ഞങ്ങളുടെ സഹോദരി സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തപ്പെടുന്പോൾ, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ (എഫ്സിസി) ദൈവതിരുമുന്നിൽ നന്ദിയോടെ ശിരസു നമിക്കുന്നു. പ്രേഷിതഭൂമിയിൽ പ്രാർഥനാതീക്ഷ്ണതയോടെ നിസ്വാർഥമായി ശുശ്രൂഷ ചെയ്ത ഈ മകളിലൂടെ സഭയ്ക്കു ലഭിക്കുന്ന ദൈവിക സമ്മാനം കൂടിയാണു വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി.
മധ്യപ്രദേശിലെ ഭോപ്പാൽ അമല പ്രോവിൻസിന്റെ കൗണ്സിലറായിരിക്കെയാണു സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വം. ബിജ്നോറിലെയും സത്നയിലെയും ഇൻഡോറിലെയും വിവിധ ഗ്രാമങ്ങളിൽ സിസ്റ്ററുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യപ്രവർത്തനങ്ങളുടെ നന്മ ഇന്നും അവിടങ്ങളിലെ ഗ്രാമീണ ജനങ്ങളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്.
എഫ്സിസി സന്യാസിനി സമൂഹാംഗങ്ങളായ 7025 സമർപ്പിതർ ഇന്ത്യയുൾപ്പെടെ പതിമൂന്നു രാജ്യങ്ങളിലായി ശുശ്രൂഷ ചെയ്യുന്നു. 24 പ്രോവിൻസുകളാണ് ആകെയുള്ളത്. 834 സ്ഥലങ്ങളിൽ മഠങ്ങളുണ്ട്. 13 പ്രോവിൻസുകളിലായി 422 ഹൗസുകളാണു കേരളത്തിലുള്ളത്. 11 പ്രോവിൻസുകളിലായി രണ്ടായിരത്തോളം എഫ്സിസി സന്യാസിനികൾ കേരളത്തിനു പുറത്തു മിഷൻ മേഖലകളിലാണു സേവനം ചെയ്യുന്നത്.
ഇന്ത്യയിൽ ഗോവ, സിക്കിം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും എഫ്സിസി സന്യാസിനി സമൂഹാംഗങ്ങൾ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഇന്ത്യയുൾപ്പെടെ പതിമ്മൂന്നു രാജ്യങ്ങളിൽ എഫ്സിസിയുടെ മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നു. യൂറോപ്പിൽ ഇറ്റലി, ജർമനി, സ്പെയിൻ, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കയിൽ കെനിയ, ടാൻസാനിയ, സൗത്ത് ആഫ്രിക്ക, മലാവി, നമീബിയ എന്നീ രാജ്യങ്ങളിലും അമേരിക്കയിലും പാപ്പുവാ ന്യൂഗിനിയായിലും സഭാംഗങ്ങൾ ശുശ്രൂഷ ചെയ്യുന്നുണ്ട്.
സഭയുടെ പ്രേഷിതദൗത്യം അതിന്റെ പൂർണതയിൽ നിർവഹിക്കുന്നതിനു പ്രചോദനമാണു സിസ്റ്റർ റാണി മരിയയുടെ ജീവിതവും രക്തസാക്ഷിത്വവും.
സിസ്റ്റർ ആൻ ജോസഫ് (എഫ്സിസി മദർ ജനറൽ )