യേശുവിന്റെ കുരിശുമരണത്തിന്റെ 5 തിരുശേഷിപ്പുകൾ  

യേശുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവും ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ്. യേശുവിന്റെ കുരിശു മരണത്തിന്റെ ധാരാളം തിരുശേഷിപ്പുകൾ ലോകമെമ്പാടുമുണ്ട് എന്നാൽ ലോകപ്രസിദ്ധമായ അഞ്ചു തിരുശേഷിപ്പുകളെ നമുക്കു പരിചയപ്പെടാം.

1. വിശുദ്ധ കുരിശിന്റെ ശീർഷകം  (The Titulus Crucis)

ലത്തീൻ ഭാഷയയിൽ തിത്തലൂസ് ക്രൂച്ചിസ് (Titulus Crucis ) എന്നറിയപ്പെടുന്ന യേശുവിനെ കുരിശിൽ തറച്ച കുരിശിന്റെ ഭാഗമായി വിശ്വസിക്കുന്ന കുരിശിന്റെ ഭാഗം റോമിലുള്ള സാന്താ ക്രോച്ചേ  ( Santa Croce)  എന്ന ദൈവാലയത്തിൽ സംരക്ഷിച്ചിരിക്കുന്നു. യേശുവിന്റെ കുരിശിന്റെ മുകളിൽ ” യൂദമാരുടെ രാജാവ് ” എന്ന പീലാത്തോസ് ഹീബ്രു, ലത്തീൻ ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതിയ ഫലകമാണിത്.(യോഹ 19: 19-22).

2. വിശുദ്ധ അങ്കി (The Holy Tunic )

യേശുവിന്റെ കുരിശു മരണത്തിനു മുമ്പ് അണിഞ്ഞിരുന്നതായി വിശ്വസിക്കുന്ന തുന്നലില്ലാതെ നെയ്യപ്പെട്ട വസ്ത്രമാണിത്. ജർമ്മനിയിലെ ട്രിയർ രൂപതയിലെ കത്തീഡ്രൽ ദൈവാലയത്തിലാണ് ഈ വിശുദ്ധ വസ്ത്രം സംരക്ഷിച്ചിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ  “പടയാളികൾ യേശുവിന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു – ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മകൾ മുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.”  (യോഹ 19: 23-24) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

3. വിശുദ്ധ കുന്തം  (The Holy Lance)

ഈ വിശുദ്ധ കുന്തം, ദൈവകൽപിതത്തിന്റെ കുന്തം, ലോങ്ങിനൂസിന്റെ കുന്തം, ക്രിസ്തുവിന്റെ കുന്തം എന്നീ പേരുകളിൽ അറിയപ്പെടുന്നു. യോഹന്നാൻ യേശുവിന്റെ കുരിശുമരണം വിവരിക്കുമ്പോൾ ” പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി” (യോഹ 19: 34) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഈ തിരുശേഷിപ്പിന്റെ ഒരു ഭാഗം റോമിലുള്ള വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ മുഖ്യ അൾത്താരയുടെ തൂണിൽ സ്ഥാപിച്ചിരിക്കുന്നു. മറ്റൊരു ഭാഗം ആസ്ട്രിയയിലെ വിയന്നായിലുള്ള ഹാബ്സ് ബുർഗ് ഇംപീരിയൽ ട്രെഷറിയിൽ (Habsburg Imperial Treasury) സൂക്ഷിച്ചിരിക്കുന്നു.

4. വിശുദ്ധ കോവണിപ്പടികൾ  (The Holy Stairs)

വിശുദ്ധ കോവണിപ്പടികൾ സ്കാളാ ഷാന്താ (Scala Sancta) എന്നാന്ന് ലത്തീൻ ഭാഷയിൽ അറിയപ്പെടുക. ക്രിസ്തീയ പാരമ്പര്യമനുസരിച്ച്  ജറുസലേമിലുള്ള പീലാത്തോസിന്റെ പ്രൊത്തോറിയത്തിലേക്കു നയിക്കുന്ന കോവണിപ്പടികളാണിത്. ഈ പടികളിലൂടെയാണ് യേശു പീലാത്തോസിന്റെ അടുത്തേക്കു പോകുന്നതും വിചാരണ വേളയിൽ നിലകൊണ്ടതും. ഈ പടികൾ നാലാം നൂറ്റാണ്ടിൽ വിശുദ്ധ ഹെലെനാ രാജ്ഞി റോമിലേക്കു കൊണ്ടുവരുകയും സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ സ്ഥാപിക്കുകയും ചെയ്തു. 28 മാർബിൾ പടികൾ തടികൊണ്ടു അവരണം ചെയ്താണു സംരക്ഷിച്ചിരിക്കുന്നത്.

5. ടൂറിനിലെ തിരുക്കച്ച (The Shroud of Turin)

ടൂറിനിലെ തിരുക്കച്ചയാണ്  മാനവ ചരിത്രത്തിൽ പ്രസിദ്ധമായതും ശാസ്ത്രീയമായ പരീക്ഷണത്തിനു വിധേയമായതുമായ യേശുവിന്റെ തിരുശേഷിപ്പ്.1898 മെയ് മാസം ഇരുപത്തിയെട്ടാം തീയതി  സെക്കൻഡോ പിയ എന്ന ഫോട്ടോഗ്രാഫർ ഈ തിരുക്കച്ചയുടെ ചിത്രത്തിന്റെ നെഗറ്റീവ് പരിശോധിക്കുമ്പോഴാണ് യേശുവിന്റെ രൂപം അതിൽ ആദ്യമായി കാണുന്നത്. ഈ ചിത്രം ടൂറിനിലെ കത്തീഡ്രലിൽ പ്രദർശിപ്പിക്കാൻ അദ്ദേഹത്തിനു പിന്നീടു അനുവാദം നൽകി. 1958ൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ യേശുവിന്റെ തിരുമുഖ ഭക്തിയുടെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിനു അനുമതി നൽകി.

1 COMMENT

  1. തിരുവസ്ത്രം എന്ത് കൊണ്ടാണ് നാലായി ഭാഗിച്ചത്?. നാല് പടയാളികൾ മാത്രമാണോ യേശുവിൻ്റെ കുരിശു മരണത്തിൽ പങ്കെടുത്തത്?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.