
ഈ മെയ് മാസത്തില്‍ നമുക്ക് സമാശ്വാസത്തിന്റെയും സുദൃഢമായ പ്രത്യാശയുടെയും അടയാളമായ ദൈവമാതാവിങ്കലേക്ക് നയനങ്ങള്‍ തിരിക്കാമെന്ന് മാര്‍പാപ്പ. ഈ കാലഘട്ടത്തിലെ പരീക്ഷണങ്ങളെ ഒത്തൊരുമിച്ചു നേരിടുന്നതിന് നമുക്ക് ഒന്നിച്ച് ജപമാല പ്രാര്‍ത്ഥന ചൊല്ലുകയും ഒരു ആദ്ധ്യാത്മിക കുടുംബം എന്ന നിലയില്‍ ഉപരി ഐക്യത്തിലാകുകയും ചെയ്യാം – പാപ്പാ പറഞ്ഞു.
“നമ്മുടെ ജീവിതവും ലോകത്തിന്റെ ചരിത്രവും ദൈവത്തിന്റെ കൈകളിലാണ്. മറിയത്തിന്റെ വിമലഹൃദയത്തിന് നമ്മെത്തന്നേയും സഭയേയും സമസ്ത ലോകത്തേയും ഭരമേല്പിക്കാം. സമാധാനത്തിനും മഹാവ്യാധിയുടെ അന്ത്യത്തിനും അനുതാപ ചൈതന്യത്തിനും നമ്മുടെ മനഃപരിവര്‍ത്തനത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കാം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.
“ദൈവത്തിലേയ്ക്കു നമ്മെ യോജിപ്പിക്കുന്ന പാലം മാത്രമല്ല മറിയം. അതിലെത്രയോ ഉപരിയാണ്. നമ്മിലേയ്ക്കു എത്തിച്ചേരുവാന്‍ ദൈവം തിരഞ്ഞെടുത്ത പാതയാണ് പരിശുദ്ധ കന്യകാമറിയം. ഇനി അവിടുത്തിങ്കലേയ്ക്കു തിരിച്ചെത്തുവാന്‍ നാം യാത്രചെയ്യേണ്ടുന്ന പാതയും മറിയം തന്നെ. കള്ളം പറയാതെയും അയല്‍ക്കാരെക്കുറിച്ച് അപവാദം പറഞ്ഞുപരത്താതെയും നിര്‍മ്മലമായ കരങ്ങളോടും മനസാക്ഷിയോടും കൂടെ ജീവിക്കുവാന്‍ നമ്മുടെ അമ്മയായ മറിയം സഹായിക്കട്ടെ” – പാപ്പാ പറഞ്ഞു.