവൻ ഒരു പാഠമാണ്. ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്തുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് തുല്യമാണെന്നും അതിന് ദൈവം സ്വർഗത്തിൽ പ്രതിഫലം നൽകുമെന്നതും. തീര്‍ച്ചയായും, സിസ്റ്റർ റാണി മരിയയുടെ ആ ചിരിതന്നെയാണ് അവരെ സ്വർഗ്ഗീയ മഹത്വത്തിന് അർഹയാക്കിയത്. നമുക്കും പുഞ്ചിരിക്കാം, പ്രതിസന്ധികളെ നോക്കി, ലോകത്തെ നോക്കി, ദൈവമഹത്വത്തിനായി…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.