ഈശോയോടൊപ്പം സുപ്രഭാതം
സ്വർഗ്ഗീയ പിതാവേ, ദൈവകാരുണ്യത്തിന്റെ കൃപ സമൃദ്ധമായി ചൊരിയുന്ന ഈ ദിനത്തിൽ ഞങ്ങൾക്കു വേണ്ടി കുരിശിൽ ബലിയായ നിന്റെ തിരുക്കുമാരന്റെ വലിയ സ്നേഹത്തിനു ഞങ്ങൾ നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു. കുരിശിനെ ഞങ്ങൾ വണങ്ങുമ്പോൾ ക്രൂശിതനിലേക്കു ഞങ്ങളുടെ ജീവിതങ്ങളെയും ഉയർത്തണമേ. ക്രൂശിതനിൽനിന്നും ഒരിക്കലും ഞങ്ങളുടെ ഹൃദയങ്ങളെയും കണ്ണുകളെയും പിൻതിരിപ്പിക്കരുതേ. ഞങ്ങളുടെ അനുദിന ജീവിതത്തിലെ കുരിശുകളെ ഈശോയുടെ കുരിശിനോടു ചേർക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
ഇന്നത്തെ ഞങ്ങളുടെ ജോലികളും സന്തോഷങ്ങളും സങ്കടങ്ങളും സഹനങ്ങളും പരിശുദ്ധ മാർപാപ്പയുടെ ഈ മാസത്തെ നിയോഗങ്ങൾക്കായി ഞങ്ങൾ കാഴ്ചവയ്ക്കുന്നു. ആമ്മേൻ
സ്വർഗ്ഗസ്ഥനായ പിതാവേ….
ഈശോയോടൊപ്പം മദ്ധ്യാഹ്നം
ദിവ്യകാരുണ്യത്തിലൂടെ, മരണത്തിൽ നിന്നു ക്രിസ്തുവിനോടുത്തുള്ള ജീവനിലേക്കു കടന്നു പോകാൻ നമ്മെ അനുവദിക്കുന്നതുവഴി ക്രിസ്തുവിന്റെ പെസഹാ രഹസ്യത്തിലേക്കു നമ്മൾ പ്രവേശിക്കുന്നു. (ഫ്രാൻസീസ് പാപ്പ ) ഈശോയെ നിന്റെ കുരിശിനെ പുണർന്നു ജീവനിലേക്കു വരാൻ ഞങ്ങൾക്കു കൃപ തരേണമേ.
ഈശോയോടൊപ്പം രാത്രി
“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്‍െറ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (യോഹന്നാന് 3:16)ദൈവമേ, നിന്റെ പ്രിയപുത്രൻ ഞങ്ങൾക്കു വേണ്ടി പാപപരിഹാര ബലിയായി മാറിയ ഈ ദിനം പടി ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി നിന്റെ അവർണ്ണനീയ ദാനത്തിനു എന്നേക്കും സ്തുതി. കുരിശിനെയും ക്രൂശിതനെയും അപമാനിക്കുന്നവർക്കു വേണ്ടി ഞങ്ങൾ മാപ്പു ചോദിക്കുന്നു. ദൈവമേ കുരിശിനേ ആശ്ലേഷിച്ചു കൊണ്ടു ഉറങ്ങുവാനും ക്രൂശിതനിൽ എന്നും പ്രത്യാശ അർപ്പിക്കാനും ഞങ്ങളെ സഹായിക്കുന്നമേ. ആമ്മേൻ
നന്മ നിറഞ്ഞ മറിയമേ ….