
ഫ്രാന്‍സിസ് പാപ്പായും റോമന്‍ കൂരിയായിലെ അംഗങ്ങളും നോമ്പുകാല ധ്യാനം ആരംഭിക്കുന്നു. ഞായറാഴ്ച വൈകുന്നേരം തുടങ്ങുന്ന ഈ ധ്യാനം ആറാം തീയതി വെള്ളിയാഴ്ച സമാപിക്കും.
പതിവുപോലെ ഇക്കൊല്ലവും വത്തിക്കാനില്‍ നിന്ന് മുപ്പതിലേറെ കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അറീച്ച എന്ന പ്രദേശത്ത് ദിവ്യഗുരുവിന്റെ നാമത്തിലുള്ള ധ്യാനകേന്ദ്രത്തില്‍ തന്നെയാണ് തപസ്സുകാല ധ്യാനം നടക്കുക.
പഴയനിയമത്തിലെ പുറപ്പാട് ഗ്രന്ഥത്തിലെ 3:2 വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ‘മുള്‍പ്പടര്‍പ്പില്‍ അഗ്നി ജ്വലിച്ചുയര്‍ന്നു’, എന്ന വാക്യമാണ് വിചിന്തന പ്രമേയം. ‘ദൈവ-മനുഷ്യസമാഗമം പുറപ്പാട് ഗ്രന്ഥത്തിന്റെയും മത്തായിയുടെ സുവിശേഷത്തിന്റെയും സങ്കീര്‍ത്തന പ്രാര്‍ത്ഥനകളുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യും.
പൊന്തിഫിക്കല്‍ ബൈബിള്‍ സമിതിയുടെ അദ്ധ്യക്ഷനായ ഈശോസഭാ വൈദികന് പീയെത്രൊ ബൊവാത്തിയാണ് ധ്യാനഗുരു. ഞായറാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിനങ്ങളില്‍ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പ്രതിവാര പൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗിക കൃത്യങ്ങളും ഒഴിവാക്കിയിരിക്കുകയാണ്.