മാര്‍ച്ചിലെ രണ്ടാം ആഴ്ച മുതല്‍ കാനഡയില്‍ ലോക്ഡൗണാണ്. ലോക്ഡൗണിന്റെ ഭാഗമായി കുട്ടികളെല്ലാം വീടുകളില്‍ ബോറടിച്ചു തുടങ്ങിയപ്പോള്‍ അവരെ സജീവമാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ്, കാനഡയില്‍ മതപഠനവിഭാഗത്തിന്റെ കീഴില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള സംഘടനയായ പയസ് അസോസിയേഷന്റെ ആനിമറ്റേഴ്സ് ചില ആക്ടിവിറ്റികള്‍ കുട്ടികള്‍ക്കായി ചിന്തിച്ചു തുടങ്ങിയത്.
അങ്ങനെ ഒന്നാം ക്ലാസ് മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ അംഗങ്ങളായ തിരുബാലസഖ്യത്തിലെ കുട്ടികള്‍ക്കുവേണ്ടി ആനിമറ്റേഴ്സ് വിവിധ ആക്ടിവിറ്റികള്‍ നടത്തി തുടങ്ങി. കുട്ടികളെല്ലാവരും പങ്കാളികളായ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് ആക്ടിവിറ്റികള്‍ അയച്ചു കൊടുക്കും. അക്കൂട്ടത്തിലൊന്നായിരുന്നു 91-ാം സങ്കീര്‍ത്തനം ബുക്കിലെഴുതി അത് ദിവസവും മൂന്നു പ്രാവശ്യം വീതം ചൊല്ലുക എന്നത്. ഒരുപാട് കുട്ടികള്‍ അത് കൃത്യമായി ചെയ്തുപോന്നു.
പിന്നീട് കാനഡയില്‍ കൊറോണ ശക്തി പ്രാപിച്ച സമയത്ത് ആനിമറ്റേഴ്സ് കുട്ടികളോട് 91-ാം സങ്കീര്‍ത്തനത്തിലെ ഓരോ വാക്യം വീതം ഓരോ ദിവസവും കാണാതെ പഠിക്കാന്‍ ആവശ്യപ്പെട്ടു. വചനം പഠിക്കുക എന്നതിനൊപ്പം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. പതിനാറ് വാക്യങ്ങളാണല്ലോ 91-ാം സങ്കീര്‍ത്തനത്തിലുള്ളത്. കുട്ടികള്‍ ഓരോ ദിവസവും അതു പഠിച്ച് ചൊല്ലുന്നതിന്റെ വീഡിയോ ആനിമറ്റേഴ്സിനു അയച്ചു കൊടുത്തു. കുട്ടികളുടെ ഉത്സാഹവും അവരുടെ മാതാപിതാക്കളുടെ പരിശ്രമവും സോഷ്യല്‍മീഡിയയില്‍ കുട്ടികളുടെ അവതരണത്തിനു കിട്ടുന്ന മികച്ച അഭിപ്രായവും കണ്ടപ്പോള്‍ അവയെല്ലാം കൂട്ടിയിണക്കി ഒരൊറ്റ വീഡിയോ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീഡിയോയുടെ എഡിറ്റിഗും മറ്റും നിര്‍വഹിച്ചത് മതപഠനകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ ആയ ജിക്സൺ ജോസ് ആണ്.
ഹമില്ട്ടണിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ഇടവകയുടെ വികാരി ഫാ. തോമസ് വെണ്മാന്തറയുടെ പിന്തുണയും പ്രാര്‍ത്ഥനയും തങ്ങളുടെ എളിയ പ്രയത്നത്തിന് ബലമായി എന്നും ആനിമറ്റേഴ്സ് പറയുന്നു. സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ കാനഡയിലുള്ള ഫാ. ഷാജി തുമ്പേച്ചിറയ്ക്ക് ഈ വീഡിയോ അയച്ചു കൊടുത്തപ്പോള്‍ അച്ചനും അത് വളരെയധികം ഇഷ്ടപ്പെട്ടു. ലോകത്തിനുവേണ്ടി കൊച്ചുകുട്ടികള്‍ നടത്തുന്ന ഈ പ്രാര്‍ത്ഥന എല്ലാവര്ക്കും പ്രചോദനമാകട്ടെ എന്നു പറഞ്ഞ് അച്ചന് തന്റെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പബ്ലിഷ് ചെയ്യാമെന്ന് പറയുകയും ചെയ്തു.
ഇപ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വൈദികര്‍ ഉള്‍പ്പെടെയുള്ളവരുടെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് കൊച്ചുകുട്ടികളുടെ ഈ വലിയ പ്രാര്‍ത്ഥന.