വളരെ എളുപ്പത്തിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാം: ധ്യാനചിന്തകൾ – 2

ബ്ര. എഫ്രേം കുന്നപ്പള്ളി

നമ്മുടെ സംസാരം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കും. ഒരിക്കൽ ഇസിദോർ ബക്കൻ ജാ എന്ന ബാലൻ അദ്ദേഹത്തിന്റെ ബന്ധുവിനോടു കൂടെ നടക്കുകയായിരുന്നു. സഹോദരന്റെ സുഹൃത്തും സഹോദരിയും കൂടെ നടക്കുമ്പോൾ സഹോദരി ഇസിദോറിന്റെ ബന്ധുവിനെ മാന്യതയിലാത്ത രീതിയിൽ അഭിസംബോധന ചെയ്യുന്നു.

ഇതു കണ്ടുകൊണ്ട് ഇസിദോർ പറഞ്ഞു: “സഹോദരീ, എന്റെ ചേട്ടനെ അങ്ങനെ അഭിസംബോധന ചെയ്യരുത്.”

ഇതിൽ രോഷാകുലയായി ആ സഹോദരി ഇസിദോറിനോട് വഴക്കിട്ടു. അന്നുവരെ കൂടെ നടന്നിരുന്ന സുഹൃത്തും അതിനുശേഷം ഇസിദോറിനെയും സഹോദരനെയും കുറ്റം പറഞ്ഞുനടന്നു. ഇസിദോറും സഹോദരനും, തങ്ങളുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ പോലും അവരോട് ക്ഷമ ചോദിച്ചു.

മനുഷ്യരായ നമ്മൾ കുറ്റവും കുറവുകളും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുനടന്നാൽ പ്രശ്നങ്ങൾ വഷളാകുകയേയുള്ളൂ. ഇതിനെ അതിജീവിക്കണമെങ്കിൽ കുറവുകളെ പരിഹരിക്കുവാൻ സാധിക്കുന്നവന്റെ പക്കൽ അത് എത്തിക്കണം. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുതരാന്‍ പരിശുദ്ധ അമ്മയ്ക്ക് നമ്മെ സഹായിക്കാനാകുമെന്നത് നാം ഓർക്കണം.

ആത്യന്തികമായി പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുന്നത് ദൈവത്തിനാണ്. അതുകൊണ്ട് പ്രശ്നങ്ങൾ ദൈവസന്നിധിയിൽ എത്തിക്കുക എന്നതാണ് ഒന്നാമത്തെ തലം. കാനായിലെ വിവാഹവീട്ടിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ പരിശുദ്ധ മറിയം പ്രശ്നങ്ങൾ ദൈവസന്നിധിയിൽ, ഈശോയുടെ പക്കൽ എത്തിച്ചതുപോലെ.

പ്രശ്നപരിഹാരത്തിനുള്ള രണ്ടാമത്തെ വഴി, പ്രശ്നങ്ങളുള്ള വ്യക്തികളെ അവരുടെ പ്രശ്നങ്ങൾ അറിയിക്കുക എന്നതാണ്. ഒരു വ്യക്തിക്ക് എന്തെങ്കിലും കുറവുള്ളതായി നാം അറിയുകയും അത് മറ്റു പലരോടും നമ്മള്‍ പറയുകയും ചെയ്താലും, കുറവുള്ള/ പ്രശ്നങ്ങളുള്ള വ്യക്തി അതിനെക്കുറിച്ച് ബോധവാനാകുന്നില്ലെങ്കിൽ ആ പ്രശ്നം ഒരിക്കലും പരിഹരിക്കുവാൻ സാധ്യമല്ല. അപ്പോള്‍ ഇസിദോർ ചെയ്തതുപോലെ നാം മറ്റുള്ളവരെ ഉപദേശിക്കണം. ചിലപ്പോൾ സൗഹൃദം നഷ്ടമാകും. എങ്കിൽത്തന്നെയും ഈശോമിശിഹായ്ക്കായ് ഒരു ആത്മാവിനെ നേടുകയാണ് അതുവഴി നിങ്ങൾ ചെയ്യുന്നത്.

“നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. കേൾവിക്കാർക്ക് ആത്മീയചൈതന്യം പ്രദാനം ചെയ്യുന്നതിനായി, അവരുടെ ഉന്നതിയ്ക്ക് ഉതകുംവിധം നല്ല കാര്യങ്ങൾ സന്ദർഭമനുസരിച്ചു സംസാരിക്കുവിൻ. രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങള മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടും കൂടെ നിങ്ങൾ ഉപേക്ഷിക്കുവിൻ (എഫേ. 4:29-31).

അടുത്തതായി പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗം, ആ വ്യക്തി തന്റെ കുറവുകളെ പരിഹരിക്കുവാൻ പരിശ്രമിക്കാതിരിക്കുകയും, ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്താൽ പിന്നെ അത് പരിഹരിക്കുന്നതിന് ഏറ്റവും സാധ്യമാകുന്ന മാര്‍ഗ്ഗം അയാളുടെമേൽ സ്വാധീനമുള്ളവരോട് പ്രശ്നങ്ങൾ പറയുക എന്നതാണ്. അത് പ്രശ്നപരിഹാരത്തിന് സഹായകമായേക്കും.

മറ്റുള്ളവരുടെ കുറവുകൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുനടക്കാതെ അത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗം അന്വേഷിക്കണമെന്നാണ് പരിശുദ്ധ മറിയത്തിന്റെ കാനായിലെ വിവാഹഭവനത്തിലെ മദ്ധ്യസ്ഥത നമ്മെ പഠിപ്പിക്കുന്നത്. പരിശുദ്ധാത്മാവിന്റെ നിറവ് ലഭിക്കുമ്പോൾ കുറവുകൾ നിറവായി മാറും തീർച്ച. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശാന്തമായി, ക്ഷമിക്കുവാൻ നമുക്ക് സാധ്യമാകുമെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾക്കായി നമുക്ക് ദാഹിക്കാം. എല്ലാവരോടും ക്ഷമിക്കാം. നമ്മോടു ശത്രുതയുള്ളവരെ ഓർത്ത് നമുക്ക് ഈശോയിൽ ക്ഷമ ചോദിക്കാം. അതിനായി പരിശുദ്ധാത്മാവിനോട്, ക്ഷമ എന്ന പുണ്യത്താൽ നമ്മെ നിറയ്ക്കണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ബ്ര. എഫ്രേം കുന്നപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.