
ക്രൂശിതനായ ക്രിസ്തുവില്‍ ദൃഷ്ടി പതിച്ച് വീണ്ടുംവീണ്ടും നമുക്ക് അവിടുന്നില്‍ പരിരക്ഷിതരും നവീകൃതരുമാകാമെന്നാണ് പാപ്പാ നോമ്പുകാല സന്ദേശത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പാപങ്ങള്‍ കുമ്പസാരത്തില്‍ ഏറ്റുപറയുമ്പോള്‍ പാപങ്ങളില്‍ നിന്നും, അവയുടെ കുറ്റബോധത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമാക്കാന്‍ കരുത്തുള്ള ക്രിസ്തുവിന്റെ കാരുണ്യത്തില്‍ ഉറച്ചുവിശ്വസിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
അഗാധമായ സ്നേഹത്താല്‍ നമുക്കായി ചിന്തിയ അവിടുത്തെ തിരുരക്തത്തെ ധ്യാനിച്ച് സകലരും പാപക്കറകള്‍ കഴുകി വിശുദ്ധീകരിക്കപ്പെടട്ടെയെന്നും അങ്ങനെ ഈ തപസ്സിലൂടെ ക്രിസ്തുവില്‍ നവജീവന്‍ പ്രാപിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.
തപസ്സുകാലത്ത് തീവ്രമായ പ്രാര്‍ത്ഥന അനിവാര്യമാണെന്നും അതിനെ ഒരു കടമ്പയോ കടമയോ എന്നതിനെക്കാള്‍ എപ്പോഴും ആദ്യം എത്തുകയും നമ്മെ പരിപാലിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തോട് പ്രത്യുത്തരിക്കുവാനുള്ള ഒരു ആവശ്യമായും അവസരമായും തപസ്സിനെയും അതിന്റെ പ്രാര്‍ത്ഥനയെയും നാം കാണണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.