ഏപ്രിൽ പതിനെട്ടു മുതൽ രാജ്യത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീകരതയ്ക്കും അക്രമങ്ങൾക്കും അറുതി വരുത്തണമെന്ന ശക്തമായ അപേക്ഷയുമായി നിക്കരാഗ്വയിലെ പാപ്പായുടെ പ്രതിനിധി, ആർച്ചുബിഷപ്പ്൪ വാൽഡിമർ സ്റ്റാനിസ്ലാവ് സോമർടാഗ്.
നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടഗയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷവും തമ്മിലുള്ള കലഹങ്ങളിൽപെട്ട് 360 ഓളം ആളുകൾ ഇതുവരെ മരിച്ചു. 2007 മുതൽ അധികാരത്തിൽ തുടരുന്ന ഒർട്ടാഗോ ഒരു തെരഞ്ഞെടുപ്പിനോ ഭരണമാറ്റത്തിനോ തയാറാകാത്തതാണ് എതിർപക്ഷത്തെ ചൊടിപ്പിക്കുന്നത്. ഭാര്യ റൊസാരിയോ മുറില്ലയാണ് വൈസ് പ്രസിഡന്റും.
പാപ്പായുടെ ഉത്കണ്ഠ
ദുരന്ത നിമിഷം എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അപ്പസ്തോലിക ന്യൂൺഷ്യോ നിക്കരാഗ്വയിലെ അവസ്ഥയെ വിശേഷിപ്പിച്ചത്. രാജ്യം നേരിടുന്ന ഈ വലിയ പ്രശ്നത്തിൽ പരിശുദ്ധ പിതാവിന്റെയും വത്തിക്കാന്റെയും പേരിലുള്ള ദുഖവും ഉത്കണ്ഠയും അറിയിക്കുന്നു.
ഇതിന്റെ പേരിൽ മരിച്ചവർക്കോ വിവിധ പീഡനങ്ങൾ ഏൽക്കേണ്ടി വന്നവർക്കോ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന സത്യം വിസ്മരിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെയും ജനങ്ങളെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി സമർപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.