ജപ്പാൻ വെള്ളപ്പൊക്ക ദുരന്തത്തിലെ ഇരകളോട് ഐക്യദാർഢ്യവും ഖേദവും പ്രകടിപ്പിച്ച് മാർപാപ്പ

ജപ്പാനിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരോട് തന്റെ ഹൃദയംഗമമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർപാപ്പ. മരിച്ചവരുടെ നിത്യശാന്തിയ്ക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും മറ്റ് പലവിധ ക്ലേശങ്ങൾ അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

പരിശുദ്ധ പിതാവിനുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ ഒപ്പുവച്ച്, പുറത്തിറക്കിയ ടെലഗ്രാം സന്ദേശത്തിലാണ് ജപ്പാൻ ദുരന്തത്തിലുള്ള തന്റെ ദുഖം മാർപാപ്പ രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ഉണ്ടായ ജീവഹാനിയും മറ്റനേകം ദുരിതങ്ങളും തന്നെ വേദനിപ്പിക്കുന്നതായും മാർപാപ്പ സന്ദേശത്തിൽ വ്യക്തമാക്കി.

ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും കുറഞ്ഞത് 119 ആളുകൾ മരിച്ചതായും ധാരാളം പേരെ കാണാതായതായും അധികാരികൾ അറിയിച്ചിട്ടുണ്ട്. ആയിരങ്ങൾക്ക് വീടും പരിസരവും ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടേണ്ടതായും വന്നു.

വിവിധ രീതികളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതായി മാർപാപ്പ പറഞ്ഞു.  മരണസംഖ്യയും ദുരന്തത്തിന്റെ തീവ്രതയും വർധിക്കാനാണ് സാധ്യതയെന്ന അന്തരീക്ഷ വിദഗ്ധരുടെ മുന്നറിയിപ്പും ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലേയ്ക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

23000൪ ത്തോളം ആളുകൾ അഭയാർത്ഥി കേന്ദ്രങ്ങളിലാണ്. കൂടുതൽ ദുരന്തനിവാരണ സേനകളെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി ഷിൻസോ അബേ അറിയിച്ചിട്ടുണ്ട്. ദുരന്തത്തെതുടർന്ന് യൂറോപ്പ് സന്ദർശനം മാറ്റിവച്ച പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും അറിയിപ്പുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.