(എല്ലാവരും പൊതു ആരാധനയ്ക്കായി മുട്ടിന്മേല്‍ നില്‍ക്കുന്നു. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നുള്ള ജപം 3 പ്രാവശ്യം ആവര്‍ത്തിച്ചു ചൊല്ലുന്നു. സ്ത്രീകളും പുരുഷന്മാരും മാറി മാറി ചൊല്ലണം).
പുരുഷന്മാര്‍: പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് (3 പ്രാവശ്യം)
സ്ത്രീകള്‍: എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ (3 പ്രാവശ്യം)
(തുടര്‍ന്ന് ഗായകസംഘം ഗാനരൂപത്തില്‍ ആലപിക്കുന്നു)
ഗായക: പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
എന്നുമെന്നും നിനക്കാരാധന (2)
പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണ ഹൃദയമോടും
പൂര്‍ണ്ണാത്മാവോടും ദൈവമേ
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു (2)
പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
എന്നുമെന്നും നിനക്കാരാധന (2)
കാര്‍മ്മി: പെസഹാവ്യാഴത്തിന്റെ സമ്മാനമായ വി.കുര്‍ബാന രാവിലെ ആഘോഷമായി നാം അര്‍പ്പിച്ചു. അതിനുശേഷം വി. കുര്‍ബാന എന്ന മഹാരഹസ്യത്തിന് മുന്നിലിരുന്ന് ഈ ദിനം മുഴു വന്‍ നാം അവിടുത്തെ ആരാധിച്ചു-സ്തുതിച്ചു-അവിടുത്തേക്ക് നന്ദി പറഞ്ഞു. ഈശോ നമ്മുടെ കൂടെയായിരുന്നു. അവിടുന്ന് പറഞ്ഞു: ”യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളുടെ കൂടെയായിരിക്കും” (മത്താ 28:19). മാറ്റമില്ലാത്ത അങ്ങയുടെ തിരുവചനത്തിന് ഈശോയെ ആരാധന. പരിധിയില്ലാതെ ഞങ്ങളെ സ്‌നേഹിക്കുന്നതിനും കുറവുകളില്ലാതെ സംരക്ഷിക്കുന്നതിനും ഈശോയെ ആരാധന. അങ്ങയുടെ ശരീരം ഞങ്ങള്‍ക്ക് ഭക്ഷണമായി തന്ന അങ്ങയുടെ സ്‌നേഹത്തിന് ആരാധന. ആത്മാവിലും സത്യത്തിലും ഞങ്ങള്‍ അങ്ങനെ ആരാധിക്കുന്നു.
ഗായക: ആരാധനക്കേറ്റം യോഗ്യനായവനെ
അനശ്വരനായ തമ്പുരാനെ
അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കും ഈ കാഴ്ചകള്‍
അവിരാമം ഞങ്ങള്‍ പാടാം
ആരാധനാ ആരാധന നാഥാ ആരാധനാ
(ഗായകസംഘം ആവര്‍ത്തിക്കുന്നു: ആരാധനാ ആരാധന നാഥാ- ആരാധന).
കാര്‍മ്മി: ഈശോയെ അങ്ങയുടെ അനുഗ്രഹങ്ങളെ ഓര്‍ത്ത്
ഗായക: ആരാധന….
കാര്‍മ്മി: മാതാപിതാക്കളെ സമര്‍പ്പിച്ചുകൊണ്ട്
ഗായക: ആരാധന….
കാര്‍മ്മി: പ്രിയപ്പെട്ട മക്കളെ സമര്‍പ്പിച്ചുകൊണ്ട്
ഗായക: ആരാധന….
കാര്‍മ്മി: ഞങ്ങളുടെ രോഗങ്ങളെയും സഹനങ്ങളെയും സമര്‍പ്പിച്ച്
ഗായക: ആരാധന….
കാര്‍മ്മി: സങ്കടങ്ങളെയും ഭാരങ്ങളെയും ഭരമേല്‍പ്പിച്ച്
ഗായക: ആരാധന….
കാര്‍മ്മി: ഇടവക കൂട്ടായ്മയെ സമര്‍പ്പിച്ച്
ഗായക: ആരാധന…. ആരാധന,
ആരാധന, യേശുവേ ആരാധന (2) (സ്വരം പടിപടിയായി താഴ്ത്തി)
കാര്‍മ്മി: ശാന്തമായി നമുക്ക് ഇരിക്കാം. (എല്ലാവരും ഇരിക്കുന്നു)
ഈ പെസഹാ ദിനത്തില്‍ നാം ഓര്‍ക്കേണ്ട, ധ്യാനിക്കേണ്ട 3 വ്യക്തിത്വങ്ങളുണ്ട്. ഒന്ന്, നമ്മുടെ കര്‍ത്താവായ ഈശോ; രണ്ട്, അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ്; മൂന്ന് ഈശോയെ തള്ളിപ്പറഞ്ഞ പത്രോസ്.
ഇവരുടെ ജീവിതത്തിലൂടെ യാത്ര ചെയ്ത്, നമ്മുടെ ജീവിതത്തെ നല്ല ഒരാത്മശോധനയ്ക്ക് വിഷയമാക്കിയും, തമ്പുരാനോടു മാപ്പപേക്ഷിച്ചും, നമ്മുടെ ജീവിതത്തെ തിരുത്തിയും ഈശോയ്ക്ക് നന്ദി പറഞ്ഞും അവിടുത്തെ സ്‌നേഹിച്ചും ഈ ആരാധനയുടെ നിമിഷങ്ങള്‍ നമുക്ക് ചിലവഴിക്കാം.
ഗായക: പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
എന്നുമെന്നും നിനക്കാരാധന (2)
കാര്‍മ്മി: പത്രോസിനെയും യൂദാസിനെയും ഈശോ തന്റെ ശിഷ്യന്മാരാക്കി. രണ്ട് സന്ദര്‍ഭങ്ങളില്‍ ഈശോ ഇരുവരെയും സാത്താന്‍ എന്നും വിളിക്കുന്നുണ്ട്. മത്താ. 16:23ല്‍ നാം വായിക്കുന്നു, ‘ഈശോ തിരിഞ്ഞ് പത്രോസിനോട് പറഞ്ഞു: സാത്താനെ എന്റെ മുന്നില്‍ നിന്ന് പോകൂ.’ കുരിശിന്റെ സഹനത്തില്‍ നിന്നും ക്രിസ്തുവിനെ പിന്‍തിരിപ്പിക്കാന്‍ പത്രോസ് ശ്രമിച്ചതിന്റെ പേരിലായിരുന്നു അത്.
നമുക്ക് ആത്മശോധന ചെയ്ത് പ്രാര്‍ത്ഥിക്കാം. ജീവിതത്തിന്റെ സഹനങ്ങളിലും കഷ്ടപ്പാടുകളിലും എന്റെ മനോഭാവം എന്ത്?
പ്രിയര്‍ക്കുവേണ്ടി സ്‌നേഹത്തോടെ സഹനം ഏറ്റെടുക്കാനും മുറുമുറുപ്പ് കൂടാതെ ക്ഷമിക്കാനും എനിക്ക് കഴിയുന്നുണ്ടോ? (നിശബ്ദത)
ഗായക: പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
എന്നുമെന്നും നിനക്കാരാധനാ
ഈ ലോക മോഹങ്ങളെക്കാള്‍
ഈ ലോക വിജ്ഞാനത്തേക്കാള്‍
എല്ലാറ്റിലും ഉപരിയായി
ഈശോയെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
കാര്‍മ്മി: കഫര്‍ണാമില്‍ വച്ചാണ് ഈശോ യൂദാസിനെ സാത്താന്‍ എന്ന് വിളിച്ചത്. നിങ്ങളില്‍ ഒരുവന്‍ പിശാചാണ് എന്നാണ് ഈശോ പറഞ്ഞത് (യോഹ. 6:71). പിന്നീട് യോഹ 13:27ല്‍ നാം വായിക്കുന്നു, ‘അപ്പക്കഷണം വാങ്ങിയ ഉടനെ സാത്താന്‍ അവനില്‍ പ്രവേശിച്ചു.’
കാര്‍മ്മി: നമുക്ക് ആത്മശോധന ചെയ്യാം; പ്രാര്‍ത്ഥിക്കാം. എന്റെ ജീവിതത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും ഞാന്‍ ഈശോയെ ഒറ്റിക്കൊടുക്കുന്നുണ്ടോ? ഈശോയോടാണോ? പണത്തോടാണോ എനിക്ക് കൂടുതല്‍ താല്‍പര്യം? (നിശബ്ദത)
ഗായക: ഈ ലോക സമ്പത്തിനെക്കാള്‍
ഈ ലോക ബന്ധങ്ങളേക്കാള്‍
എല്ലാറ്റിലും ഉപരിയായി
ഈശോയെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു (2)
പരിശുദ്ധ പരമമാം
ദിവ്യകാരുണ്യമേ എന്നുമെന്നും നിനക്കാരാധന (2)
കാര്‍മ്മി: പത്രോസിനോടും യൂദാസിനോടും അവര്‍ പരാജയപ്പെടുമെന്ന് ഈശോ മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്രോസ് ആ മുന്നറിയിപ്പ് തിരസ്‌ക്കരിച്ചുകൊണ്ട് പറഞ്ഞു. മത്താ 26:33ല്‍ നാം വായിക്കുന്നു. ”എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല”
യുദാസിനും സമാനമായ ഒരു മുന്നറിയിപ്പ് ഈശോ നല്‍കിയിരുന്നു. മത്താ 26:23 പറയുന്നു: ”എന്നോട് കൂടെ പാത്രത്തില്‍ കൈമുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും”.
ഈശോ പറഞ്ഞതുപോലെ പത്രോസ് അവിടുത്തെ തള്ളിപ്പറഞ്ഞ തിരുവചനഭാഗം നമുക്കിപ്പോള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാം.
(സഹായി : മത്താ. 26:69-74 വരെ വായിക്കുന്നു)
കാര്‍മ്മി: (വായന കഴിയുമ്പോള്‍) ഇവിടെ പത്രോസിന്റെ വീഴ്ചയുടെ നാഴികയായി. ഗദ്‌സമന്‍ തോട്ടത്തില്‍ പടയാളികള്‍ക്ക് യേശുവിനെ കാണിച്ചു കൊടുത്തപ്പോള്‍ യൂദാസും തിന്മയുടെ കൂട്ടുകാരനായി.
നമുക്ക് ഈ വചനം ശ്രവിക്കാം
(സഹായി: മത്താ. 26:47-50 വരെ വായിക്കുന്നു).
കാര്‍മ്മി: ഇരുവരെയും അവരുടെ തിന്മകളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും വിമോചിപ്പിക്കാന്‍ ഈശോ അവര്‍ക്കനുകൂലമായി നിലകൊള്ളുകയാണ്. വചനത്തില്‍ നിന്നും നമുക്കത് മനസ്സിലാക്കാം
(സഹായി: ലൂക്കാ 22:61-62 വായിക്കുന്നു).
കാര്‍മ്മി: ഒരു സ്‌നേഹിതനോടെന്നതുപോലെ ഇപ്രകാരം ചോദിച്ചു കൊണ്ടാണ് ഈശോ യൂദാസിന്റെ ചുംബനം ഏറ്റുവാങ്ങിയതും
(സഹായി: ലൂക്കാ 22:47-48 വായിക്കുന്നു).
കാര്‍മ്മി: ഈശോ തന്റെ നേത്രങ്ങള്‍ പത്രോസിനു നേരെയും അധരങ്ങള്‍ യൂദാസിനു നേരെയും തിരിച്ചു. തന്റെ തിരഞ്ഞെടുക്കപ്പെട്ടവരായ നമ്മെ ഓരോരുത്തരെയും വീണ്ടെടുക്കാനും രക്ഷിക്കാനും ഈശോ ഇതുപോലെ ഇന്നും വേദനയോടെ നമ്മെ നോക്കുന്നു. നമ്മോട് ചോദ്യം ചോദിക്കുന്നു.
കാര്‍മ്മി: നമുക്ക് മുട്ടിന്മേല്‍ ആയിരിക്കാം (എല്ലാവരും മുട്ടിന്മേല്‍ നില്‍ക്കുന്നു).
കരങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വച്ച് കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥിക്കാം. ഈശോയെ എന്നെ നോക്കണെ. എന്റെ ഹൃദയം കാണണമെ. അതിനെ നിര്‍മലമാക്കണമെ. ഈശോയെ എന്നോട് സംസാരിക്കണെ. എന്റേയും എന്റെ കുടുംബത്തിന്റെയും കുറവുകള്‍ പറഞ്ഞ് തരണമെ. തെറ്റുകള്‍ തിരുത്തി തരണെ.
ഗായക: നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ…
നേരായൊരുന്നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ (2)
കാര്‍മ്മി: ലോകസുഖങ്ങളാകുന്ന 30 വെള്ളിക്കാശിനുവേണ്ടിയുള്ള എന്റെ യാത്രയില്‍ ഈശോയെ അങ്ങയെ എനിക്ക് നഷ്ടമായല്ലോ. ഞായറാഴ്ച കുര്‍ബാന നഷ്ടപ്പെടുത്തിക്കൊണ്ടുള്ള എന്റെ വ്യഗ്രതകളെ ഞാനോര്‍ക്കുന്നു. ഒന്നും ലാഭകരമായില്ല, എന്ന് മാത്രമല്ല വലിയ സമ്പത്തായ അങ്ങയെ ഞാന്‍ നഷ്ടപ്പെടുത്തുകയും ചെയ്തു… ഈശോയെ എന്നോട് ക്ഷമിക്കണമേ.
ഗായക: അപരാധങ്ങള്‍ നീക്കണമെ… പാപകടങ്ങള്‍ മായ്ക്കണമെ
(എല്ലാവരും ചേര്‍ന്ന് ഒരിക്കല്‍കൂടി പാടുന്നു)
കാര്‍മ്മി: ശാന്തമായി നമുക്കിരിക്കാം (എല്ലാവരും ഇരിക്കുന്നു)
പത്രോസും യൂദാസും പശ്ചാത്തപിച്ചു. പക്ഷെ രണ്ടും തമ്മില്‍ താരതമ്യം ചെയ്യാനാവാത്തവിധം വ്യത്യാസമുണ്ടായിരുന്നു.
വചനത്തില്‍ നിന്നും പത്രോസിന്റെ പശ്ചാത്താപം നമുക്ക് ശ്രവിക്കാം.
(സഹായി വായിക്കുന്നു. ലൂക്കാ 22:61-62).
യൂദാസിന്റെ മനസ്സുമാറ്റം നമുക്ക് ശ്രവിക്കാം
(സഹായി: മത്താ 27:3-5).
ഇവരില്‍ ഒരാള്‍ ശിഷ്യരുടെ പട്ടികയില്‍ ഒന്നാമതും മറ്റേയാള്‍ അവസാനവും വരുന്നു. കാരണം, പത്രോസ് അനുതപിച്ചത് കര്‍ത്താവിലും കര്‍ത്താവിനോടുമാണ്. യൂദാസ് അനുതപിച്ചത് തന്നോടുതന്നെയായിരുന്നു. മാത്രമല്ല തനിക്ക് പാപത്തിന്റെ ശമ്പളം തന്നവനെ തേടിയാണ് പശ്ചാത്തപിക്കുന്ന മനസ്സുമായി യൂദാസു ചെന്നത്. നമുക്ക് ആത്മശോധന ചെയ്ത് പ്രാര്‍ത്ഥി ക്കാം. എന്റെ അനുതാപവും-കുമ്പസാരവും എങ്ങനെ? പേരിനുവേണ്ടി മാത്രമോ? അതോ ഉള്ളില്‍ തട്ടിയാണോ? (നിശബ്ദം).
ദൈവത്തില്‍ പ്രത്യാശപ്പെടാത്ത കുറ്റബോധം, നിരാശയിലേക്കും മരണത്തിലേക്കും നമ്മെ നയിക്കും. ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കുന്ന കുറ്റബോധം കരുണയിലേക്കും പാപ മോചനത്തിന്റെ സന്തോഷത്തിലേക്കും നമ്മെ നയിക്കും.
2 കോറി 7:10ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”ദൈവഹിത പ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍ ലൗകിക ദുഃഖം മരണത്തിലേക്ക് നയിക്കുന്നു”.
ദൈവത്തില്‍ അനുതപിക്കുന്നതും സ്വയം അനുതപിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണിത്. അതായത് പത്രോസും യൂദാസും അനുവര്‍ത്തിച്ച രീതികള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്.
ഗായക: കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ
കുരിശേ നമിച്ചീടുന്നു (3)
പത്രോസും യൂദാസും ഒരുമിച്ചു താമസിച്ചു. ഒന്നിച്ചു ഭക്ഷണം കഴിച്ചു. ഒരേ വചനം കേട്ടു; ഒരേ കര്‍ത്താവിനോടും ഇടപഴകി ജീവിച്ചു. എന്നിട്ടും എന്തേ ഇങ്ങനെ? ആന്തരികമായി അവര്‍ പുലര്‍ത്തിയ സമീപനമായിരുന്നു അവരുടെ ശിക്ഷയ്ക്കും രക്ഷയ്ക്കും കാരണമായത്.
വചനം വീണ്ടും നമ്മെ ജാഗരൂകരാക്കുന്നു.
(സഹായി: ലൂക്കാ 17:34-35 വായിക്കുന്നു)
കാര്‍മ്മി: (എല്ലാവരും എഴുന്നേറ്റ് നില്‍ക്കുക)
ഗായക: എണ്ണമേറും പാപത്താല്‍
ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ്
നീങ്ങിടുന്നു ജീവിതം
വീണുടഞ്ഞ മണ്‍പാത്രമാണ് ഞാന്‍ നാഥാ
വീണ്ടുമൊരു ജനനം നല്കീടണെ നാഥാ
കരുണ തോന്നണേ എന്നില്‍ അലിവ് തോന്നണെ
പാപിയാണ് ഞാന്‍ നാഥാ പാപിയാണ് ഞാന്‍ (2)
(ഗായകസംഘം കരുണ തോന്നണെ ആവര്‍ത്തിച്ചു പാടുന്നു).
കാര്‍മ്മി: യൂദാസ് ദേവാലയ പുരോഹിതന്മാരുടെ അടുത്തേക്ക് രക്തത്തിന്റെ വിലയായ 30 വെള്ളിക്കാശ് തിരികെ കൊണ്ടു ചെന്നു. അതെപ്പോഴും അങ്ങനെയായിരിക്കും. ക്രിസ്തുവിനെ ഉപേക്ഷിച്ചും തള്ളിപ്പറഞ്ഞും നാം എന്തു നേടിയാലും, ഉടനെയോ അല്‍പം കഴിഞ്ഞോ ആ നേടിയത് നമ്മെ മടുപ്പി ക്കും. നമുക്കത് പിന്നീട് വേണ്ടാതെയാകും.
വിശുദ്ധനായ യൂദാസാകേണ്ടവന്‍ ദ്രവ്യാഗ്രഹത്തിന്റെ പേരില്‍ ഒന്നുമല്ലാത്തവനായി. യൂദാസിന്റെ വീഴ്ചയുടെ ആദ്യപടി. പണത്തോടുള്ള ആര്‍ത്തിയായിരുന്നു.
വചനം നമുക്കത് വെളിപ്പെടുത്തി തരുന്നു.
(സഹായി: യോഹ. 12:2-6 വായിക്കുന്നു).
കാര്‍മ്മി: നമുക്ക് മുട്ടിന്മേല്‍ ആയിരിക്കാം. കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കാം (എല്ലാവരും മുട്ടിന്മേല്‍ നില്‍ക്കുന്നു).
ഈശോയെ ഏറ്റവും വലിയ സമ്പത്തായ അങ്ങയെ ഉപേക്ഷി ക്കാന്‍ എന്നെ അനുവദിക്കരുതെ. പണത്തോടുള്ള കൊതിയില്‍ നിന്നും എന്നെ മോചിപ്പിക്കണമെ. കൊടുക്കുന്നതിന്റെ ആത്മീയത എന്നെ പഠിപ്പിക്കണമെ. ”സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സ് ദുര്‍ബലമാവുകയും, ആ ദിനം ഒരു കെണിപോലെ നിങ്ങളുടെമേല്‍ വന്ന് വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍” എന്ന വചനം ഞങ്ങളുടെ ഹൃദയത്തില്‍ നിറയട്ടെ.
എല്ലാം മറന്ന് സമ്പാദിക്കുന്നതിനെക്കാള്‍, എല്ലാവരെയും ഓര്‍ത്ത് ദാനംചെയ്യാന്‍ എന്നെ പഠിപ്പിക്കണമെ. പരാതി കൂടാതെ പകുത്ത് നല്‍കിയ അങ്ങയുടെ സ്‌നേഹത്തെ ഞങ്ങള്‍ വാഴ്ത്തി പാടുന്നു
ഗായക: തിരുവോസ്തിയായ് എന്നിലണയും
സ്‌നേഹം ദൈവസ്‌നേഹം
അകതാരിലലിയാന്‍ വരുന്നു
സ്‌നേഹം എന്റെ ഈശോ
ഇത്ര ചെറുതാകാന്‍ എത്ര വളരേണം
ഇത്ര സ്‌നേഹിക്കാന്‍ എന്തുവേണം(2)
കാര്‍മ്മി: സ്‌നേഹത്തിന്റെ കൂദാശ മുറിച്ച് വിളമ്പുന്ന അത്താഴ മേശയ്ക്ക് ചുറ്റും നാം ഒരുമിച്ച് കൂടിയിരിക്കുകയാണ്. ഏതാനും നിമിഷം കഴിഞ്ഞാല്‍ നാം പെസഹാ ഭക്ഷിക്കും. പത്രോസും യൂദാസും എന്നിലുണ്ട്.
എഴുന്നേറ്റ് നിന്ന് നമുക്ക് വചനം ശ്രവിക്കാം.
(സഹായി: യോഹ. 13:21-30 വായിക്കുന്നു).
കാര്‍മ്മി: ദിവ്യകാരുണ്യം സ്വീകരിച്ച യൂദാസില്‍ പിശാച് പ്രവേശിച്ചു. അവ ന്‍ പുറത്തേക്ക് പോയി. അപ്പോള്‍ രാത്രിയായിരുന്നു. (നിശബ്ദം)
കാര്‍മ്മി: എന്റെ ദിവ്യകാരുണ്യ സ്വീകരണം എങ്ങനെ?
ദിവ്യകാരുണ്യ സ്വീകരണം എന്നെ ദൈവികതയിലേക്ക് ഉയര്‍ത്തുന്നുണ്ടോ? അതോ യൂദാസിനെപോലെ നാം അധപതിക്കുകയാണോ. ആത്മശോധന ചെയ്ത് പ്രാര്‍ത്ഥിക്കാം.
പൗലോസ് ശ്ലീഹ പറയുന്നതുപോലെ നമുക്ക് അന്ധകാരത്തി ന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധം ധരിക്കാം. പകലിന് യോജിച്ച വിധം നമുക്ക് പെരുമാറാം.
കാര്‍മ്മി: നമുക്ക് പരസ്പരം കൈകള്‍ കോര്‍ത്ത് പിടിക്കാം. ഞാന്‍ ചൊല്ലിത്തരുന്ന പ്രാര്‍ത്ഥന കണ്ണുകളടച്ച് മനസ്സില്‍ ഏറ്റു ചൊല്ലുക. സ്വരം ഇല്ലാതെ.
കാര്‍മ്മി: എന്നെ സ്‌നേഹിക്കുന്ന/എന്റെ ദിവ്യകാരുണ്യ ഈശോയെ/എനിക്ക് സമ്മാനമായി തന്ന/ അങ്ങയുടെ ശരീരത്തെ ഓര്‍ത്ത്/ ഞാന്‍ നന്ദി പറയുന്നു/ എന്റെ കുടുംബത്തെ അങ്ങയുടെ ആലയമായി/ മാറ്റേണമേ/ യൂദാസിനെ പോലെ അങ്ങയെ ഒറ്റു കൊടുക്കാനോ/ പത്രോസിനെപ്പോലെ തള്ളിപ്പറയാനോ/ എന്നെ അനുവദിക്കരുതേ/എന്റെ പാപങ്ങളോര്‍ത്ത്/പത്രോസിനെപോലെ/ ഞാന്‍ പശ്ചാത്തപിക്കുന്നു./ എന്റെ കുടുംബത്തിന്റെ/ പാപങ്ങളും കുറവുകളും/ വീഴ്ചകളും പരാജയങ്ങളും/ ഞാന റിയുന്നു/അങ്ങയുടെ ദിവ്യകാരുണ്യ സ്‌നേഹത്താല്‍/ഞങ്ങളെ വീണ്ടെടുത്ത് വിശുദ്ധീകരിക്കണമേ/ ലോകപാപങ്ങള്‍ക്ക്/ പരിഹാരമായി തീര്‍ന്ന കര്‍ത്താവെ/ ലോകത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്ത് ജീവിക്കാന്‍/ എന്നെ സഹായിക്കണമെ. ആമ്മേന്‍
കാര്‍മ്മി: നമുക്ക് കരങ്ങള്‍ കോര്‍ത്ത് പിടിക്കാം (കൈകള്‍ കോര്‍ത്തു പിടിച്ചുകൊണ്ട്).
ഗായക: എന്നെ കൈപിടിച്ചു നടത്തുന്ന സ്‌നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്‌നേഹം
എന്നെ തോളിലേറ്റും താരാട്ടു പാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്‌നേഹം
ആ സ്‌നേഹം ആ സ്‌നേഹം
ആ ദിവ്യസ്‌നേഹമാണ് ദൈവം (2)
കാര്‍മ്മി: പ്രതിസന്ധികളില്‍ പതറുകയും ഉള്‍വലിയുകയും ചെയ്ത പത്രോസ് രക്ഷകനോടൊപ്പം വിശ്വാസത്തോടെ തുടര്‍ന്നിരുന്നെങ്കില്‍ പത്രോസ് ഒരിക്കലും അവിടുത്തെ തള്ളി പറയുമായിരുന്നില്ല. സഭയിലും, കൂദാശകളിലും, ഈശോയുടെ പീഡാനുഭവ മരണത്തിലുമുള്ള വിശ്വാസം നമുക്ക് ഏറ്റു പറയാം.
കണ്ണുനീരോടെ നമുക്ക് വിശ്വാസം ഏറ്റു പറയാം. വിശ്വസിക്കാതിരുന്ന നിമിഷങ്ങളെ ഓര്‍ത്ത് പശ്ചാത്തപിക്കാം. വിശ്വാസത്തില്‍ അവിശ്വസ്തരാവാതെ ജീവിക്കാന്‍ വിശ്വാസത്തിന്റെ കരുത്ത് നല്‍കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
ഗായക: വിശ്വാസം നല്‍കണമെ നാഥാ
വിശ്വാസം നല്‍കണമെ (2)
എന്‍ ഹൃദയത്തില്‍ നീ വരണെ
വിശ്വാസം നല്‍കണമെ…
കാര്‍മ്മി: വിശ്വാസപൂര്‍വ്വം നമുക്ക് സഭയ്ക്ക് വേണ്ടിയും സഭയെ നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത പരിശുദ്ധ പിതാവിനു വേണ്ടിയും ഈ നിമിഷം പ്രാര്‍ത്ഥിക്കാം. വളരെയധികം വിശ്വാസ പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുമ്പോള്‍, അങ്ങേ പരിശുദ്ധാത്മാവിന്റെ ശക്തിയും നിറവും കൃപാവരങ്ങളും പിതാവിന്റെമേല്‍ ചൊരിയണമെ.
സഭയെയും രാഷ്ട്രത്തെയും ഐക്യത്തില്‍ സംരക്ഷിക്കണമെ. യുദ്ധങ്ങള്‍ ഒഴിവാക്കണമെ. യുദ്ധപ്രിയരായി കലഹിച്ചു നില്‍ക്കുന്ന ജനതകളെ ചിതറിക്കണമെ. വിനയത്തിലും വിശ്വാസത്തിലും ദൈവഭയത്തിലും ശാന്തവും വിശുദ്ധവുമായ ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്കിടയാവട്ടെ. ഞങ്ങള്‍ക്കല്ല കര്‍ത്താവെ ഞങ്ങള്‍ക്കല്ല നിന്റെ നാമത്തിന് മഹത്വമുണ്ടാകട്ടെ.
വൈദികര്‍ക്ക് വേണ്ടിയും സമര്‍പ്പണജീവിതം നയിക്കുന്നവര്‍ക്ക് വേണ്ടിയും നമുക്ക് ഈ നിമിഷം നിശബ്ദയില്‍ പ്രാര്‍ത്ഥിക്കാം. കുടുംബബന്ധങ്ങള്‍ വിശ്വാസത്തിലും വിശുദ്ധിയിലും ആഴപ്പെടട്ടെ (നിശബ്ദം).
കാര്‍മ്മി: മുട്ടിന്മേല്‍ നിന്ന് ഈശോയുടെ ആശീര്‍വാദം നമുക്ക് സ്വീകരിക്കാം.
(എല്ലാവരും മുട്ടിന്മേല്‍ നില്‍ക്കുന്നു)
ഇടറി വീഴുകയും തിരിച്ചുവരികയും ചെയ്ത പത്രോസ് എന്നും തനിക്ക് ലഭിച്ച നല്‍വരങ്ങളുടെ പേരില്‍ നന്ദിയുള്ളവനായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവ് പത്രോസിന്റെ ലേഖനങ്ങളാണ്.
അതിലെ ഏതാനും വാക്യങ്ങള്‍ നമുക്ക് ശ്രവിക്കാം (താഴെ വരുന്ന വചനങ്ങള്‍ വായിക്കുക).
സഹായി: 1 പത്രോ. 1:5-6, 1 പത്രോ. 1:18-19, 1 പത്രോ. 2:1-3, 1 പത്രോ. 2: 24.
നമുക്ക് ഹൃദയപൂര്‍വ്വം നന്ദി പറയാം. സഹനങ്ങളുടെ നടുവില്‍ ഈശോയോട് ചേര്‍ന്ന് നില്‍ക്കാം. യൂദാസുമാരാകാതെ, വീഴ്ചകളില്‍ പത്രോസിനെ പോലെ മനംനൊന്ത് കരഞ്ഞ് തിരിച്ചു വരാം.
(കുര്‍ബാനയുടെ ആശീര്‍വാദം. ആശീര്‍വാദ സമയത്ത് എല്ലാവരും സാഷ്ടാംഗം പ്രണമിച്ച് ഈശോയുടെ ആശീര്‍വ്വാദം സ്വീകരിക്കുന്നു.
(ആശീര്‍വാദത്തിനുശേഷം)
ഗായക: അനുതപിച്ചീടുവിനെല്ലാരും
സ്വര്‍ഗ്ഗരാജ്യം സമാഗതമായ്
ദൈവിക രാജ്യം കൈവരിക്കാന്‍
സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ (2)
ഫാ. സൈജു തുരുത്തിയില്‍ എം.സി.ബി.എസ്