മുറിവുകളാൽ നിറഞ്ഞ ചേച്ചിയുടെ മൃതദേഹത്തെ സ്പർശിച്ചപ്പോൾ ചേച്ചിയുടെ വാക്കുകൾ എന്റെ മനസിൽ നിറഞ്ഞു: “പാവങ്ങൾക്കു വേണ്ടി മരിക്കേണ്ടി വന്നാലും എനിക്കതിന് പേടിയില്ല. ഈശോയ്ക്ക് വേണ്ടി ഞാൻ അതിന് തയാറാണ്”. എന്റെ മനസിന്റെ ഭാരം കുറഞ്ഞു. സിസ്റ്റേഴ്സ് എന്നെ അടുത്ത മുറിയിലേയ്ക്ക് കൊണ്ടുപോയി അവിടെ ഇരുത്തി. അവിടെ ഇരുന്നു കൊണ്ട് ചേച്ചിയെ എനിക്ക് കാണാമായിരുന്നു. എന്റെ മനസു തേങ്ങി, ചേച്ചിയുടെ ആഗ്രഹം പൂർത്തീകരിച്ചു. എങ്കിലും എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാൻ ആയില്ല.
വനത്തിലെ റോഡിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ ആരുമില്ലാതെ നിസ്സഹായയായി രക്തം വാർത്തൊലിച്ച് ഇഞ്ച് ഇഞ്ച് ആയി അവസാന ശ്വാസം വലിക്കുന്ന രംഗം എനിക്ക് സഹിക്കാവുന്നതായിരുന്നില്ല. കുരിശിൽ പിടയുന്ന ഈശോ എന്റെ മനസിലേക്ക് വന്നു. ഞാൻ ഈശോയോടു ചോദിച്ചു: “ഈശോയെ നീ കുരിശിൽ കിടന്നു പിടയുന്ന സമയത്ത് നിന്റെ പ്രിയപ്പെട്ട അമ്മയും ശിഷ്യനും മറ്റു സ്ത്രീകളും നിന്റെ കുരിശിന്റെ താഴെ ഉണ്ടായിരുന്നല്ലോ അത് നിനക്ക് വലിയൊരു ആശ്വാസം ആയിരുന്നില്ലേ. ഒരു കുഞ്ഞിനെ പോലും എന്റെ ചേച്ചിയുടെ അടുത്തുണ്ടാകുവാൻ നീ അനുവദിച്ചില്ലല്ലോ. എന്റെ ചേച്ചി നന്മ മാത്രമല്ലേ ചെയ്തിട്ടുള്ളു”. ഇതു തന്നെ ഞാൻ ആവർത്തിച്ചു കൊണ്ടിരുന്നു. അങ്ങനെ എന്റെ മനസ്സ് സാവധാനം ആഴമായ ഒരു മൗനത്തിലായി. അപ്പോൾ ഞാൻ ഒരു സ്വരം കേട്ടു: “ഞാനും അമ്മയും അവളുടെ അടുത്തുണ്ടായിരുന്നു അതു പോരെ നിനക്ക്”. ഈ സ്വരം ഏറെ സമാധാനവും പ്രതീക്ഷയും എനിക്ക് നൽകി. ദൈവത്തിന്റെ പ്രത്യേക ഇടപെടൽ എനിക്കതിൽ അനുഭവിക്കാൻ കഴിഞ്ഞു. കൊലയാളികൾ ദൈവത്തിന്റെ കൈകളിലെ ഉപകരണങ്ങൾ മാത്രമായിരുന്നു എന്ന് എനിക്ക് തോന്നി. അവരോട് ആത്മാര്‍ത്ഥമായി ക്ഷമിക്കുവാനുള്ള കൃപ ക്രൂശിതനിൽ നിന്നും എനിക്ക് ലഭിച്ചു.
ക്രൂശിതനായ ഈശോയെ പോലെ, ശരീരം മുഴുവൻ മുറിവുകൾ ഏറ്റ്, തന്റെ ജനത്തിന് വേണ്ടി മരിക്കുവാനുള്ള വലിയ കൃപയാണ് ഈശോ ചേച്ചിയ്ക്കു സമ്മാനിച്ചത് എന്ന് എനിക്ക് തോന്നി. 1995 ഫെബ്രുവരി 27 തീയതി ചേച്ചിയുടെ പാവന ശരീരം ശവസംസ്കാര ചടങ്ങുകൾക്കായി ഇൻഡോറിൽ നിന്നും ഉദയ നഗറിലേക്ക് കൊണ്ട് പോയി. ഒരു ക്യാൻസർ രോഗിയായിരുന്ന എന്റെ ആരോഗ്യ സ്ഥിതി വ്യക്തമായി അറിഞ്ഞിരുന്ന പ്രൊവിൻഷ്യൽ സി. സ്റ്റാൻലി എനിക്കുവേണ്ടി ആംബുലൻസ് തയാറാക്കിയിരുന്നു. എന്നാൽ ചേച്ചിയുടെ പാവന ശരീരം വച്ചിരുന്ന ബസിൽ ചേച്ചിയുടെ അടുത്തിരുന്നു യാത്ര ചെയ്യണമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. സിസ്റ്റർ സ്റ്റാൻലി അത് അനുവദിച്ചു. അന്ന് ആദ്യം ആയിട്ടാണ് 105 കിലോമീറ്റർ ദൂരം യാതൊരു ബുദ്ധിമുട്ടും കൂടാതെ ഞാൻ യാത്ര ചെയ്തത്. എന്റെ മാതാപിതാക്കളും സഹോദരങ്ങളും അതു വരെ എത്തിച്ചേർന്നിരുന്നില്ല. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ആ കാര്യവും ഞാൻ ചേച്ചിയെ തന്നെ ഏല്പിച്ചു. അത് ചേച്ചി ഭംഗിയായി നിർവഹിച്ചു എന്നതിന്റെ സൂചനയായി ബാഗിലിൽ വച്ച് എന്റെ അപ്പച്ചനും സഹോദരങ്ങളും ബസിലേക്ക് കയറി വന്നപ്പോൾ എന്റെ മൂത്ത സഹോദരൻ സ്റ്റീഫൻ എന്നെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു: “മോളെ ചേച്ചി ഭാഗ്യവതിയാണല്ലോ. ചേച്ചിയുടെ ആഗ്രഹം സാധിച്ചല്ലോ” എന്ന്. ചേച്ചി തന്നെയാണ് അവർക്ക് ഈ ധൈര്യം പകർന്നു കൊടുത്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ശവസംസ്കാരത്തിന് ശേഷം ഞാൻ ഉദയനഗറിൽ ചേച്ചിയുടെ കോൺവെന്റിൽ തന്നെ ജീവിച്ചു. ചേച്ചിയുടെ മുറിയിൽ, ചേച്ചിയുടെ കട്ടിലിൽ തന്നെ കിടക്കുവാനും ചേച്ചിയുടെ പ്രവർത്തന മേഖലകൾ കാണുവാനും എനിക്ക് ഭാഗ്യം ലഭിച്ചു. ചേച്ചിയുടെ മരണശേഷം ദുഃഖവെള്ളിയാഴ്ച ദിവസം ആദ്യമായാണ് എന്റെ അമ്മ ഉദയാനഗറിൽ എത്തുന്നത്. ഒരു ആഴ്ചയോളം അമ്മ ഞങ്ങളുടെ കൂടെ താമസിച്ചു. അമ്മയും ഞാനും കൂടെ എന്നും ചേച്ചിയുടെ കബറിടത്തിങ്കൽ പോകുമായിരുന്നു. ഒരു ദിവസം ഞാൻ ചോദിച്ചു; “അമ്മേ പോകുന്ന വഴി ചേച്ചിയുടെ കൊലയാളികളെ കണ്ടാൽ അമ്മ എന്തു ചെയ്യും”? അമ്മ ഉടനെ പറഞ്ഞു “ഞാൻ അവന്റെ കൈകൾ പിടിച്ച് ഉമ്മ വയ്ക്കും. എന്റെ പൊന്നുംകട്ടയുടെ രക്തം വീണ കൈകൾ ആണ് അത്.” ഇത് കേട്ട ഞാൻ അത്ഭുതപ്പെട്ടു പോയി. അമ്മയ്ക്ക് ഈ ധൈര്യം പകർന്ന ദൈവത്തെ ഞാൻ സ്തുതിച്ചു. എന്റെ മാതാപിതാക്കൾക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും ക്ഷമിക്കുവാനുള്ള കൃപ ലഭിച്ചത് ചേച്ചി തന്റെ കൊലയാളികളോട് ക്ഷമിച്ചതുകൊണ്ട് മാത്രമാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഞാൻ ചേച്ചിയുടെ കോൺവെന്റിൽ ചിലവഴിക്കുന്ന കാലം, 1995 നവംബറിൽ മാരകമായ മലേറിയയും മഞ്ഞപ്പിത്തവും എന്നെ പിടികുടി. എന്നെ ഭോപ്പാലിലേക്ക് കൊണ്ടുപോയി. ലിവർ ക്യാൻസറിന്റെ അവസാനം മഞ്ഞപ്പിത്തമാണെന്ന് മനസിലാക്കിയിരുന്ന ഞാൻ എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന് കരുതി. അതിശക്തമായ പനി ആറു ദിവസം നീണ്ടു നിന്നു. മാതാപിതാക്കളും സഹോദരങ്ങളും വരാൻ ഒരുങ്ങി. എന്റെ രോഗാവസ്ഥക്ക് പെട്ടന്നൊരു വ്യത്യാസം വന്നു, എന്നെ ഡിസ്സ്റ്റാർജ് ചെയ്തു. ഞാൻ ഭോപ്പാൽ ബിഷപ് ഹൗസിൽ വിശ്രമിക്കുമ്പോള്‍ ഒരു ദിവസം പകൽ ഞാൻ അല്പം മയങ്ങുന്ന സമയം ഞാൻ ഒരു സ്വപ്നം കണ്ടു. ഞാൻ രോഗിയായി കിടക്കുന്നു. നാട്ടിൽ നിന്ന് വന്ന എന്റെ സഹോദരങ്ങൾ എന്റെ കട്ടിലിന്റെ അടുക്കൽ നില്ക്കുന്നു, ചേച്ചി സി. റാണി എന്നെ ശുശ്രൂഷിച്ചിട്ട് തിരിച്ചു പോകാനായി സ്യൂട് കെയ്സ് പാക്ക് ചെയ്യുന്ന രംഗമാണ് ഞാൻ കണ്ടത്. ഞാൻ മനസ്സിൽ ഓർത്തു ഇത് ചേച്ചിയാണല്ലോ, ചേച്ചി മരിച്ചു പോയതാണല്ലോ, ചേച്ചിയെങ്ങനെ ഇവിടെ എത്തി?. അപ്പോൾ എന്റെ കസിൻ ആയ സിസ്റ്റർ സോണി മരിയ ചോദിച്ചു. “റാണി അന്ന് ഒത്തിരി മുറിവുണ്ടായിരുന്നല്ലോ അതൊക്കെ കരിഞ്ഞോണങ്ങിയോ”? അപ്പോൾ ചേച്ചി പറഞ്ഞു ഒരു മുറിവ് മാത്രമേ ആഴത്തിൽ ഉണ്ടായിരുന്നുള്ളു അതുമുണങ്ങി. അപ്പോൾ ഞാൻ കണ്ണു തുറന്നു. ഇത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. സിസ്റ്റർ സ്റാൻലിയോട് ഇത് പറഞ്ഞു. അപ്പോൾ സിസ്റ്റർ പറഞ്ഞു “സെൽമിക്ക് തീരെ വയ്യാതെ വന്നപ്പോൾ ഞങ്ങൾ സിസ്റ്റർ റാണിയുടെ മാധ്യസ്ഥം വഴിയാണ് പ്രാത്ഥിച്ചത്. റാണി തന്നെയാണ് സിസ്റ്റർ സെൽമിയെ സുഖപ്പെടുത്തിയത്.”
എന്റെ വിശ്വാസം ഉറപ്പിക്കുന്നതിനായി എന്റെ അനുജത്തി ലൂസിക്കും ഒരു അനുഭവം ഉണ്ടായി. അവൾക്ക് എന്റെ അസുഖത്തെ പറ്റി ഒന്നും അറിയില്ലായിരുന്നു. അവളുടെ സ്വപ്നം ഇങ്ങനെയായിരുന്നു. ലൂസി കൊച്ചിനെ കൊണ്ട് ഏതോ ഒരു ആശുപത്രിയിൽ ചെല്ലുന്നു, അടുത്തുള്ള മുറിയിൽ ഞാൻ പനിച്ചു വിറച്ചു കിടക്കുന്നു. ചേച്ചി എന്നെ ശുശൂഷിച്ചു കൊണ്ടിരിക്കുന്നു. ചേച്ചിയെ കണ്ടപ്പോൾ അവൾ ചോദിച്ചു “ചേച്ചി മരിച്ചു പോയതല്ലേ, എന്താണ് ഇവിടെ ഇരിക്കുന്നത്”? ചേച്ചി പറഞ്ഞു “സഹോദരിമാര്‍ പള്ളിയിൽ പോയിരിക്കുകയാണ്. ഇവളുടെ അടുത്താരുമില്ല. ഇവൾക്ക് നല്ല പനിയാണ്. അതു കൊണ്ടാണ് ഞാൻ വന്നത്.” അതുകേട്ട ഉടനെ അവളും കണ്ണു തുറന്നു. അവളുടെ ഈ സ്വപ്നവും കൂടി കേട്ടപ്പോൾ എനിക്ക് പൂർണ വിശ്വാസം ആയി ചേച്ചി എന്റെ രോഗവേളയിൽ എന്റെ കൂടെ ഉണ്ടായിരുന്നു എന്നും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു എന്നും. അങ്ങനെ എനിക്ക് രോഗ ശാന്തി കിട്ടിയെന്ന് പൂർണമായി വിശ്വസിക്കുന്നു. എന്റെ വൻകുടലിന്റെ ഓപ്പറേഷന് കഴിഞ്ഞിട്ട് ഇപ്പോൾ 26 വർഷങ്ങൾ കഴിഞ്ഞു. ഇന്ന് പൂർണമായ ആരോഗ്യം എനിക്കുണ്ട്. ദൈവത്തിന് സ്തുതിയും മഹത്വവും.
ചേച്ചിയെ പറ്റി ഒരു വാക്കുകൂടി. ദൈവപിതാവിന്റെ വ്യവസ്ഥകളില്ലാത്ത സ്നേഹവും കരുണയും കവിഞ്ഞൊഴുകുന്നതായിരുന്നു റാണിയുടെ ജീവിതവും മരണവും. സമൂഹത്തിൽ ഒന്നും അല്ലാതിരുന്നവർക്കും ഒന്നുമില്ലാതിരുന്നവർക്കും അവൾ എല്ലാമായി തീർന്നു. ഇതെല്ലാം ഒരു വലിയ രഹസ്യവും അത്ഭുതവുമായി എനിക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം എങ്ങനെ ചേച്ചി നേടിയെടുത്തു. ദൈവത്തിന്റെ പരിശുദ്ധ ആത്മാവ് ചേച്ചിയെ നയിക്കുകയായിരുന്നു. തന്റെ ജീവിതം അപകടത്തിലാണെന്ന് വ്യക്തമായി ചേച്ചിയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും തന്റെ ദൌത്യത്തിൽ നിന്ന് പിന്മാറിയില്ല. ചേച്ചി വിശ്വസിച്ചത് ധൈര്യമായി ജീവിച്ചു. പാവങ്ങൾക്ക് വേണ്ടി അവരിൽ ഒരാളായി ജീവിച്ചു. അവരുടെ വേദനകൾ ചേച്ചിയുടെ വേദനകൾ ആയിരുന്നു. ഒന്നുമില്ലാത്തവളായി തെരുവിൽക്കിടന്ന് പിടഞ്ഞ്, അവസാന തുള്ളി രക്തം വരെയും ഒഴുക്കി, ഓരോ കുത്തിനും “ഈശോ, ഈശോ” എന്ന് വിളിച്ച് കൊണ്ട് ചേച്ചി തന്റെ മണവാളന്റെ പ്രേമഭാജനമായി മാറി. നന്മയല്ലാതെ ചേച്ചിയൊന്നും ചെയ്തിട്ടില്ല. സമാധാനമല്ലാതെ ചേച്ചിയൊന്നും ആഗ്രഹിച്ചിട്ടില്ല. പക്ഷേ ദൈവരാജ്യത്തിന് വേണ്ടി 54 മുറിവുകൾക്ക് ചേച്ചി ഇരയായി. പ്രതിസന്ധികളില്‍ പതറാത്ത ചേച്ചിയുടെ ധീരോദാത്തമായ ഈ മാതൃക അനുകരിച്ചു കൊണ്ട് ഇന്നത്തെ വെല്ലുവിളികളും പീഡനങ്ങളും നമ്മുക്ക് അഭിമുഖീകരിക്കാം. ജയ് യേശു..