വി. സബീനായുടെ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കും, വിഭൂതി വെഞ്ചരിപ്പിനും, ചാരം പൂശലിനും റോമിന്റെ മെത്രാന് എന്ന നിലയില്‍ പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ രക്തസാക്ഷികളുടെ ദേവാലയത്തിലെത്തി അവിടെ തങ്ങി, സ്തുതിയുടെയും പ്രാര്‍ത്ഥനയുടേയും അരൂപിയില്‍ വിശ്വാസികള്‍ നടത്തുന്ന നോയമ്പുകാല തീര്‍ത്ഥാടനം റോമിന്റെ പാരമ്പര്യാചാരമാണ്. വിശുദ്ധരുടെ ലുത്തീനിയായും ഉരുവിട്ടാണ് ഈ പ്രദക്ഷിണം നടക്കുക.
വിവിധ രക്തസാക്ഷികളുടെ നാമത്തിലുള്ള ദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ റോമാ രൂപതയിലെ നോയമ്പുകാല പ്രദക്ഷിണം വിഭൂതി ബുധനാഴ്ചയാണ്. Stationes എന്ന് ലത്തീനില്‍ പറയുന്ന ഈ ‘തങ്ങലിന്’ (Stop) നേതൃത്വം കൊടുക്കുന്ന പാപ്പയോടൊപ്പം കര്‍ദ്ദിനാള്‍മാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര് എന്നിവരെക്കൂടാതെ വി. ആന്‍സലം ദേവാലയത്തില്‍ നിന്ന് ബനഡിക്ടന്‍ സന്യാസികളും വി. സബീനയിലെ ദേവാലയത്തില്‍ നിന്ന് ഡൊമിനിക്കന്‍ സന്യാസികളും പങ്കുചേര്‍ന്നു.
രക്തസാക്ഷികള്‍ ജീവന് നല്കിയ, അവരുടെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ സ്ഥലങ്ങളില്‍ നോയമ്പുകാലത്ത് പ്രാര്‍ത്ഥനയ്ക്കായും ധ്യാനത്തിനുമായുള്ള വരവും താമസവും റോമായുടെ ഒരു പാരമ്പര്യമാണ്.