പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ വിശുദ്ധിയും പ്രാര്‍ത്ഥനയുടെ ഫലവും തമ്മില്‍ ബന്ധമുണ്ടോ? ഉത്തരം ഈ തിരുവചനങ്ങള്‍ നല്‍കും

പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ മുമ്പില്‍ വിലയുള്ളതോ വിലയില്ലാത്തതോ ആയിത്തീരുന്നത് പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ പുണ്യത്തെക്കൂടി ആശ്രയിച്ചാണ്. പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്ക് എത്ര പുണ്യമുണ്ടോ ദൈവസന്നിധിയില്‍ അത്രയും ശക്തമായിരിക്കും അവരുടെ പ്രാര്‍ത്ഥനകള്‍. പ്രാര്‍ത്ഥിക്കുന്ന വ്യക്തിയില്‍ പാപത്തിന്റെ മാലിന്യം കൂടുന്തോറും ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയുടെ ശക്തി കുറയുന്നു. ഒരുപക്ഷേ, നമ്മുടെ പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ കേള്‍ക്കപ്പെടാതെ പോകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം, നമ്മിലെ പാപാവസ്ഥയായിരിക്കും. അതുകൊണ്ട് നമ്മെത്തന്നെ വിശുദ്ധീകരിക്കുകയും കര്‍ത്താവിന് പ്രീതികരമായവിധം ജീവിക്കുകയും ചെയ്തുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ നാം ശ്രമിക്കണം. പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ വിശുദ്ധിയും പ്രാര്‍ത്ഥനയുടെ ഫലവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഏതാനും തിരുവചനങ്ങളിലൂടെ കടന്നുപോകാം…

‘ദുഷ്ടരുടെ ബലി കര്‍ത്താവിന് വെറുപ്പാണ്; സത്യസന്ധരുടെ പ്രാര്‍ത്ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു’ (സുഭാ. 15:8).

‘കര്‍ത്താവ് ദുഷ്ടരില്‍ നിന്നും അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥന ചെവികൊള്ളുന്നു’ (സുഭാ.15:29).

‘നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്’ (യാക്കോബ് 5:16).

‘നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനിൽക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും’ (യോഹ. 15:7).

‘അഗതികളുടെ പ്രാര്‍ത്ഥന അവിടുന്ന് പരിഗണിക്കും; അവരുടെ യാചനകള്‍ നിരസിക്കുകയില്ല’ (സങ്കീ. 102:17).

‘സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതുപോലെ, അവര്‍ വിളിക്കുമ്പോള്‍ ഞാനും കേള്‍ക്കുകയില്ല’ (സഖറി. 7:13).

‘നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ട് എന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്, പോയി സഹോദരനോട് രമ്യപ്പെടുക; പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക’ (മത്തായി 5:22-23).

‘ദുര്‍മാര്‍ഗ്ഗികളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്ക് സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്ക് ഭാരമായിരിക്കുന്നു. നിങ്ങള്‍ കരങ്ങള്‍ ഉയര്‍ത്തുമ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ മുഖം മറയ്ക്കും. നിങ്ങള്‍ എത്ര പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല’ (ഏശയ്യ 1:13-15).

‘നീതിമാന്മാരുടെ ദഹനബലികളും മറ്റ് ബലികളും എന്റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും’ (ഏശയ്യ 56:7).

‘കര്‍ത്താവിന് പ്രീതികരമായ ശുശ്രൂഷ ചെയ്യുന്നവന്‍ സ്വീകാര്യനാണ്; അവന്റെ പ്രാര്‍ത്ഥന മേഘങ്ങളോളം എത്തുന്നു’ (പ്രഭാ. 35:16).