ഒരുക്കങ്ങള്‍ അതിന്റെ അവസാന നിമിഷങ്ങളിലേയ്ക്ക് കടക്കുകയാണ്. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളില്‍ ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും ഒരുങ്ങിയും കാത്തിരുന്ന വിശുദ്ധിയുടെ പരിപൂര്‍ണ്ണ നിമിഷങ്ങള്‍. ദീര്‍ഘനാളത്തെ ഒരുക്കങ്ങളുടെയും പഠനങ്ങളുടെയും ബോധ്യങ്ങളുടെയും അതിലുപരി ആഴമായ വിശ്വാസത്തില്നിന്നുരുത്തിരിഞ്ഞ ദൈവത്തെ കൈകളില്‍ വഹിക്കുവാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെയും പൂര്‍ത്തീകരണം -തിരുപ്പട്ട സ്വീകരണ ദിനം! ഈ വര്‍ഷം പൗരോഹിത്യ സ്വീകരണത്തിന് ഒരുങ്ങുന്നവര്‍ക്കായി നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം.
പ്രതിസന്ധികളും പ്രതികൂല കാലാവസ്ഥകളും നിരവധി ഉണ്ടായിരുന്ന ഒരു വര്‍ഷത്തിലൂടെയാണ് സഭ കടന്നു പോയത്. പുരോഹിതരെയും പൗരോഹിത്യത്തെയും അവഹേളിച്ചും കുറ്റപ്പെടുത്തിയും കടന്നു പോയ ഒരു വര്‍ഷം. ആ പ്രശ്നങ്ങള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും തളരാതെ അവയെ ഒക്കെ ക്രിസ്തുവിന്റെ കുരിശിനോട് ചേര്‍ത്തു വെച്ച് അവിടുന്ന് കാണിച്ച വിശുദ്ധിയുടെ പാതയില്‍ ചരിക്കാന്‍ അനേകം യുവാക്കന്‍ മുന്നോട്ടു വന്നു എന്നത് സഭയുടെ ഇനിയും നശിക്കാത്ത വസന്തകാലത്തിന്റെ ശുഭ സൂചനയുമായാണ്.
ക്രിസ്തുവിന്റെ നിര്‍മല സക്രാരികളാകുവാനുള്ള സ്വപ്നം പൂര്‍ത്തീകരിച്ചു കൊണ്ട് നിരവധി നവ വൈദികര്‍ അള്‍ത്താരയിലേയ്ക്ക് ആഗതരാവുകയാണ്. ഈ ദിവസങ്ങളില്‍ കേരളത്തിലെ രൂപതകളും സന്യാസ സമൂഹങ്ങളും തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് സാക്ഷിയാകുവാന്‍ പോവുകയാണ്. നിരവധി യുവ വൈദികരാണ് കേരളത്തില്‍ അങ്ങോളം ഇങ്ങോളം ദൈവത്തിനായി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുന്നത്. ഈ പുണ്യ നിമിഷങ്ങളില്‍ നവ വൈദികര്‍ക്കായി പ്രാര്‍ത്ഥനകളോടെ ആയിരിക്കാം.
ലോകത്തിന്റേതായ സുഖങ്ങള്‍ മാറ്റിവച്ച് ദൈവത്തിനായി ഒരു കൂട്ടം യുവാക്കള്‍ അഭിഷിക്തരായി തീരുമ്പോള്‍ ലോകം വച്ച് നീട്ടുന്ന പ്രതിസന്ധികളെ തരണം ചെയ്യുക എന്നത് പ്രയാസകരമായ ഒന്നാണ്. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ നില്ക്കുന്ന മധ്യസ്ഥനായി തീരുകയാണ് പൗരോഹിത്യ ശുശ്രൂഷയിലൂടെ അവര്‍. വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉള്ള ആളുകളുടെ ഇടയിലേക്ക് സ്വന്തം നാടും വീടും മാതാപിതാക്കളെയും വിട്ടു ദൈവത്തിന്റെ പ്രതിപുരുഷനായി, ശുശ്രൂഷകനായിട്ടാണ് ഓരോ വൈദികനും കടന്നു വരുക. വിശുദ്ധമായ ജീവിതത്തിലൂടെ ദൈവത്തിന്റെ പരിശുദ്ധമായ സ്നേഹത്തെ ഒരു സമൂഹത്തിലേക്ക് ഒഴുക്കുന്ന ഉപകരണങ്ങളാണ് ഓരോ വൈദികനും.
തൂവെള്ള വസ്ത്രത്തിനുള്ളില്‍ അതിനിര്‍മ്മലമായ ഹൃദയം സൂക്ഷിക്കേണ്ട വ്യക്തികള്‍. നിര്‍മ്മലമായ കരങ്ങളില്‍ പരിശുദ്ധനായവനെ വഹിക്കുന്നവര്‍. ഒരു ഇടവകയുടെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെയും ആത്മീയതയുടെയും പ്രതീകമായി ആ സമൂഹം ഒത്തൊരുമിച്ച് ഏറ്റവും ആഘോഷത്തോടെയും പ്രാര്‍ത്ഥനാപൂര്‍വ്വവും നവ വൈദികനെ അള്‍ത്താരയിലേയ്ക്ക് ആനയിക്കുന്ന ഈ നിമിഷങ്ങളില്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കാം. പ്രതിസന്ധികളില്‍ ഉഴലുന്ന വൈദികര്‍ക്ക് പ്രാര്‍ത്ഥനയുടെ പിന്‍ബലം നല്‍കാം.
ലത്തീന്‍, സീറോ മലബാർ, മലങ്കര സഭകളിലെ വിവിധ രൂപതകളിൽ നിന്നും, വിവിധ സന്യാസ സഭകളില്‍നിന്നും നിരവധി ഡീക്കന്മാരാണ് ഈ ആഴ്ചകളിൽ പൗരോഹിത്യ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. വൈദിക പരിശീലനത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മംഗലപ്പുഴ സെമിനാരിയിൽ നിന്നും 46 ഡീക്കന്മാരാണ് ഈ വർഷം പൗരോഹിത്യം സ്വീകരിക്കുക. കാർമ്മൽഗിരി സെമിനാരിയിൽ നിന്ന് 34 പേരും വടവാതൂർ സെമിനാരിയിൽ നിന്ന് 32 പേരും തെള്ളകം കപ്പൂച്ചിൻ വിദ്യാഭവനിൽ നിന്ന് 17 പേരും റുഹാലയ ഉജ്ജയിന്‍ സെമിനാരിയിൽ നിന്ന് 21 പേരും സെന്റ് എപ്രേം സത്നാ സെമിനാരിയിൽ നിന്ന് 7 പേരും ഈ ദിവസങ്ങളിൽ കർത്താവിന്റെ പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിക്കുന്നു. പൂന ജ്ഞാന ദീപ വിദ്യാ പീഠ – യില്‍ നിന്ന് ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള 129 പേരാണ് പൗരോഹിത്യ സ്വീകരണത്തിനായി ഒരുങ്ങുന്നത്. സനാതന എം.സി.ബി.എസ്. സെമിനാരിയില്‍നിന്നു 17 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിക്കുന്നത്. തൃശൂര്‍ മേരി മാതാ സെമിനാരിയില്‍ നിന്ന് 12 പേരും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ട് മേജര്‍ സെമിനാരിയില്‍ നിന്ന് 21 പേരും തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരിയില്‍ നിന്ന് 8 പേരും തിരുപ്പട്ടം സ്വീകരിക്കുന്നു. ധര്‍മ്മാരാം വിദ്യാ ക്ഷേത്രത്തില്‍ ഈ വര്‍ഷം ദൈവ ശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത് 53 ബ്രദേഴ്സായിരുന്നു. പൂനമല്ലി സേക്രെട് ഹാര്‍ട്ട് സെമിനാരിയില്‍ നിന്ന് 36 ഡീക്കന്മാരാണ്. (ഈ സംഖ്യ പൂര്‍ണ്ണമല്ല. ഇതിൽ ഉൾപ്പെടുത്താൻ സാധിക്കാതെ പോയ മറ്റു പല സെമിനാരികൾ ഉണ്ട്.)
ഈ സെമിനാരികളില്‍ പഠിച്ചവരാണ് വിവിധ രൂപതകള്‍ക്കും സന്യാസ സഭകള്‍ക്കുമായി പുരോഹിതരായി അഭിഷിക്തരാകുന്നത്. സിഎംഐ സന്യാസ സഭയില്‍ 55 പേരും എംസിബിഎസ് സഭയില്‍ 14 പേരും സി.എസ്.ടി സഭയില്‍ 20 പേരും വിന്‍സെന്‍ഷ്യന്‍ സഭയില്‍ 15 പേരും എം.എസ്.ടി യില്‍ നിന്ന് 17 പേരും അഭിഷിക്തരകുന്നു.
ഈ ധന്യ നിമിഷത്തിൽ നമ്മുടെ പ്രാർത്ഥനകളും നവ വൈദികർക്കു ആവശ്യമാണ്. പ്രാർത്ഥനയോടെ അവരെ അൾത്താരയിലെയ്ക്ക് കൈപിടിച്ച് നടത്താം.
മരിയ ജോസ്