
ജപം
മനുഷ്യരക്ഷമേല്‍ ഇത്രയും താല്പര്യമുള്ള ഈശോയെ! കൃപനിറഞ്ഞ പിതാവേ! ഇതാ ഞാന്‍ അങ്ങേ തിരുസന്നിധിയില്‍ എന്റെ പാപങ്ങളില്‍ന്മേല്‍ മനസ്താപപ്പെട്ടു നില്ക്കുന്നു. മാധുര്യം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങുമാത്രം എന്റെ അവസാന നാഴികയും പിന്നീട് എനിക്ക് സംഭവിപ്പാനിരിക്കുന്നതും അറിയുന്നു. കര്‍ത്താവേ! അങ്ങേ അളവറ്റ കൃപയാല്‍ എനിക്ക് ഒരു നല്ലമരണവും നല്ല വിധിയും കിട്ടുമെന്ന് ശരണപ്പെടുന്നു.
കാരുണ്യം നിറഞ്ഞ ഈശോയേ! എന്റെ അവസാനത്തെ ആ നാഴിക ഇപ്പോള്‍തന്നെ അങ്ങേയ്ക്കു കയ്യേല്‍പ്പിചിരിക്കുന്നു. എന്റെ കാലുകള്‍ ഇളക്കുവാന്‍ വയ്യാതെയും കൈകള്‍ വിറച്ചു മരവിച്ച് കുരിശിന്മേല് പതിക്കപ്പെട്ട അങ്ങയെ പിടിച്ചു തഴുകുവാന്‍ പാടില്ലാതെയിരിക്കുമ്പോഴും മരണ ഭയത്താല്‍ കണ്ണുകള്‍ ഇരുണ്ട് അങ്ങയെ നോക്കി അങ്ങേ തിരുനാമം വിളിക്കുന്ന ആ സമയത്തിലും മരണസമയത്തില്‍ എന്റെ രക്ഷയുടെ ശത്രുക്കളോടു യുദ്ധം ചെയ്യുമ്പോഴും, കരുണ നിറഞ്ഞ ഈശോയെ, എന്റെ മേല്‍ കൃപയായിരിക്കണമേ. ആ ഭയങ്കര സമയത്തില്‍ എന്റെ സകല പാപങ്ങളും നന്ദികേടുകളും ഓര്‍ക്കാതെ അങ്ങേ അളവറ്റ സ്നേഹത്തെയും ദയയും എന്നോടു കാണിച്ചരുളണമേ. എന്റെ പാപം നിന്റഞ്ഞ ആത്മാവ് ശരീരത്തില്‍ നിന്നു വേര്പിരിയുമ്പോള് അങ്ങേ തിരുരക്തത്താല്‍ അതിനെ കഴുകി ശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കൈക്കൊള്ളണമെന്ന് സാഷ്ടാംഗം വീണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
സുകൃതജപം
ഭൂലോകപാപങ്ങളെ നീക്കുന്ന കുഞ്ഞാടായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.