
ലോകത്തില്‍ കൊറോണ വൈറസ് ബാധ മൂലം യാതനകളനുഭവിക്കുന്നവരെ ധ്യാനാത്മകജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രാര്‍ത്ഥനയില്‍ സ്മരിച്ചു. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ 93-ാം പിറന്നാള്‍ ദിനമായിരുന്ന വ്യാഴാഴ്ച, അതേക്കുറിച്ച് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോടു സംസാരിക്കവെ, പേപ്പല്‍ ഭവനത്തിന്റെ ചുമതല വഹിക്കുകയും വത്തിക്കാനില്‍ ‘മാത്തര്‍ എക്ലേസിയ’ ആശ്രമത്തില്‍ പ്രാര്‍ത്ഥനാജീവിതം നയിക്കുകയും ‘എമെരിത്തൂസ് പാപ്പാ ബെനഡിക്ട് പതിനാറാമന്റെ സ്വകാര്യ കാര്യദര്‍ശിയായി സേവനം ചെയ്യുകയും ചെയ്യുന്ന മോണ്‍സിഞ്ഞോര്‍ ഗെയോര്‍ഗ് ഗാന്‍സ്വെയിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അനുദിനം പാപ്പായെ ധരിപ്പിച്ചുകൊണ്ടാണിരിക്കുന്നതെന്നും വൈദികരും ഭിഷഗ്വരന്മാരും ആരോഗ്യപ്രവര്‍ത്തകരായ മറ്റുള്ളവരുമുള്‍പ്പെടെ അനേകരുടെ ജീവന് ഈ രോഗം കവര്‍ന്നെടുത്തതില്‍ പാപ്പായ്ക്ക് അതീവദുഃഖമുണ്ടെന്നും ഈ രോഗബാധിതര്‍ക്കും അതുമൂലം ക്ലേശിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി എല്ലാ ദിവസവും പാപ്പാ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാപ്പാ പ്രത്യാശാഭരിതനാണെന്നും മോണ്‍സിഞ്ഞോര്‍ ഗെയോര്‍ഗ് ഗാന്സ്വെയിന് കൂട്ടിച്ചേര്‍ത്തു.