
മാര്‍ച്ച് അഞ്ച് മുതല്‍ എട്ടു വരെ ഫ്രാന്‍സിസ് പാപ്പാ ഇറാഖിലേയ്ക്കുള്ള തന്റെ ആദ്യത്തെ അപ്പോസ്‌തോലിക യാത്ര നടത്തും. ഇറാഖ് സന്ദര്‍ശനം പാപ്പയുടെ മുപ്പത്തിമൂന്നാമത്തെ അപ്പോസ്‌തോലിക സന്ദര്‍ശനമാണ്.
നീണ്ട ഇടവേളയ്ക്കു ശേഷം ഇറാഖിലേയ്ക്ക് പാപ്പാ
ഇറാഖ് റിപ്പബ്ലിക്ക് പ്രസിഡന്റ് ബര്‍ഹം സാലിഹിന്റെയും പ്രാദേശിക സഭാശ്രേഷ്ഠന്‍ പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കോയുടെയും ഇറാഖ് ജനതയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഈ സന്ദര്‍ശനം നടത്തുന്നത്. 2019 മുതലേ ഇറാഖ് സന്ദര്‍ശിക്കാന്‍ പാപ്പാ ആഗ്രഹിച്ചിരുന്നു. കൊറോണാ മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് 2020-ല്‍ സന്ദര്‍ശനത്തിനു മുടക്കം വരുകയും ചെയ്തു. 2019 നവംബറില്‍ തായ്ലന്‍ഡ് – ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷമുള്ള പാപ്പയുടെ ആദ്യത്തെ വിദേശപര്യടനമാണിത്. ‘നിങ്ങളെല്ലാവരും സഹോദരങ്ങളാണ്’ എന്ന വി. മത്തായി 23:8 തിരുവചനത്തെ ആപ്തവാക്യമായി സ്വീകരിച്ചാണ് പാപ്പാ ഇറാഖ് സന്ദര്‍ശനത്തിനായി ഒരുങ്ങുന്നത്.
ഇറാഖിലെ ക്രൈസ്തവസാന്നിധ്യം
പുരാതനകാലം മുതലേ ഇറാഖില്‍ ക്രൈസ്തവസാന്നിധ്യമുണ്ടായിരുന്നുവെന്ന് അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം നൂറ്റാണ്ടില്‍ വി. തോമാശ്ലീഹായുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അദ്ദായി, മാരി എന്നിവരുടെ പ്രസംഗങ്ങളിലൂടെയാണ് ഇവിടുത്തെ ക്രൈസ്തവസാന്നിധ്യത്തിന്റെ ഉത്ഭവം. അതിനാല്‍ വിശുദ്ധ ഗ്രന്ഥത്തിലും ചരിത്രത്തിലും ഇറാഖിന് പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാണുള്ളത്.
ഇന്ന് കല്‍ദായര്‍, അസീറിയകാര്‍, അല്‍മേനിയര്‍, ലത്തീന്‍ വിഭാഗക്കാര്‍, മെല്‍ കൈറ്റുകാര്‍, ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് എന്നീ ക്രൈസ്തവസമൂഹങ്ങള്‍ അവിടെയുണ്ട്. 1-1.4 ദശലക്ഷം വരെ അതായത്, ജനസംഖ്യയുടെ ഏകദേശം ആറ് ശതമാനം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ രണ്ടാം ഗള്‍ഫ് യുദ്ധത്തിനുശേഷം അവരുടെ എണ്ണം വെറും നാല് ലക്ഷമായി കുറഞ്ഞുവെന്ന് പൊന്തിഫിക്കല്‍ സംഘടനയായ Aid to Church in Need പുറത്തുവിട്ട പുതിയ രേഖകള്‍ അറിയിക്കുന്നു.
ഇറാഖിനോടുള്ളള പരിശുദ്ധ സിംഹാസനത്തിന്റെ കരുതല്‍
2003-ലെ രണ്ടാമത്തെ ഗള്‍ഫ് യുദ്ധത്തിനുശേഷം ഇറാഖിലെ ക്രിസ്ത്യാനികളെക്കുറിച്ച് പരിശുദ്ധ സിംഹാസനം എപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്ന് പാപ്പായായിരുന്ന വി. ജോണ്‍പോള്‍ രണ്ടാമന്‍ തീവ്രമായി എതിര്‍ത്ത ഒന്നായിരുന്നു ഗള്‍ഫ് യുദ്ധം. ഒരു അന്തര്‍ദേശീയ പട്ടാള നടപടി ഇറാഖിലെ ജനങ്ങളിലും മദ്ധ്യകിഴക്കന്‍ പ്രദേശത്തും വരുത്താവുന്ന അസന്തുലിതാവസ്ഥയെയും അതില്‍ നിന്ന് ഉരുത്തിരിയാവുന്ന തീവ്രവാദവും അത് അവിടത്തെ ക്രൈസ്തവസമൂഹത്തിന് സൃഷ്ടിക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെയും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ മുന്നില്‍ കണ്ടിരുന്നു.
2014-ല്‍ ഇറാഖിലും സിറിയയിലും സ്ഥാപിതമായ ഇസ്‌ളാമിക് സ്റ്റേറ്റിന്റെ വരവോടെ കൂടുതല്‍ പരിതാപകരമായ സാഹചര്യത്തിലേയ്ക്ക് ഇറാഖ് വഴുതിവീണു. ഈ അവസരത്തില്‍ ഫ്രാന്‍സിസ് പാപ്പയും തന്റെ സാന്നിധ്യം ‘ഇറാഖിലെ പ്രിയ ജനങ്ങളോട്’ തുടര്‍ച്ചയായി അറിയിച്ചിരുന്നു. 2018-ല്‍ വത്തിക്കാന്‍ രാജ്യത്തിന്റെ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രൊ പരോളിന്‍ ഇറാഖിലേയ്ക്ക് നടത്തിയ സന്ദര്‍ശനത്തില്‍ പാപ്പാ തid to Church in Need ആശങ്കകള്‍ അറിയിക്കുകയും വെറുപ്പിനെ മറികടക്കുന്ന ഇറാഖിലെ ക്രൈസ്തവരുടെ സാക്ഷ്യത്തെ ‘ലോകത്തിലെ മുഴുവന്‍ ക്രൈസ്തവര്‍ക്കുമായുള്ള ജീവിക്കുന്ന സാക്ഷ്യം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
മതങ്ങള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ ഘടകങ്ങളും ഒരുമിച്ച് സമാധാനത്തോടും പങ്കുവയ്ക്കലിലൂടെയുമുള്ള പൊതുനന്മ തേടുന്നതുവഴി ഭാവിയെ അഭിമുഖീകരിക്കാന്‍ കഴിയുമെന്ന ഇറാഖിന് ഭാവിയെ അഭിമുഖികരിക്കാനുള്ള പ്രത്യാശയും 2019 ജൂണ്‍ 10-ന് പൗരസ്ത്യസഭകള്‍ക്ക് സഹായം നല്‍കുന്ന സംഘടനകളുടെ സമ്മേളനത്തില്‍ പ്രസംഗിക്കവെ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ചിരുന്നു. ഈ അവസരത്തിലാണ് ഇറാഖ് സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പാപ്പാ വെളിപ്പെടുത്തിയത്.
ഇറാഖിന്റെ പ്രസിഡണ്ട് ബര്‍ഹം സാലിഹ് വത്തിക്കാനിലേയ്ക്കു നടത്തിയ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ ഇറാഖില്‍ ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അവരുടെ സുരക്ഷയും ഇറാഖിന്റെ ഭാവിയിലുള്ള അവരുടെ സാന്നിധ്യവും വീണ്ടും ഉയര്‍ത്തിക്കാണിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചത്. 2020 ജനുവരി 25-ന് സിറിയന്‍ – ഇറാഖി മാനുഷികപ്രതിസന്ധി സംബന്ധിച്ച് വത്തിക്കാന്റെ സമഗ്ര മനുഷ്യവികസനത്തിനായുള്ള തിരുസംഘം സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിംഗില്‍ കത്തോലിക്കാ സന്നദ്ധസംഘടനകളുമായി സംസാരിച്ചപ്പോള്‍ ഈ ഇടങ്ങളില്‍ ക്രൈസ്തവസാന്നിദ്ധ്യം എങ്ങനെയായിരുന്നുവോ അതുപോലെ തുടരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ സമാധാനത്തിന്റെയും പുരോഗതിയുടെയും വികസനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളമായിരിക്കണമെന്നും യുദ്ധം മൂലം അവിടെ നിന്ന് പാലായനം ചെയ്തവരെ തിരിച്ചെത്തിക്കാന്‍ അന്തര്‍ദേശീയ സമൂഹം ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.
ഫ്രാന്‍സിസ് പാപ്പായുടെ ഇറാഖ് സന്ദര്‍ശനത്തെക്കുറിച്ച് 2020 ഡിസംബര്‍ 7-ന് പ്രഖ്യാപനമുണ്ടായപ്പോള്‍ ഇറാഖിലെ സഭ അത്യുത്സാഹത്തോടെയാണ് ആ വാര്‍ത്തയെ എതിരേറ്റത്. രണ്ടായിരാമാണ്ടില്‍ അബ്രഹാത്തിന്റെയും മോശയുടെയും യേശുവിന്റെയും പൗലോസിന്റെയും കാലടികളിലൂടെ ജൂബിലി തീര്‍ത്ഥാടനം നടത്താൻ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ കണ്ട സ്വപ്നം അവിടത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ കൊണ്ട് നടക്കാതെപോയി. ആ സ്വപ്നം തന്റെ ഇറാഖ് സന്ദര്‍ശനത്തിലൂടെ 21 വര്‍ഷങ്ങള്‍ക്കുശേഷം പിന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പാ ഏറ്റെടുക്കുകയാണ്.
കടപ്പാട്: വത്തിക്കാന്‍ ന്യൂസ്