ക്രൂശിതരൂപത്തില്‍ കണ്ണുടക്കുമ്പോഴെല്ലാം ചൊല്ലാവുന്ന ചെറിയ ഒരു പ്രാര്‍ത്ഥന

ക്രൈസ്തവന്റെ മുദ്രയും അടയാളവുമാണ് ക്രൂശിതരൂപം. ക്രിസ്തീയജീവിതത്തിന്റെ ആകെത്തുകയും. അതില്‍ ദൈവത്തിന് നമ്മോടുള്ള സ്‌നേഹമുണ്ട്; മാനവരക്ഷയുമുണ്ട്. ദിവസത്തില്‍ ഒരു തവണയെങ്കിലും നമ്മുടെ കണ്ണുകളില്‍ വന്നു നിറയുന്ന ചിത്രം കൂടിയാണ് ക്രൂശിതന്റേത്.

ക്രൂശുരൂപം കാണുമ്പോഴൊക്കെ നമ്മുടെ മനസ്സില്‍ മനസ്താപം ഉണ്ടാകണം. പശ്ചാത്താപം നിറയണം. ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ചിന്ത നിറയണം. ഇത്തരമൊരു ചിന്ത ഉള്ളിലുണ്ടാകാന്‍ ആദ്യം വേണ്ടത് ക്രൂശിതരൂപം കാണുമ്പോഴൊക്കെ നാം ഒരു പ്രാര്‍ത്ഥന ചൊല്ലണം എന്നതാണ്. ക്രിസ്തു നമുക്കു വേണ്ടിയാണ് കുരിശില്‍ തൂങ്ങി മരിച്ചത്. നാമോരോരുത്തര്‍ക്കും വേണ്ടി.

അതുകൊണ്ട് ഈ ചിന്ത മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഇനിമുതല്‍ ക്രൂശിതരൂപം കാണുമ്പോള്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കണം. “എന്നെ അത്രയധികമായി സ്‌നേഹിക്കുന്നവനായ എന്റെ രക്ഷകാ, എന്റെ രക്ഷയ്ക്കായി ക്രൂശിലേറിയവനായ ഈശോയേ എന്നെ രക്ഷിക്കണേ” എന്ന്.

നിത്യവും ക്രൂശിതരൂപം കാണുമ്പോള്‍ നാം ഈ പ്രാര്‍ത്ഥന ചൊല്ലുകയാണെങ്കില്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ കണ്ടുതുടങ്ങുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ട് ഈ ചെറിയ പ്രാര്‍ത്ഥന എപ്പോഴും മനസില്‍ സൂക്ഷിച്ചുകൊണ്ട് ക്രൂശിതനോടൊപ്പം സഞ്ചരിക്കാം.