ഫാത്തിമായിലേയ്ക്ക് ഒരു യാത്ര

ഫാ. ടോം കൂട്ടുങ്കല്‍
ഫാ. ടോം കൂട്ടുങ്കല്‍

”യൂറോപ്പ് സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ നമുക്ക് ഫാത്തിമായിലേയ്ക്കു കൂടി ഒന്നു പോയാലോ തോമസച്ചാ?” ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നതിനുമുമ്പ് പൊടുന്നനെയുള്ള മാത്യു അച്ചന്റെ ചോദ്യത്തിന്, “ആ.. നോക്കാം” എന്നു മറുപടി പറഞ്ഞ് ഞാന്‍ ഫോണ്‍ താഴെ വച്ചു. സെമിനാരിയില്‍ ഒരുമിച്ചു പഠിച്ചവരാണ് ഞാനും മാത്യു അച്ചനും. വര്‍ഷങ്ങളായി തിരുവനന്തപുരത്തുള്ള സഭയുടെ ഒരു സ്ഥാപനത്തിന്റെ ഡയറക്ടായി സേവനം ചെയ്യുന്നു. അവധിക്കാലത്ത് സമയം കിട്ടുമ്പോള്‍ യൂറോപ്പിലുള്ള സഹവൈദികരെയും ഒപ്പം സാധിക്കുന്നത്ര സ്ഥലങ്ങളും കാണണമെന്ന് മാത്യു അച്ചന് ഒരാഗ്രഹം. എല്ലാ പിന്തുണയും ഞാനും വാഗ്ദാനം ചെയ്തു. അങ്ങനെ കഴിഞ്ഞ അവധിക്കാലത്ത് മാത്യു അച്ചന്‍ ജര്‍മ്മനിയിലെത്തി.

ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ കണ്ടുതീര്‍ന്ന് ഒരാഴ്ചയ്ക്കുശേഷം ഞങ്ങള്‍ ഫാത്തിമാ യാത്രയ്ക്കു തുടക്കമിട്ടു. ഒപ്പം, മാഡ്രിസില്‍ ഉപരിപഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോജോ അച്ചനെയും ഫാത്തിമായിലേയ്ക്കുള്ള യാത്രയില്‍ കൂടെക്കൂട്ടി. യാത്ര ആകാശമാര്‍ഗ്ഗം. 2 മണിക്കൂറിനുള്ളില്‍ ജര്‍മ്മനിയില്‍ നിന്നും പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസബോണില്‍ ഞങ്ങളെത്തി. സമയം രാവിലെ 10 മണി. ലിസബോണില്‍ നിന്നും വീണ്ടും ഒന്നര മണിക്കൂര്‍ യാത്ര ചെയ്യണം ഫാത്തിമായിലെത്താന്‍. എയര്‍പോര്‍ട്ടിന്റെ മുമ്പില്‍ നിന്നും ബസ്സ്‌റ്റേഷന്റെ അടയാളം കാണിച്ച ബോര്‍ഡിന്റെ ദിശയനുസരിച്ച് ബാഗുമെടുത്ത് ബസ്സ്‌റ്റേഷനിലേയ്ക്കു നടന്നു.

നമ്മുടെ നാട്ടിന്‍പുറത്തെ പോലുള്ള ഒരു ബസ് സ്റ്റേഷന്‍. അത്യവശ്യം ഭക്ഷണസാധനങ്ങളും സ്റ്റേഷനറി സാധനങ്ങളും ലഭിക്കുന്ന, എന്നാല്‍ അത്ര തിരക്കില്ലാത്തതുമായ സ്റ്റേഷന്‍. സീസണല്ലാത്തതുകൊണ്ട് മണിക്കൂറില്‍ ഒരു ബസ്‌ വീതമെ ഫാത്തിമായിലേയ്ക്കു;ള്ളൂ. ബസ് കാത്ത് ഏകദേശം അരമണിക്കൂറോളം അവിടെ നിന്നു. സാധാരണക്കാരായ ആളുകളുടെ വരവും പോക്കും കുട്ടികളുടെ ഓട്ടവും ബഹളവുമൊക്കെ സമയത്തെ പെട്ടെന്നു മുന്നോട്ടുനീക്കി. ഒരിക്കല്‍ക്കൂടി സ്റ്റേഷനിലെ ഓഫീസില്‍ ചെന്ന് ബസ് എവിടെ വരുമെന്നു ചോദിച്ചു. 11-ാം ഫ്‌ളാറ്റ്‌ഫോം എന്ന് കൃത്യമായ മറുപടി. പറഞ്ഞ സമയത്തു തന്നെ ബസ് വന്നു. കൃത്യസമയത്തു തന്നെ പുറപ്പെടുകയും ചെയ്തു.

ലിസബോണില്‍ നിന്നും ഫാത്തിമാ വരെ 13 യൂറോയാണ് യാത്രചിലവ്. ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര. നല്ല റോഡും വാഹനവമായിരുന്നതിനാല്‍ സുഖകരമായ യാത്ര. ലിസബണ്‍ നഗരത്തിനു പുറത്തു കടന്നുകഴിഞ്ഞപ്പോള്‍ കുറെ ഫാക്ടറികള്‍ കണ്ടു, പിന്നീട് കുറെ കൃഷിയിടങ്ങളും. ഇടയ്‌ക്കെങ്ങും സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ബസ് വളരെ സ്പീഡില്‍ തന്നെ മുന്നോട്ടു കുതിച്ചു. കൃഷിയിടങ്ങളും കഴിഞ്ഞ് കുറെ തരിശുഭൂമികള്‍, കൃഷിയ്ക്കായി ഉഴുതുമറിച്ച് ഒരുക്കിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍… കുറെ കണ്ടുകഴിഞ്ഞപ്പോള്‍ പതുക്കെ ഒരു ചെറുമയക്കത്തിലേയ്ക്കു വഴുതിവീണു.

”ദേ, ഫാത്തിമ ആയി, എണീല്‍ക്ക്” എന്ന മാത്യു അച്ചന്റെ സ്വരം കേട്ടാണ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. ഫാത്തിമായിലെ വളരെ ചെറിയ ബസ് സ്റ്റേഷന്റെ പുറത്ത് ബസ് നിര്‍ത്തി. ഫാത്തിമായില്‍ ഇറങ്ങാനുള്ള തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും സാധാരണക്കാരും ഇറങ്ങി. സീസണല്ലാത്തതിനാല്‍ തീര്‍ത്ഥാടകരുടെ അധികം തിരക്കും ബഹളവുമൊന്നുമില്ല. അതിനാല്‍ തന്നെ ഏതു ദിശയിലേയ്ക്കാണ് പോകേണ്ടതെന്നും കൃത്യമായി അറിയില്ല. കൂടുതല്‍ ആള്‍ക്കാര്‍ നടന്നതിന്റെ കൂടെ ഞങ്ങളും നടന്നു. വഴിയില്‍ ഒരു ചെറിയ കടയുടെ മുമ്പില്‍ Info എന്ന ബോര്‍ഡ് കണ്ടു. ഇവിടെ കയറി ചോദിച്ചാലോ എന്ന് ജോജോ അച്ചന്റെ അഭിപ്രായം ശരിവച്ചു. അകത്തേയ്ക്കു കയറിച്ചെന്ന ഞങ്ങളെ എതിരേറ്റത് സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഒരു യുവതിയാണ്. ശരിക്കും സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പായിരുന്നു അത്. പക്ഷേ, ഫാത്തിമായെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മാപ്പും മെഡലുകളും മറ്റു ഭക്തസാധനങ്ങളും ഷോപ്പില്‍ നിന്നും വാങ്ങാം.

കൂടെയുള്ള ജോജോ അച്ചന്‍ ആ പെണ്‍കുട്ടിയോട് സ്പാനിഷ് ഭാഷയില്‍ ഫാത്തിമായെക്കുറിച്ചു ചോദിച്ചു. സ്പാനിഷ് ഭാഷയ്ക്ക് പോര്‍ച്ചുഗീസ് ഭാഷയായി ചില സാമ്യങ്ങളൊക്കെയുണ്ട്. യൂറോപ്യന്‍സല്ലെന്നു മനസ്സിലായതിനാല്‍ അവള്‍ ഞങ്ങളോട് ഇംഗ്ലീഷിലാണ് മറുപടി പറഞ്ഞത്. പിന്നീട് ആംഗലേയ ഭാഷയിലായി സംസാരം. അവിടെ നിന്നു കിട്ടിയ ഒരു ലഘുലേഖയില്‍ നിന്നും ഫാത്തിമായെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു.

ഫാത്തിമ

2011-ലെ സെന്‍സസ് അനുസരിച്ച് 11,500-ഓളം ജനങ്ങള്‍ വസിക്കുന്ന ശാന്തവും മനോഹരവുമായ ഒരു ചെറുപട്ടണമാണ് ഫാത്തിമ. ഈ കൊച്ചുപട്ടണത്തിലെ ഏറ്റവും വലിയ ഇടവകയാണ് 7,700-ഓളം ആള്‍ക്കാരുള്ള ഫാത്തിമ. ഈ സ്ഥലത്തിന് ഫാത്തിമ എന്ന പേരു ലഭിച്ചതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.

12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മൗര്യപ്രഭുക്കളില്‍  ഒരുവന്റെ മകളായിരുന്നു സുന്ദരിയായ ഫാത്തിമ. അക്കാലത്ത് അവളെ പ്രവാചകനായ മുഹമ്മദിന്റെ മകളെന്നും വിളിച്ചിരുന്നു എന്നതാണ് ഐതിഹ്യം. 1158-ല്‍ ക്രിസ്ത്യന്‍ പടയാളികള്‍ ഫാത്തിമ എന്ന സ്ഥലം പിടിച്ചടുക്കുകയും ഫാത്തിമ എന്ന റാണിയെ തടവിലാക്കുകയും ചെയ്തു. എന്നാല്‍, അവിടെ വച്ച് തന്നെ തട്ടിക്കൊണ്ടു പോയ ഔറേമിലെ പ്രഭു ഗോന്‍കളോ ഹെര്‍ജിയുസുമായി ഫാത്തിമ പ്രണയത്തിലാവുകയും അവനോടുള്ള സ്‌നേഹത്തെപ്രതി മാമ്മോദീസ സ്വീകരിക്കുകയും ഔറിയേന എന്ന പേരു സ്വീകരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.

ഔറേമിയ പ്രഭുവില്‍ അവള്‍ക്കുണ്ടായ മക്കള്‍ ഫാത്തിമ എന്ന പേരു നിലനിര്‍ത്തുകയും മരണശേഷം അവള്‍ അടക്കപ്പെട്ട ആ സ്ഥലം ഫാത്തിമ എന്നു തന്നെ അറിയപ്പെടുകയും ചെയ്തു എന്നാണ് പോര്‍ച്ചുഗീസുകാരുടെ ഭാഷ്യം. ഫാത്തിമയെ ചുറ്റിപ്പറ്റി ഇന്നും ധാരാളം കഥകള്‍ വ്യത്യസ്തമായ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഒന്നിനും ചരിത്രപരമായ തെളിവുകള്‍ നിരത്താനില്ല.

ഫാത്തിമായിലെത്തിയപ്പോൾ

ഫാത്തിമായിലെത്തി ഞങ്ങള്‍ ബുക്ക് ചെയ്ത ഹോട്ടല്‍ കണ്ടുപിടിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഞങ്ങളുടെ താമസസ്ഥലം കണ്ടുപിടിച്ചു. സമയം 11 മണി. മുറിയിൽ ബാഗ്‌ വെച്ച് ഒന്ന് ഫ്രെഷായി. കുര്‍ബാന ചൊല്ലുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. നേരെ തീര്‍ത്ഥാടകര്‍ക്കായുള്ള ഓഫീസിലേയ്ക്കു നടന്നു. 12 മണിക്ക് ഇംഗ്ലീഷ് ഭാഷയില്‍ കുര്‍ബാനയുണ്ടെന്ന് ഓഫീസിലുള്ള ഒരു സിസ്റ്റര്‍ പറഞ്ഞു. മാതാവിന്റെ പള്ളിയുടെ മുമ്പിലായി വളരെ വിശാലമായ ഗ്രൗണ്ടാണുള്ളത്. അതിന്റെ ഒരറ്റത്ത് അണ്ടര്‍ഗ്രൗണ്ടില്‍ പല കപ്പേളകള്‍ ഉണ്ട്. അവിടെയാണ് ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് കുര്‍ബാനയര്‍പ്പിക്കാന്‍ സൗകര്യമുള്ളത്. വേനല്‍ക്കാലമായതിനാലും വിശാലമായ ഗ്രൗണ്ട് മുഴുവന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയിട്ടുള്ളതിനാലും അവിടം മുഴുവന്‍ ചുട്ടുപൊള്ളി കിടക്കുകയാണ്. എങ്കിലും ആ ചൂടത്തും ഗ്രൗണ്ടിന്റെ ഒരറ്റത്തു നിന്നും മാതാവിന്റെ പള്ളിയിലേയ്ക്ക് മുട്ടിന്മേല്‍ ഇഴഞ്ഞുനീങ്ങി നേര്‍ച്ചയും പരിഹാരവും നിറവേറ്റുന്നവരെയും ഞങ്ങള്‍ കണ്ടു.

ഞങ്ങള്‍ നേരെ അണ്ടര്‍ഗ്രൗണ്ടിലുള്ള കപ്പേളയിലെത്തി. അവിടെ പല കപ്പേളകളുണ്ട്. കുമ്പസാരിക്കാനുള്ള മുറികളും അവിടെത്തന്നെയാണ്. കപ്യാരെ കണ്ടുപിടിച്ച് ഏതു കപ്പേളയിലാണ് കുര്‍ബാനയെന്ന് കൃത്യമായി ഉറപ്പുവരുത്തി. ഇനിയും സമയമുള്ളതിനാല്‍ അതിലെ ഒന്നു ചുറ്റിക്കറങ്ങാം എന്നു കരുതി. അണ്ടര്‍ഗ്രൗണ്ടിലുള്ള എല്ലാ കപ്പേളകളിലൂടെയും കയറി. മനോഹരമായ അള്‍ത്താരകളോടു കൂടിയ കപ്പേളകള്‍. എല്ലാ കപ്പേളകളിലും 150 മുതല്‍ 200 ആളുകള്‍ക്ക് വരെ ഇരിക്കാം. അവിടെയല്ലാം ചുറ്റിക്കറങ്ങി വന്നപ്പോഴേയ്ക്കും സമയം 12 മണിയാകാറായി. സങ്കീർത്തിയില്‍ ചെന്ന് കുര്‍ബാനയക്കുള്ള ഉടുപ്പുകളണിഞ്ഞ് സഹകാര്‍മ്മികരായി ഞങ്ങളും വിശുദ്ധ ബലിയില്‍ പങ്കുചേര്‍ന്നു. പല രാജ്യക്കാര്‍ ഒരുമിച്ചുള്ള ഒരു വിശുദ്ധ കുര്‍ബാന.

ഉച്ചഭക്ഷണത്തിനുശേഷം ഫാത്തിമായിലൂടെ ഒന്നു ചുറ്റിക്കറങ്ങാമെന്നു കരുതി ഞങ്ങള്‍ മൂവരും നടക്കാനിറങ്ങി. കടകളിലൂടെയെല്ലാം കയറിയിറങ്ങി. സീസണല്ലാത്തതിനാല്‍ എവിടെയും വലിയ തിരക്കില്ല. ഫാത്തിമായെക്കുറിച്ച് സെമിനാരിക്കാലത്തു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും പലതും മറവിലേയ്ക്ക് മാഞ്ഞുപോയി. കടയിൽ കണ്ട ചില ലഘുലേഖകൾ മറിച്ചുനോക്കിയപ്പോൾ ഫാത്തിമയെക്കുറിച്ചു പണ്ട് വായിച്ച പല കാര്യങ്ങളും ഓർമ്മയിൽ തെളിഞ്ഞുവന്നു. അതിലെല്ലാം ഫാത്തിമയെക്കുറിച്ചുള്ള ചെറുവിവരണങ്ങൾ. കൂടാതെ, മനോഹരമായ നല്ല ഫോട്ടോകളും. ഫാത്തിമയിൽ ചെന്ന് നേരിട്ടറിഞ്ഞ ആ ചരിത്രത്തെക്കുറിച്ചു ഇനിയല്പം നിങ്ങളുമായി പങ്കുവയ്ക്കാം.

ഫാത്തിമയിൽ ചെന്ന് നേരിട്ടറിഞ്ഞ ചരിത്രം

കത്തോലിക്കാ സഭയുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഫാത്തിമാ. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തുന്ന അശരണരും രോഗികളുമായ തീര്‍ത്ഥാടകര്‍ക്ക് സൗഖ്യത്തിന്റെ കുളിര്‍മ കൊടുക്കുന്ന സ്ഥലം. ഇന്നു കാണുന്ന ഫാത്തിമായുടെ പേരും പ്രശസ്തിയും തുടങ്ങുന്നത് 1917-ലെ മെയ് 13-ാം തീയതി മുതല്‍ നടന്ന പരിശുദ്ധ അമ്മയുടെ അത്ഭുതകരമായ പ്രത്യക്ഷപ്പെടലുകളോടെ ഫാത്തിമായിലെ പ്രത്യേകമായ ദൈവിക ഇടപെടലുകള്‍ക്കും തുടക്കമായി എന്നു കരുതപ്പെടുന്നു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാത്തിമായില്‍ നടന്ന അത്ഭുതകരമായ കാര്യങ്ങള്‍ ലോകത്തിനു വെളിപ്പെട്ടത് അന്നവിടെ ജീവിച്ചിരുന്ന മൂന്ന് കുട്ടികളിലൂടെയായിരുന്നു – ലൂസിയ ഡോസ് സാന്താസ്, അവളുടെ സഹോദരങ്ങളായ ഫ്രാന്‍സിസ്‌കോ, ജസീന്ത മർത്തോ എന്നിവരിലൂടെ. 1913-ല്‍ മെയ്‌ മാസം 13-ാം തീയതിയാണ് തങ്ങളുടെ ആടുകളെ മേയിച്ചുകൊണ്ടിരുന്ന ഈ മൂന്നുകുട്ടികള്‍ക്കും മാതാവിന്റെ അത്ഭുതകരമായ ആദ്യത്തെ പ്രത്യക്ഷപ്പെടലുണ്ടാവുന്നത്. അന്നവര്‍ക്ക് പ്രത്യക്ഷപ്പെട്ട മാതാവ്, എല്ലാ മാസവും 13-ാം തീയതി ആ സ്ഥലത്ത് വരണമെന്ന് കുട്ടികളോട് ആവശ്യപ്പെട്ടു.

അത്ഭുതകരമായ ഈ സംഭവത്തിനെക്കുറിച്ചുള്ള ഭയം കൊണ്ടായിരിക്കാം, ആ വിവരം ആരോടും പറയേണ്ട എന്നു മൂന്നു കുട്ടികളും അവരുടെയിടയില്‍ തീരുമാനിച്ചു. പക്ഷേ, കൂട്ടത്തില്‍ ഇളയവളായ ലൂസിയായ്ക്ക് ആ രഹസ്യം  അടക്കിനിര്‍ത്താനായില്ല. തന്റെ ചില കൂട്ടുകാരോടും അയല്‍ക്കാരോടും ആ രഹസ്യം അവള്‍ പങ്കുവച്ചു. അങ്ങനെ അടുത്ത പ്രാവശ്യം, അതായത് 1917 ജൂണ്‍ 13-ന് രണ്ടാമത്തെ പ്രത്യക്ഷപ്പെടലുണ്ടായപ്പോള്‍, അത് നേരിട്ടു കണ്ട്, കുട്ടികള്‍ പറഞ്ഞത് ശരിയോ തെറ്റോ എന്നുറപ്പിക്കാനായി ഏതാനും പേര്‍ ജിജ്ഞാസഭരിതരായി അവിടെയെത്തി. 1916-ല്‍ തന്നെ ഇതേ കുട്ടികള്‍ക്ക് ഒരു മാലാഖ രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ടു എന്നു പറയപ്പെടുന്നു. എങ്കിലും ആരും അതത്ര കാര്യമായി എടുത്തില്ലത്രെ. 1930-ല്‍ പിന്നീട് ഒരു കന്യാസ്ത്രീയായിത്തീര്‍ന്ന ലൂസിയ അവളുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ആദ്യത്തെ പ്രത്യക്ഷപ്പെടലിനും ഒരു സ്ഥിരീകരണമുണ്ടായത്.

1917-ലെ ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ 13-ാം തീയതിയില്‍ മൂന്നു കുട്ടികള്‍ക്കും  മാതാവ് വീണ്ടും പ്രത്യക്ഷപ്പെടുകയും ഈ അത്ഭുതദര്‍ശനങ്ങള്‍ കണ്ട് ബോധ്യം വരാനുള്ള ആള്‍ക്കാരുടെ എണ്ണം കൂടിക്കൂടി വരുകയും ചെയ്തു. തിളങ്ങുന്ന ഒരു വെള്ളവസ്ത്രം ധരിച്ച് പ്രകാശം പരത്തുന്ന ഒരു രൂപമായിട്ടാണ് ഈ അവസരങ്ങളിലെല്ലാം മാതാവ് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ആറാമത്തേതും അവസാനത്തേതുമായ പ്രത്യക്ഷപ്പെടല്‍ 1917-ഒക്‌ടോബര്‍ 13-ാം തീയതിയാണ് സംഭവിച്ചത്. ലൂസിയയ്ക്കും ജസീന്തയ്ക്കും ഫ്രാൻസിസ്‌കോയ്ക്കുമൊപ്പം ഏകദേശം 70,000 ആള്‍ക്കാരും അന്നേദിവസം അത്ഭുതകരമായ ആ പ്രത്യക്ഷപ്പെടല്‍ കാണാന്‍ അവിടെ തടിച്ചുകൂടിയിരുന്നു. ചിലര്‍ക്കത് ഒരു സൂര്യാത്ഭുതം പോലെയും മറ്റുചിലര്‍ക്ക് നിര്‍വചിക്കാനാവാത്ത ഏതോ ഒരു വെളിച്ചത്തിന്റെ വികിരണം പോലെയും അനിര്‍വചനീയമായ ഒരു   പ്രകാശപ്രഭ പോലെയുമാണ് തോന്നിയത്.

1918-ല്‍ അവിടെ കല്ലുകളാല്‍ ഒരു ചെറിയ ചാപ്പല്‍ പണിതുയര്‍ത്തപ്പെട്ടു. അന്നു മുതല്‍ അവിടം മാതാവിന്റെ പ്രത്യേകമായ വണക്കത്തിനുള്ള സ്ഥലമായിത്തീരുകയും അനേകായിരങ്ങള്‍ അവിടേയ്ക്ക് ഒഴുകിയെത്തുകയും ചെയ്തു. പിന്നീട് ഫാത്തിമ എന്ന സ്ഥലം ‘അത്ഭുതങ്ങളുടെയും ദര്‍ശനങ്ങളുടെയും നാട്’ (Land of Miracles and Apparitions) എന്നും സമാധാനത്തിന്റെ പട്ടണം (City of Peace) എന്നും അറിയപ്പെട്ടു തുടങ്ങി. 1918-ല്‍ പണിത ചാപ്പലിനു ചുറ്റും പിന്നീട് ഒരു വലിയ ദേവാലയം പണിയുകയുണ്ടായി. 1930-ല്‍ മാതാവിന്റെ ദര്‍ശനപ്പള്ളിയില്‍ (Chapel of Apparitions) പരിശുദ്ധ അമ്മയുടെ വലിയൊരു രൂപം സ്ഥാപിച്ച് ആശീര്‍വദിക്കപ്പെടുകയുണ്ടായി. 1930 മെയ് 13-ന് ലായിറായിലെ ബിഷപ്പ് മാതാവിന്റെ അത്ഭുതകരമായ ഈ പ്രത്യക്ഷപ്പെടലുകളെല്ലാം വിശ്വാസയോഗ്യമാണെന്നു പ്രഖ്യാപിക്കുകയും വിശ്വാസികളുടെ പരസ്യമായ വണക്കത്തിനായി ഫാത്തിമാ എന്ന സ്ഥലം ലോകത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലിനൊപ്പം തന്നെ പ്രശസ്തമാണ് ഫാത്തിമാ രഹസ്യങ്ങളും. 1917 ജൂലൈ 13-ലെ മൂന്നാമത്തെ പ്രത്യക്ഷപ്പെടലില്‍ പരിശുദ്ധ അമ്മ ലൂസിയയ്ക്കും ജസീന്തയ്ക്കും ഫ്രാന്‍സിസ്‌കോയ്ക്കും മൂന്നു രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതാണ് ‘ഫാത്തിമാ രഹസ്യങ്ങള്‍’ എന്നറിയപ്പെടുന്നത്. മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീയായതിനുശേഷം 1941-ല്‍ ലൂസിയ ഒന്നാമത്തെയും രണ്ടാമത്തെയും രഹസ്യങ്ങള്‍ എഴുതിവച്ചു; 1944-ല്‍ മൂന്നാമത്തെയും.

ഒന്നാമത്തെയും രണ്ടാമത്തെയും രഹസ്യങ്ങള്‍ അപ്പോള്‍ തന്നെ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്താനുള്ള അനുവാദത്തോടെ സിസ്റ്റര്‍ ലൂസിയ അത് മാര്‍പാപ്പായ്ക്കു കൈമാറുകയുണ്ടായി. എന്നാല്‍, ഫാത്തിമാ മാതാവ് വെളിപ്പെടുത്തിയ മൂന്നാമത്തെ രഹസ്യം 1960-ാം ആണ്ടിനു ശേഷമേ വെളിപ്പെടുത്താവൂ എന്ന നിബന്ധനയും അവള്‍ പരിശുദ്ധ പാപ്പായ്ക്കു മുമ്പില്‍ വച്ചു. പിന്നീട് വന്ന ജോണ്‍ 23-ാം മാര്‍പാപ്പ മൂന്നാമത്തെ ആ രഹസ്യം തന്റെ കാലത്ത് വെളിപ്പെടുത്തേണ്ട എന്നു തീരുമാനിച്ചു. അവസാനം 2000-മാണ്ടിലാണ് ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം ലോകത്തിനു മുമ്പില്‍ റോം വെളിപ്പെടുത്തിയത്. എന്തായിരുന്നു ഫാത്തിമായിലെ മൂന്നു രഹസ്യങ്ങള്‍? ലോകം മുഴുവന്‍ കാതോര്‍ത്തിരുന്ന ഫാത്തിമായിലെ മൂന്നാമത്തെ ആ രഹസ്യമെന്തായിരുന്നു?…

ടോം കൂട്ടുങ്കൽ

(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.