ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് ചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു

ലോകത്തെ മുഴുവന്‍ പിടികൂടിയിരിക്കുന്ന കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ പരിശുദ്ധ മറിയത്തിന്റെ സഹായം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 30-ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ വച്ച് നടത്തുന്ന പ്രാര്‍ത്ഥന, പ്രാദേശിക സമയം 5.30-ന് ആരംഭിക്കും. ജപമാല ലൈവ് സ്ട്രീം ചെയ്യും.

ലോകത്തിലെ എല്ലാ കത്തോലിക്കാ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ഈ സമയം ജപമാല പ്രാര്‍ത്ഥന നടത്തണം. അപ്പസ്‌തോല പ്രവര്‍ത്തനം 1:14 അടിസ്ഥാനമാക്കിയാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍ ജപമാല പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. പന്തക്കുസ്താ തിരുനാളിന്റെ തലേദിനത്തില്‍ ക്രമീകരിക്കുന്ന ജപമാല അര്‍പ്പണം വിശ്വാസ സമൂഹത്തിന് വലിയ അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.

കൊറോണ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ചേര്‍ന്നുനിന്നു കൊണ്ട്, പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാര്‍ത്ഥിക്കുകയാണ് വിശേഷാല്‍ ജപമാല അര്‍പ്പണത്തിലൂടെ പാപ്പ ഉദ്ദേശിക്കുന്നത്. ഗ്രോട്ടോയിലെ ജപമാല അര്‍പ്പണത്തിന് നേതൃത്വം വഹിക്കുന്ന സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, കൊറോണാ വ്യാപനം ശക്തമായിരുന്ന സ്ഥലങ്ങളില്‍ നൂറുകണക്കിന് ജപമാലകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 27-ന് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ദിവ്യകാരുണ്യാശീര്‍വാദത്തെ തുടര്‍ന്ന് ഇറ്റലിയിലും പൊതുവെയും കോവിഡ് മരണനിരക്കില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പാപ്പാ നേതൃത്വം നല്‍കുന്ന ഈ ജപമാല പ്രാര്‍ത്ഥനയോടെ, മാതാവിന്റെ മാദ്ധ്യസ്ഥത്താല്‍ കോവിഡ് മഹാമാരിയുടെ ഉന്മൂലനാശം സംഭവിക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.