വി. ഫൗസ്റ്റീനായും നരകദര്‍ശനവും 

സ്വര്‍ഗത്തെക്കുറിച്ചും ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും ധാരാളം വിശുദ്ധര്‍ അവരുടെ അനുഭവങ്ങളില്‍ വിശദമായി വിവരിക്കുന്നുണ്ട്. അതുപോലെതന്നെ നരകത്തെക്കുറിച്ചും. വി. മരിയാ ഫൗസ്റ്റീനായുടെ ഡയറിയില്‍ വ്യക്തമായി ഒരു നരകദര്‍ശനമുണ്ട്. അത് ഇങ്ങനെയാണ്…

“ഒരു ദിവസം ഒരു മാലാഖ നരകത്തിന്റെ ഉള്ളറകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. കഠിനമായ വേദനകളുടെയും ദണ്ഡനങ്ങളുടെയും സ്ഥലമായിരുന്നു അത്; ഒപ്പം വളരെ ഭയാനകവും വിസ്തൃതവുമായിരുന്നു. ഒന്നാമതായി, ദൈവത്തെ തീര്‍ത്തുംനഷ്ടപ്പെട്ട ഒരവസ്ഥ ആത്മാവ് അവിടെ അനുഭവിക്കുന്നു. രണ്ടാമതായി, അവിടെയുള്ള ആത്മാക്കളുടെ മനഃസാക്ഷിയില്‍ ഒരിക്കലും അവസാനിക്കാത്ത മനോവേദന അനുഭവപ്പെടുന്നു. ആത്മാവിന്റെ ഇത്തരം അവസ്ഥയ്ക്ക് ഒരു മാറ്റവുമുണ്ടാകുന്നില്ല എന്നുള്ളതാണ് മൂന്നാമതായുള്ളത്. നാലാമതായി, ആത്മാവിനെ ഇല്ലാതെയാക്കാതെ തന്നെ അതിന്റെ ഉള്ളിലേക്ക്  അഗ്‌നി തുളച്ചുചെല്ലുന്ന അനുഭവം. അതായത് ഭയാനകവും ഭീകരവുമായ ക്ലേശവും വേദനയും.

അതിനുകാരണം, അത് ദൈവകോപത്താല്‍ കത്തപ്പെട്ട തികച്ചും ആത്മീയമായ അഗ്നിയായതിനാലാണ്. അഞ്ചാമത്തെ ദണ്ഡനം അനസ്യൂതമായുള്ള അന്ധകാരവും കഠിനമായ ശ്വാസംമുട്ടിക്കുന്ന ദുര്‍ഗന്ധവുമായിരുന്നു. അവിടെ അന്ധകാരമാണെങ്കിലും പിശാചുക്കളും ശപിക്കപ്പെട്ടവരും കുറ്റംചുമത്തപ്പെട്ടവരുമായ ആത്മാക്കള്‍ക്കും തമ്മില്‍ത്തമ്മില്‍ കാണാന്‍ സാധിക്കുമെന്നുള്ളതാണ്. അവര്‍ അവരുടെതന്നെയും അവിടെയുള്ള മറ്റുള്ളവരുടെയും ദുഷ്ടതകളും തിന്മകളും പാപങ്ങളും കണ്ടുകൊണ്ടിരിക്കുന്നു. ആറാമത്തെ ദണ്ഡനം സാത്താനുമായുള്ള നിത്യമായ സഹവാസമാണ്.

നൈരാശ്യം, ദൈവത്തോടുള്ള വെറുപ്പ്, നീചമായ വാക്കുകള്‍, ദൈവനിന്ദ, ശാപവാക്കുകള്‍ തുടങ്ങിയ അവസ്ഥകളിലൂടെ ആത്മാവ് കടന്നുപോകുന്നു. ഏഴാമത്തെ ദണ്ഡനം, അവിടെയുള്ള എല്ലാ ആത്മാക്കളും മേല്‍വിവരിച്ച അവസ്ഥകളിലൂടെ കടന്നുപോകുന്നു എന്നുമാത്രമല്ല, ഈ അവസ്ഥ ഒരിക്കലും അവസാനിക്കുന്നില്ല എന്നുള്ളതുമാണ്. ഇതില്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായ ദണ്ഡനങ്ങള്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങളുടെ പീഡകളും വേദനകളും ഇതില്‍ ഉള്‍പ്പെടുന്നു. ഏതുവിധത്തിലുള്ള പാപപ്രവൃത്തിയാണോ ചെയ്തത് അതിനു യോജിച്ചവിധത്തില്‍ ഓരോ ആത്മാവും ഭീകരതനിറഞ്ഞതും വിവരിക്കാന്‍ പറ്റാത്തവിധത്തിലുള്ള സഹനങ്ങളിലൂടെയും പീഡകളിലൂടെയും കടന്നുപോകുന്നു. പലതരത്തിലുള്ള ദണ്ഡനങ്ങളും പീഡനങ്ങളും നിറഞ്ഞ വലിയ ഗുഹകളും കുഴികളും അവിടെ വിശുദ്ധ കാണുകയുണ്ടായി. അവ ഓരോന്നിലുമുള്ള തീവ്രവേദനകള്‍ ഒന്നില്‍നിന്നും മറ്റൊന്നിനേക്കാള്‍ വ്യത്യസ്തമാണെന്ന് അവള്‍ എഴുതുന്നു. “സര്‍വശക്തനായ ദൈവത്തിന്റെ സര്‍വക്തിയും എന്നെ താങ്ങിയിരുന്നില്ലെങ്കില്‍ ഈ പീഡാസഹനങ്ങളുടെ കാഴ്ചകള്‍ കണ്ടപ്പോള്‍ത്തന്നെ ഞാന്‍ മരിച്ചുപോകുമായിരുന്നു” – വിശുദ്ധ പറയുന്നു.

തന്റെ ഇന്ദ്രിയങ്ങളുപയോഗിച്ച് ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് ഇവിടെ എത്തിച്ചേരുന്ന ഒരു പാപി മരണാനന്തര ജീവിതകാലം മുഴുവന്‍ ഈ പീഡകള്‍ സഹിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയിരിക്കട്ടെ. ദൈവം ആജ്ഞാപിച്ചതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കണ്ടതൊക്കെ എഴുതുന്നത്. ഇതുമൂലം നരകം എന്നൊരു സ്ഥലമില്ല എന്നുപറഞ്ഞ് ഒരാത്മാവിനും ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ല. അല്ലെങ്കില്‍, ആരും അവിടെ പോയിട്ടില്ലെന്നോ അതിനാല്‍ അത് എപ്രകാരമായിരിക്കുമെന്ന് പറയാന്‍ സാധിക്കുകയില്ലെന്നോ എന്നൊക്കെ ആരും പറയാതിരിക്കാന്‍ വേണ്ടിയാണിത്. ഞാന്‍, സി. ഫൗസ്റ്റീന ദൈവം കല്പിച്ചതനുസരിച്ച് നരകത്തിന്റെ അഗാധതകള്‍ സന്ദര്‍ശിക്കാനിടയാകുകയും അങ്ങനെയൊരു സ്ഥലം യഥാര്‍ഥത്തിലുണ്ടെന്നും അതേപ്പറ്റി, ജീവിച്ചിരിക്കുന്ന മനുഷ്യാത്മാക്കളോട് പറഞ്ഞു മനസ്സിലാക്കാനുംകൂടിയാണ് ഇപ്രകാരം സംഭവിച്ചത്.

ഇത് എഴുതുമ്പോള്‍ അതേപ്പറ്റി പറയാന്‍ സാധിക്കുന്നില്ലെങ്കിലും എഴുതാന്‍ ദൈവം എന്നോട് ആജ്ഞാപിച്ചു. ഇതുമൂലം പിശാചുക്കള്‍ എന്നെ വളരെയധികം  വെറുത്തെങ്കിലും ദൈവത്തിന്റെ ആജ്ഞയ്ക്കുമുമ്പില്‍ അവര്‍ക്ക് എന്നെ അനുസരിക്കേണ്ടതായിവന്നു. ഞാന്‍ യഥാര്‍ഥമായി കണ്ട നരകത്തിന്റെ ഒരു മങ്ങിയ നിഴല്‍മാത്രമാണ് ഇവിടെ വിവരിച്ചത്. നരകവും ഇത്തരം അവസ്ഥകളും ഇല്ലായെന്നു  വിശ്വസിച്ചിരുന്ന ആത്മാക്കളെയാണ് വളരെ കൂടുതലായി അവിടെ കാണാന്‍ കഴിഞ്ഞതെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മടങ്ങിയെത്തിയപ്പോള്‍ ഇതൊക്കെ കണ്ടതുമൂലമുണ്ടായ ഭീതിയില്‍നിന്നും ഒട്ടുംതന്നെ വിമുക്തയായിട്ടില്ലായിരുന്നു. ആത്മാക്കള്‍ എത്രയധികം ഭയാനകമായവിധത്തില്‍ നരകത്തില്‍ സഹിക്കുകയും ക്ലേശിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു.”

ഈ ദര്‍ശനം കണ്ടതിനെതുടര്‍ന്ന് വിശുദ്ധ, വളരെ തീക്ഷ്ണമായി പ്രാർഥിക്കാനും അനേകരോട് നരകത്തെക്കുറിച്ചുള്ള ദര്‍ശനം സൂചിപ്പിക്കാനുംതുടങ്ങി. അങ്ങനെ തിന്മയില്‍ ജീവിച്ചിരുന്ന ധാരാളംപേര്‍ അനുതപിക്കുകയും അവര്‍ ദൈവത്തോട് ചേര്‍ന്നുജീവിക്കുകയും ചെയ്തു. ഓര്‍മ്മിക്കുക, പല മാധ്യമങ്ങളും ഇന്ന് മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റാനുളള പരിശ്രമത്തിലാണ്. ഇവിടെ ദൈവത്തോടു ചേര്‍ന്നുനില്‍ക്കുക എന്നതാണ് വിശ്വാസിയുടെ പരമപ്രധാനമായ ദൗത്യം. നരകവും സ്വര്‍ഗവുമില്ലെന്നു പ്രചരിപ്പിക്കുന്നവര്‍ ദൈവമില്ലെന്നുതന്നെയാണ് പ്രചരിപ്പിക്കുന്നതും. അതിനാല്‍, അന്ധകാരത്തിന്റെ വാക്കുകള്‍ തിരിച്ചറിയാനും അതില്‍നിന്ന് പിന്തിരിയാനും നമുക്കു കഴിയട്ടെ.