ജപമാലയുടെ ശക്തി വിശുദ്ധരുടെ വാക്കുകളില്‍

അത്ഭുതകരമായ ശക്തിയുള്ള പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന. ജപമാല എന്ന വാക്കിന്റെ അര്‍ത്ഥം, ജപം ആവര്‍ത്തിച്ച് ഒരു മാല പോലെ ചൊല്ലുന്നത് എന്നതാണ്. ഓരോ ദിവസവും ജപമാല പ്രാര്‍ത്ഥന ചൊല്ലുന്ന വ്യക്തി 30 മിനിറ്റെങ്കിലും യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും പരസ്യജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചും ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നു.

ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല. ഇത് പ്രാര്‍ത്ഥിക്കുന്ന വ്യക്തി യേശുവിന്റെ അടുക്കലേക്ക് കൂടുതല്‍ അടുക്കുന്നു. ജപമാല ചെല്ലുമ്പോള്‍ നമ്മള്‍ മാതാവിലൂടെ യേശുവിന്റെ രക്ഷാകര രഹസ്യം ഓര്‍ക്കുകയും പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാല്‍ യേശുവില്‍ നിന്നും അനുഗ്രഹം നേടിയെടുക്കുകയുമാണ് ചെയ്യുക. അനുഗ്രഹപൂര്‍ണ്ണമായ ജപമാലയെക്കുറിച്ച് വിശുദ്ധര്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം…

1.ജപമാല ചൊല്ലിക്കൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ. ഞാന്‍ ഈ ലോകത്തെ കീഴടക്കും” (വാഴ്. പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പാ).

2.
ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല” (വി. പാദ്രെ പിയോ).

3. “പരിശുദ്ധ ജപമാല ശക്തമായ ഒരു ആയുധമാണ്. ഇത് ആത്മവിശ്വാസത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ദിഷ്ടഫലത്തില്‍ നിങ്ങള്‍ വിസ്മയഭരിതരാകും” (വി. ജോസ് മരിയ എസ്‌ക്രിവ).

4.ജപമാല പ്രാര്‍ത്ഥന മറ്റെല്ലാ പ്രാര്‍ത്ഥനകളെക്കാളും അധികമായി അനുഗ്രഹങ്ങളാല്‍ സമ്പുഷ്ടമാണ്; ദൈവമാതാവിന്റെ ഹൃദയത്തെ ഏറ്റവും കൂടുതലായി സ്പര്‍ശിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്. നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ സമാധാനം വാഴാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കുടുംബമായി ജപമാല ചൊല്ലുവിന്‍”
(പിയൂസ് പത്താമന്‍ മാര്‍പാപ്പാ).

5. “പിശാചിനെ ആട്ടിപ്പായിക്കാനും ഒരുവനെ പാപത്തില്‍ നിന്നും അകറ്റിനിര്‍ത്താനും തക്ക ശക്തമായ ആയുധമാണ് ജപമാല. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും കുടുംബത്തിലും രാജ്യത്തിലും സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ എല്ലാ സായാഹ്നത്തിലും ഒരുമിച്ചു ചേര്‍ന്ന് ജപമാല ചൊല്ലുവിന്‍. ജപമാല ചൊല്ലാതെ ഒരു ദിവസവും കടന്നുപോകുവാന്‍ അനുവദിക്കരുത്; ജോലിഭാരത്താല്‍ എത്രമാത്രം ക്ഷീണിതനാണെങ്കില്‍ പോലും” (പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പാ).

6. “എല്ലാ സന്ധ്യാസമയങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമായ കുടുംബമാണ്” (വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ).

7. “ദൈവത്താല്‍ പ്രചോദിതമായ ഒരു അമൂല്യനിധിയാണ് ജപമാല” (വി. ലൂയീസ് ഡെ മോണ്ട്‌ഫോര്‍ട്ട്).

8. “പരിശുദ്ധ കന്യകാമാതാവിന്റെ അടുക്കല്‍ പോവുക. അവളെ സ്‌നേഹിക്കുക! നിങ്ങള്‍ക്ക് സാധിക്കുമ്പോഴൊക്കെ ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക! അങ്ങനെ പ്രാര്‍ത്ഥനയുടെ ആത്മാക്കളാവുക. അത് നമുക്കാവശ്യമായ അനുഗ്രഹങ്ങള്‍ നേടിത്തരുന്നു.” (വി. പാദ്രെ പിയോ).

9. “പ്രാര്‍ത്ഥിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ജപമാല ചൊല്ലുക എന്നതാണ്”
(വി. ഫ്രാന്‍സിസ് ഡി സാലെസ്).

10. “സാത്താനെതിരെയുള്ള ചമ്മട്ടിയാണ് ജപമാല” (അഡ്രിയാന്‍ ആറാമന്‍ മാര്‍പാപ്പാ).