തൊടുപുഴ: പുല്ലുവഴിക്കെന്താനന്ദം മഹിമയെഴും ദിനമതുപുളകം… സിസ്റ്റര്‍ റാണി മരിയ ഇന്നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുമ്പോള്‍ റാണി മരിയ ഗാനവും ശ്രദ്ധേയമാകുന്നു.
ബേബി ജോണ്‍ കലയന്താനി രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം യു ട്യൂബില്‍ അപ്‌ലോഡ് ചെയ്ത ആദ്യ ദിനം തന്നെ 67,000 പേര്‍ കാണുകയും മൂവായിരം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
വില്‍സന്‍ പിറവം ആലപിച്ച് ഉണ്ണി രാമപുരം കാമറയും എഡിറ്റിംഗും ചെയ്തിരിക്കുന്ന ഗാനം വിശുദ്ധര്‍ എന്ന ആല്‍ബത്തിനായാണ് ചിട്ടപ്പെടുത്തിയത്. ലിസി ഫെര്‍ണാണ്ടസാണ് ആല്‍ബം ഡയറക്ടര്‍. കൊച്ചി ഗീതം സ്റ്റുഡിയോയില്‍ വച്ച് ഒരുക്കിയിരിക്കുന്ന ആല്‍ബത്തിന്റെ റിക്കാര്‍ഡിംഗിന് നേതൃത്വം നല്‍കിയത് ജിന്റോ ജോണ്‍ ആണ്.
ഗാനം ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളിലും ഒരുക്കാന്‍ ഫാ. ജെസ്റ്റി ചൊവ്വാല്ലുരിന്റെയും പ്രദീപ് ദീപക്കിന്റെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ 12 രൂപതയുടെ റിജണല്‍ കമ്യൂണിക്കേറ്റിവ് സെന്ററായ നവസാധന കമ്യൂണിക്കേഷന്‍ മുന്‍കൈയെടുത്താണ് മൊഴിമാറ്റുന്നത്.
ബേബി ജോണ്‍ കലയന്താനി ഇതിനകം 3,700 ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്‍ നാഥനാകും.., ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ, ഒന്നു വിളിച്ചാല്‍ ഓടി എന്റെ അരികിലെത്തും, പരിശുദ്ധപരമാം ദിവ്യകാരുണ്യമേ തുടങ്ങിയ ബേബി ജോണ്‍ രചിച്ച് വിശ്വാസികളുടെ മനസ്സ് കവര്‍ന്ന ഗാനങ്ങളില്‍ചിലതാണ്.