
കല്‍ക്കത്തയിലെ ചേരികളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കിയിരുന്ന സലേഷ്യന്‍ വൈദികന്, ജോസഫ് അയ്മനത്തില്‍ നിര്യാതനായി. മലയാളിയായ അദ്ദേഹത്തിന് 73 വയസായിരുന്നു. ഡോ. എ.സി. എന്നറിയപ്പെട്ടിരുന്ന ഫാ. അയ്മനത്തിലായിരുന്നു, സലേഷ്യന്‍ സഭയുടെ കൊല്‍ക്കത്ത പ്രൊവിന്‍സില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറല്‍ ബിരുദം നേടിയ ആദ്യവ്യക്തി. കൊല്‍ക്കത്തയിലെ അതിരൂപതാ ട്രിബൂണലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു.
കഴിഞ്ഞ 30 വര്‍ഷങ്ങളായി വി. ഡോണ്‍ ബോസ്കോയുടെ മാതൃകയില്‍ തെരുവുകുട്ടികള്‍ക്ക് സൗജന്യ ട്യൂഷന് നല്കുന്നതില് വ്യാപൃതനായിരുന്നു അദ്ദേഹം. ട്യൂഷന് സെന്ററില്‍ ലൈറ്റും ഫാനും ആവശ്യത്തിന് അധ്യാപകരേയുമെല്ലാം അദ്ദേഹം ലഭ്യമാക്കുകയും ചെയ്തിരുന്നു. ഓരോ വര്‍ഷവും 600-ഓളം കുട്ടികള്‍ക്ക് ഇതിന്റെ ഫലം ലഭിച്ചിരുന്നു.
ലോക്ക് ഡൗണ്‍ തുടങ്ങിയ നാള് മുതല്‍ കൊല്‍ക്കൊത്തയിലെ വിവിധ ചേരികളിലും റെയിവേ സ്റ്റേഷനിലും നിര്‍ദ്ധനരായ കുട്ടികള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം കൊടുത്തിരുന്നു. കിഡ്സ് കാറ്റിക്കിസം, ഹീലിംഗ് ആന്‍ഡ് ഡെലിവറന്‍സ് തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം, കുടുംബനവീകരണം, സന്യസ്തജീവിതം തുടങ്ങിയ വിഷയങ്ങളില്‍ വൈദഗ്ധ്യവും നേടിയിരുന്നു.