ഉത്ഥിതനെ തേടി – 39 – ജറുസലേം

പഴയനിയമത്തിൽ 660 പ്രാവശ്യവും പുതിയനിയമത്തിൽ 146 പ്രാവശ്യവും കാണുന്ന ഒരു വാക്കാണ് ജറുസലേം. യൂദായിസം, ക്രിസ്ത്യാനിറ്റി, ഇസ്ലാം തുടങ്ങി ഒരുപാട് മതവിശ്വാസങ്ങളുടെ പ്രധാനകേന്ദ്രം. ജറൂസലം എന്ന വാക്കിന് സമാധാനത്തിന്റെ നഗരം എന്നാണർത്ഥം.

ഈശോയുടെ ജീവിതവും ജറുസലേം നഗരവും തമ്മില്‍ ഒരുപാട് ബന്ധമുണ്ട്. ഈശോയെ കാഴ്ചവച്ചത് ജറുസലേം ദൈവാലയത്തിലാണ്. ഈശോ ജറുസലേമിൽ വചനം പ്രഘോഷിക്കുകയും ജറുസലേം ദൈവാലയം ശുദ്ധീകരിക്കുകയും ചെയ്തു. ഈശോയുടെ പീഡാസഹന-മരണ-ഉത്ഥാന സംഭവങ്ങൾക്ക് വേദികൂടിയാണ് ജറുസലേമും പരിസരപ്രദേശങ്ങളും.

ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടും നന്മയുടെ വഴിയിൽ നിന്നും അകന്നുപോയ ജറുസലേമിനെ കുറ്റപ്പെടുത്തുകയാണ് ഈശോ. നന്മയുടെ വഴികൾ പറഞ്ഞുകൊടുത്തിട്ടും തിന്മ ചെയ്യുകയും തിന്മയിൽ ചരിക്കുകയും ചെയ്യുന്ന ജനം. തമ്പുരാനോട് ചേർന്നുനിൽക്കുന്നു എന്ന് നാം പലപ്പോഴും വിചാരിക്കുന്നു. കൃപ നിറഞ്ഞ ജീവിതം നയിക്കുന്നവരാകാം, എന്നും പള്ളിയിൽ പോകുന്നവരും, കൂദാശകൾ യഥാവിധി അനുഷ്ഠിക്കുന്നവരും ആയിരിക്കും നമ്മൾ. പക്ഷെ ആന്തരികമായി തമ്പുരാനോട് കൂടെയാണോ? കുർബാനയിലെ പങ്കുകൊള്ളൽ, സന്ധ്യാപ്രാർത്ഥന ചൊല്ലൽ ഒക്കെ പലപ്പോഴും യാന്ത്രികമായി പോകുന്നുണ്ടോ?

പ്രാർത്ഥിക്കാം

ഈശോയെ, ദൈവകൃപയിൽ നിറഞ്ഞു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. അങ്ങേക്ക് അർഹമായ സ്തുതിയും ആരാധനയും നൽകുവാൻ, അങ്ങനെ ജീവിതത്തിൽ സമാധാനവും ശാന്തിയും അനുഭവിക്കാൻ എനിക്കിടയാകട്ടെ. ആത്മീയത ഉണ്ടെന്നു ഭാവിച്ചു ജീവിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന എല്ലാവരെയും നന്മയിൽ നേർവഴിക്ക് നയിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങളെയും സഫലമാക്കണമേ. ആമ്മേൻ.

നിയോഗം

ആത്മീയത അഭിനയിച്ചു ജീവിക്കുന്നവർക്കു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, ആത്മീയത അഭിനയിച്ചു ജീവിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

കര്‍ത്താവ്‌ എന്റെ യാചന ശ്രവിക്കുന്നു; അവിടുന്ന്‌ എന്റെ പ്രാര്‍ഥന കൈക്കൊള്ളുന്നു (സങ്കീ. 6:9).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു