
നിക്കരാഗ്വയിലെ ആർച്ചുബിഷപ്പായ ജോർജ് സൊലൂർസാനൊ പെരസ് ഫാത്തിമ മാതാവിന്റെ ദൈവാലയത്തിലേക്ക് ഒരു തീർത്ഥാടനം നടത്തിയിരുന്നു. ആ സമയത്ത് പരിശുദ്ധ അമ്മയുടെ രൂപത്തിനു മുൻപിൽ നിന്ന് രാജ്യത്തിനു വേണ്ടിയും സഭയെ ശക്തിപ്പെടുത്തുന്നതിനുമായി അദ്ദേഹം പ്രാർത്ഥിച്ചിരുന്നു. അമ്മയുമായുള്ള ഈ സംഭാഷണത്തെ ഒരു പ്രാർത്ഥനയുടെ രൂപത്തിൽ നൽകണമെന്ന് പ്രിലേറ്റ് ആവശ്യപ്പെടുകയുണ്ടായി. സഭയെ ശക്തിപ്പെടുത്താൻ പ്രത്യേകമായി പരിശുദ്ധ അമ്മയോട് ആവശ്യപ്പെട്ട അദ്ദേഹത്തിന്റെ ‘സംഭാഷണത്തെ’ പ്രാർത്ഥനാരൂപത്തിലാക്കിയതാണിത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുകളാൽ വലയുമ്പോഴും നമ്മുടെ ശക്തി കുറയുന്നുവെന്ന തോന്നലുണ്ടാകുമ്പോഴും ഈ പ്രാർത്ഥന ചൊല്ലാവുന്നതാണ്.
ഫാത്തിമ മാതാവിനോടുള്ള പ്രാർത്ഥന
കളങ്കമില്ലാത്ത അമ്മേ, ഒരിക്കലും തളർന്നുപോകുവാൻ എന്നെ അനുവദിക്കരുതേ. ജീവിതപ്രതിസന്ധികളിൽപെട്ട് എന്റെ ശക്തി ക്ഷയിച്ചുവെന്നു തോന്നുമ്പോൾ പോലും എനിക്ക് താങ്ങായി നീ കൂടെയുണ്ടാകണമേ. ഇത് എന്റെ ഒരു പ്രത്യേക അപേക്ഷയായി പരിഗണിക്കേണമേ. ബലഹീനത എന്നെ തളർത്തുന്നുണ്ടെങ്കിലും ശത്രുവിന്റെ ക്രോധം എന്നെ ഉപദ്രവിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും എനിക്ക് അല്പം പോലും ക്ഷീണമോ തളർച്ചയോ ഉണ്ടാകാൻ അമ്മ അനുവദിക്കരുതേ.
എന്റെ പ്രവർത്തനങ്ങൾ തകർന്നടിഞ്ഞുപോയാലും അവയെല്ലാം എനിക്ക് പുനഃരാരംഭിക്കേണ്ടി വന്നാലും പ്രിയപ്പെട്ട അമ്മേ, എനിക്ക് അല്പം പോലും മടുപ്പുണ്ടാകാൻ ഇടയാക്കരുതേ. ഞാൻ എപ്പോഴും അമ്മയെപ്പോലെ ദൃഢനിശ്ചയമുള്ളവനും പുഞ്ചിരിക്കുന്നവനും ആകട്ടെ. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായം നൽകാൻ എനിക്കും കഴിയട്ടെ. എന്റെ ആത്മാവിന്റെ കണ്ണുകൾ സക്രാരിയിലുള്ള നിന്റെ പുത്രന്റെ ഹൃദയത്തിൽ ഉറപ്പിക്കുവാൻ അനുഗ്രഹിക്കേണമേ.
പ്രിയപ്പെട്ട അമ്മേ, എന്നെ തളരാൻ അനുവദിക്കരുതേ. എന്റെ വിഷമാവസ്ഥയിൽ എനിക്ക് ആശ്വാസവും എന്റെ കൈകൾക്കും കാലുകൾക്കും ഊർജ്ജമായും എന്റെ മനസ്സിൽ ആത്മവിശ്വാസത്തിന്റെ ശക്തിയായും അവിടുന്നുണ്ടാകണേ. പരിശുദ്ധ അമ്മേ, എന്നെ തളരാൻ അനുവദിക്കരുതേ എന്ന് ഒരിക്കൽക്കൂടി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.