നല്ല സമരിയാക്കാരന്‍

തിരുഹൃദയസ്പന്ദനങ്ങള്‍- 3

കള്ളന്മാരുടെ കയ്യിലകപ്പെട്ട പാവം മനുഷ്യൻ ശരീരമാസകലം മുറിവുകളേറ്റ്, മരണവുമായി മല്ലടിച്ച് വഴിയരികില്‍ കിടക്കുന്നു (ലൂക്കാ 10:25). പുരോഹിതനും ലേവായനും അദ്ദേഹത്തെ സഹായിക്കുന്നില്ല. അതാ സമരായന്‍ വരുന്നു. കണ്ടമാത്രയില്‍, ഒരു യാത്രയിലായിരുന്നിട്ടുകൂടി അദ്ദേഹം, വേഗം വീണുകിടക്കുന്നവന്റെ അടുക്കലെത്തുന്നു. അവന്‍റെ മുറിവുകള്‍ സ്വന്തം തുണികള്‍ ഉപയോഗിച്ച് വച്ചുകെട്ടുന്നു. തന്‍റെ യാത്രക്ക് ഉപയോഗിക്കാനായി വച്ച എണ്ണയും വീഞ്ഞും എടുത്ത് ശുശ്രൂഷിക്കുന്നു. തന്‍റെ കഴുതയുടെ പുറത്ത് കയറ്റുന്നു,. കള്ളന്മാരുടെ കയ്യിലകപ്പെട്ടവനെ സത്രത്തില്‍ കൊണ്ടുചെന്നു സ്വന്തം സഹോദരനെപ്പോലെ പരിചരിക്കുന്നു. അവസാനം അവന്‍റെ ശുശ്രൂഷയുടെ ചിലവും വഹിക്കുന്നു. ഇക്കാലത്ത് ചിന്തിക്കാന്‍ പോലുമാകാത്ത ഒരു കാര്യം. ഇതെങ്ങനെ സംഭവിച്ചു?

33-ആം വാക്യത്തിന്റെ അവസാനം പറയുന്നവാക്ക് ശ്രദ്ധേയമാണ്. “അവന്‍റെ മനസ്സലിഞ്ഞു”. സമരായന്‍ ചെയ്തതിന്റെ എല്ലാം പിറകില്‍ അവന്‍റെ മനസ്സലിഞ്ഞു എന്നതാണ് കാരണം. അവന്‍റെ ഹൃദയത്തില്‍ വീണുകിടക്കുന്നവന്റെ നൊമ്പരം അനുഭവിക്കുവാന്‍ അവനു സാധിച്ചു. വീണുകിടക്കുന്നവന്റെ നൊമ്പരം അവന്‍റെ സ്വന്തം നൊമ്പരമായി മാറി.

എന്റെയും നിങ്ങളുടെയും ജീവിതത്തില്‍ വീണുകിടക്കുന്നവരെയും, കരയുന്നവരെയും, നിരാശയില്‍ പതിച്ചവരെയും നാം കണ്ടിട്ടുണ്ടാകാം. പക്ഷെ നാമാരും അടുത്ത് ചെന്നില്ല, പരിചരിച്ചില്ല, ശുശ്രൂഷിച്ചില്ല, കാര്യങ്ങള്‍ നോക്കി നടത്തിയില്ല എങ്കില്‍ അതിനു കാരണം നമ്മുടെ ഹൃദയങ്ങള്‍  അലിഞ്ഞില്ല എന്നുള്ളതാണ്. ഇത് ഹൃദയങ്ങള്‍ അലിയിക്കേണ്ട സമയം. അയല്‍ക്കാരന്റെ നൊമ്പരങ്ങള്‍ എന്റെയും നൊമ്പരമാകേണ്ട സമയം. അവന്റെയും എന്റെയും കണ്ണീരിനു ഒരേ രുചിയാണെന്നു തിരിച്ചറിയേണ്ട സമയം.

തിരുവചനം: അവിടുന്ന് നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ, നിന്റെ ഉദ്ധ്യമങ്ങൾ സഫലമാക്കട്ടെ (സങ്കീ 20:4)

സുകൃത ജപം: ഈശോയുടെ ദിവ്യഹൃദയമേ എന്‍റെ മേല്‍ ദയയായിരിക്കണമേ.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.