തിരുഹൃദയവണക്കം: അഞ്ചാം ദിവസം

ജപം

എന്റെ രക്ഷകനും സ്രഷ്ടാവുമായ ദൈവമേ! ഗാഗുല്‍ത്താ മലയില്‍ അങ്ങേ മരണ സമയത്ത് ഞാനും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രമാത്രം ഭാഗ്യവാനാകുമായിരുന്നു! കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട അങ്ങേ തിരുഹൃദയത്തില്‍ നിന്നും ഒഴുകിക്കൊണ്ടിരുന്ന ദിവ്യരക്തം എന്റെ ഹൃദയത്തിലേക്ക് വീണിരുന്നുവെങ്കില്‍ ഞാന്‍ എത്ര പരിശുദ്ധനാകുമായിരുന്നു. മാധുര്യപൂര്‍ണ്ണനായ ഈശോയേ! ആദ്യബലി ദിവസം ഗാഗുല്‍ത്തായിലെ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്നതിനുള്ള ഭാഗ്യം കിട്ടിയില്ലായെങ്കിലും അങ്ങേത്തന്നെ ദിവ്യപൂജയില്‍ നിത്യപിതാവിങ്കല്‍ കാഴ്ച സമര്‍പ്പിക്കുന്ന അവസരത്തില്‍ കുരിശിനു കീഴില്‍ അങ്ങയോടുകൂടി ഉണ്ടായിരുന്നവര്‍ക്കു ലഭിച്ച അതെ ഭാഗ്യം തന്നെ എനിക്കു ലഭിക്കുമെന്നു പൂര്‍ണ്ണമായി ഞാന്‍ വിശ്വസിക്കുന്നു.

സ്നേഹനാഥനായ എന്റെ ഈശോയേ! കഴിഞ്ഞ ജീവിത കാലത്തില്‍ ദിവ്യപൂജയില്‍ അങ്ങയെ ആരാധിക്കാതെയും അങ്ങേ അനന്തമായ സ്നേഹം ഓര്‍ക്കാതെയും പോയിട്ടുണ്ട് എന്നുള്ളത് വാസ്തവം തന്നെ. ദയാനിധേ, എന്റെ നന്ദിഹീനതയെ വീക്ഷിക്കാതെ അങ്ങേ കൃപയാല്‍ എന്നോടു ക്ഷമിക്കണമേ. ഇനി അവശേഷിച്ചിരിക്കുന്ന ജീവിതകാലം സാധ്യമായ വിധം ഈ ദിവ്യപൂജയില്‍ അങ്ങയെ ആരാധിക്കാനും സ്തുതി സ്തോത്രങ്ങള്‍ സമര്‍പ്പിക്കുവാനും ഞാന്‍ സന്നദ്ധനാണെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

സുകൃതജപം

പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയേ, അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.