
പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിലെ അംഗമായി ഫിലിപ്പൈന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ടാഗ്ലേയെ പാപ്പാ നിയമിച്ചു. ജനതകളുടെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ എന്ന പദവിക്കുയ്ക്ക് പുറമേയാണ് അദ്ദേഹത്തിന് പുതിയ ദൗത്യം പാപ്പാ നല്‍കിയത്.
2011 മുതല്‍ 2019 വരെ മനില ആര്‍ച്ച്ബിഷപ്പായിരുന്നു ഇദ്ദേഹം. ജനതകളുടെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘം അദ്ധ്യക്ഷനായി 2019-ലാണ് കര്‍ദ്ദിനാള്‍ ടാഗ്ലേയെ പാപ്പാ നിയമിച്ചത്. പൗരസ്ത്യ ആരാധനക്രമം പിന്തുടരുന്ന 23 വ്യക്തഗത സഭകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന തിരുസംഘമാണ് പൗരസ്ത്യ തിരുസംഘം.
1957-ല്‍ മനിലയില്‍ ജനിച്ച കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലേ, 1982-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1997 മുതല്‍ 2002 വരെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനില്‍ അംഗമായിരുന്നു. 2011 ഡിസംബറില്‍ മനില ആര്‍ച്ച്ബിഷപ്പായി നിയമിതനായി. 2012-ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പ കര്‍ദ്ദിനാള്‍ സംഘത്തില്‍ ഉള്‍പ്പെടുത്തി. 2015 മുതല്‍ സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണലിന്റെ അദ്ധ്യക്ഷനാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുസഭയുടെ പൊതുസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന കാര്യാലയ സംഘാംഗമായും പാപ്പാ നിയമിച്ചു. കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ ഏറ്റവും ഉന്നതശ്രേണിയായ ‘കര്‍ദ്ദിനാള്‍ ബിഷപ്പ്’ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട, ഏഷ്യയില്‍ നിന്നുള്ള പ്രഥമ കര്‍ദ്ദിനാളുമാണ് ഇദ്ദേഹം.