
പതിനേഴാം നൂറ്റാണ്ടിലാണ് രോഗസൗഖ്യത്തിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തെ തിരുസഭ വളരെ പ്രാധാന്യത്തോടെ കാണാനാരംഭിച്ചത്. യൂറോപ്പിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ ആളുകൾ പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചതിന്റെ പരോക്ഷമായ ഒരു ബന്ധവും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കോവിഡ് പടർന്നുപിടിച്ചപ്പോൾ 2020 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയും പരിശുദ്ധ അമ്മയോട് പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. രോഗികളുടെ ആരോഗ്യമായ പരിശുദ്ധ അമ്മയോടുള്ള ആ പ്രാർത്ഥനയാണ് ചുവടെ ചേർക്കുന്നത്.
‘ഓ അമ്മേ, ഞങ്ങളുടെ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി നീ ഞങ്ങളുടെ യാത്രയിൽ പ്രകാശിക്കേണമേ. രോഗികളുടെ ആരോഗ്യമായ പരിശുദ്ധ അമ്മേ, കുരിശിൽ യേശുവിന്റെ വേദനയോട് കൂടെ നിന്ന അങ്ങയുടെ കൈയ്യിൽ ഞങ്ങളുടെ ജീവിതം ഭരമേല്പിക്കുന്നു. ജനതകളുടെ സംരക്ഷകയായ അമ്മേ, ഞങ്ങൾക്ക് ആവശ്യമായതെല്ലാം അങ്ങ് ഞങ്ങൾക്ക് നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ നിമിഷങ്ങൾ കടന്നുപോയതിനു ശേഷം ഗലീലിയയിലെ കാനായിലെന്ന പോലെ ഞങ്ങളുടെ ജീവിതത്തിലും സന്തോഷങ്ങൾ മടങ്ങിയെത്താൻ അനുഗ്രഹിക്കേണമേ.
ദിവ്യസ്നേഹത്തിന്റെ മാതാവേ, പിതാവിന്റെ ഹിതത്തിനനുസൃതമായി യേശു ഞങ്ങളോട് ആവശ്യപ്പെടുന്നത് ചെയ്യാൻ ഞങ്ങളെ സഹായിക്കേണമേ. പുനരുത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഞങ്ങളെ കൊണ്ടുവരാനായി ഞങ്ങളുടെ കഷ്ടപ്പാടുകളും ദുഃഖങ്ങളും കുരിശിലൂടെ ഏറ്റെടുത്തവനായ അങ്ങയുടെ തിരുക്കുമാരനോട് ഞങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ അമ്മ മാദ്ധ്യസ്ഥം അപേക്ഷിക്കേണമേ.
പരിശുദ്ധ ദൈവമാതാവേ, നിന്റെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളുടെ അപേക്ഷകളെ ഉപേക്ഷിക്കരുതേ. എല്ലാ സമയത്തും പരീക്ഷിക്കപ്പെടുന്ന ഞങ്ങളെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തുപരിപാലിക്കണമേ. മഹത്വപൂർണ്ണയും അനുഗ്രഹീതയുമായ കന്യകയേ, ആമ്മേൻ.
സുനീഷ വി.എഫ്.