
ജപം
പരിശുദ്ധ കുര്‍ബ്ബാനയില്‍ എന്നോടുള്ള സ്നേഹത്തെപ്രതി എഴുന്നള്ളിയിരിക്കുന്ന കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, സകല നന്മകളും അടങ്ങിയിരിക്കുന്ന ആത്മീയവിരുന്നേ! മാലാഖമാരുടെ ദിവ്യഭോജനമേ! മോക്ഷവാസികളുടെ സന്തോഷമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ ആരാധിക്കുന്നു. പൂര്‍ണ്ണ ഹൃദയത്തോടുകൂടെ സ്നേഹിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ! അങ്ങ് ഈ പരമരഹസ്യത്തില്‍ എന്നോടു കാണിക്കുന്ന അളവറ്റ കൃപയെ ആരുടെ നാവാല് പറഞ്ഞറിയിക്കാന്‍ സാധിക്കും. ഈ ദിവ്യകൂദാശയില്‍ അങ്ങേ മഹിമയ്ക്കു തക്ക യോഗ്യതയോടു കൂടെ അങ്ങയെ ഉള്‍ക്കൊള്ളുന്നതിനു ആര്‍ക്കു കഴിയും? പരമപിതാവായ ഈശോയെ! അങ്ങേ അറുതിയില്ലാത്ത കൃപയാല്‍ എന്നില്‍ എഴുന്നള്ളി വരണമേ. എപ്പോഴും അങ്ങേ തിരുശരീരത്തെ യോഗ്യതയോടു കൂടെ ഉള്‍ക്കൊള്ളുവാന്‍ അങ്ങ് തന്നെ എനിക്ക് ഇടവരുത്തിയരുളണമേ.
മാധുര്യം നിറഞ്ഞ ഈശോയെ! എന്റെ അവസാനത്തെ വചനങ്ങള്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ മാതാവിന്റെയും തിരുനാമങ്ങള് ആയിരിക്കട്ടെ. എന്റെ അന്ത്യഭോജനം ആയുസ്സിന്റെ അപ്പമായിരിക്കുന്ന അങ്ങേ തിരുശരീരവും ആയിരിക്കുമെന്ന് ഞാന്‍ ശരണപ്പെടുന്നു. കര്‍ത്താവേ! അങ്ങുതന്നെ എനിക്കതിനു ഇടവരുത്തിയരുളണമേ.
സുകൃതജപം
സ്നേഹംതന്നെയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയത്തിന് അനുയോജ്യമാക്കണമേ.