സി. റാണി മരിയയുടെ കളിക്കൂട്ടുകാരിയായ സി. സിസിലി, തന്റെ കൂട്ടുകാരിയെ കുറിച്ചുള്ള ഓര്മ്മകള് പങ്കുവെയ്ക്കുകയാണ്. റാണി മരിയയുടെ പിതാവിന്റെ സഹോദരപുത്രി കൂടിയായ സിസിലിയും റാണി മരിയയും ഒന്നിച്ചാണ് കളിച്ചുവളർന്നത്. സമപ്രായക്കാരായ ഇരുവരും മിക്കപ്പോഴും ഒരുമിച്ചായിരുന്നു.
ഒൻപതാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചിരുന്ന ഇരുവരുടെയും സ്കൂളിലേയ്ക്കുള്ള യാത്ര വളരെ രസകരമായിരുന്നു. പാടവരമ്പിലൂടെ ആയിരുന്നു ഇരുവരും സ്കൂളിലേയ്ക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. ഈ സമയത്ത് പാടത്തു പണിയുന്ന ധാരാളം സ്ത്രീകളുണ്ടായിരുന്നു അവിടെ. അവരോടൊപ്പം ഇരിക്കുവാനും ഭക്ഷണം കഴിക്കുവാനും ഇരുവർക്കും വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ ഞാറു മുറിക്കുന്നതിനിടെ സിസിലിയുടെ കൈ മുറിഞ്ഞു. സമീപത്തെ ഇളയമ്മയുടെ വീട്ടിൽ കൊണ്ടുപോയി കൈയ്യിലെ മുറിവ് വച്ചുകെട്ടി. തിരിച്ച് വീട്ടിൽകൊണ്ടു വിട്ടതിനുശേഷമാണ് മേരിക്കുഞ്ഞ് മടങ്ങിയതെന്ന് സി. സിസിലി ഓർക്കുന്നു.
ചെറുപ്പം മുതൽ മേരിക്കുഞ്ഞിന് മറ്റുള്ളവരോട് വലിയ കരുതലായിരുന്നു. ആ കരുതലിന്റെ മനോഭാവമാണ് വികസനത്തിന്റെ വെളിച്ചം കടന്നുചെന്നിട്ടില്ലാത്ത മധ്യപ്രദേശിലെ പാവപ്പെട്ടവരുടെ ഒപ്പമായിരിക്കുവാൻ സിസ്റ്ററിനെ പ്രേരിപ്പിച്ചതെന്ന് എഫ് സി സി കോൺവെന്റിലെ സിസ്റ്ററായ സോണി എന്ന സിസിലി പറയുന്നു. ഒരുമിച്ചു കളിച്ചുവളർന്ന ഇരുവരും ദൈവവിളി സ്വീകരിക്കുന്നതും എഫ് സി സി-യിൽ ചേരുന്നതും ഒന്നിച്ചായിരുന്നു.
മധ്യപ്രദേശിലേയ്ക്കു പോകുന്നതിനു മുൻപ് കേരളത്തിൽ ആയിരുന്നപ്പോൾ ഇരുവരും ഒരു മഠത്തിലായിരുന്നു ഉണ്ടായിരുന്നത്. ബാല്യത്തിലെ കളിക്കൂട്ടുകാരിയും ആത്മമിത്രവുമായ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പ്രഖ്യാപനം തനിക്കു നൽകുന്ന പ്രത്യാശ ചെറുതല്ല എന്ന് സി. സിസിലി പറയുന്നു. മേരിക്കുഞ്ഞിന്റെ മരണശേഷവും അവളുടെ കരുതലുള്ള സ്നേഹം തനിക്ക് അനുഭവിക്കുവാൻ കഴിഞ്ഞുവെന്നും തന്റെ സഹോദരന്റെ അപകടത്തെ തുടർന്നുണ്ടായ ഓപ്പറേഷൻ വിജയകരമാക്കിയതും റാണി മരിയയുടെ മാദ്ധ്യസ്ഥ്യമാണെന്നും സിസ്റ്റർ വിശ്വസിക്കുന്നു. തന്നെയുമല്ല, റാണി മരിയയുടെ രക്തസാക്ഷിത്വം തന്റെ പ്രാർത്ഥനാജീവിതത്തെ ഏറെ സ്വാധീനിച്ചുവെന്നും സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
സി. റാണി മരിയയുടെ ജീവിതം അനേകരുടെ രക്ഷയിലേയ്ക്കു വഴി തെളിക്കുന്നതിൽ സി. സിസിലി വളരെ സന്തോഷിക്കുന്നു. അനേകം ആത്മാക്കളെ ദൈവത്തിനായി നേടിയെടുക്കുവാൻ തന്റെ കളികൂട്ടുകാരിക്കു കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് ഇവർ ഇപ്പോൾ. ഒപ്പം, തന്റെ മേരിക്കുഞ്ഞിൽ നിന്ന് വാഴ്ത്തപ്പെട്ട സി. റാണി മരിയയിലേയ്ക്കുള്ള കൂട്ടുകാരിയുടെ ആത്മീയ യാത്രയിൽ പ്രാർത്ഥനയുമായി ദൈവത്തിന്റെ മുന്നിലായിരിക്കുകയാണ് സി. സിസിലി.