കാരുണ്യത്തിന്‍റെ കവിത രചിക്കുന്ന ഇടയലേഖനങ്ങള്‍

ഫാ. നോബിള്‍ തോമസ്‌ പാറക്കല്‍

അപ്പസ്തോലന്മാരുടെ പിന്ഗാമികളായ മെത്രാന്മാര്‍ തങ്ങളുടെ ആത്മീയപാലനത്തിനായി ഭരമേല്പിക്കപ്പെട്ടവര്‍ക്ക് എഴുതുന്ന കത്തുകളാണ് ഇടയലേഖനങ്ങള്‍. വിശ്വാസവും ധാര്‍മ്മികതയും മാത്രമേ അവയില്‍ പരാമര്‍ശവിഷയമാകാവൂ എന്ന നിബന്ധനയില്ലാത്തതിനാല്‍ പല ഇടയലേഖനങ്ങളും സാമൂഹിക-രാഷ്ട്രീയപശ്ചാത്തലങ്ങളില്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. ഇടയലേഖനങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങളുമുണ്ടായിട്ടുണ്ട്. വര്‍ത്തമാനകാലകേരളം സാക്ഷ്യംവഹിച്ച പ്രളയക്കെടുതികളോട് അനുബന്ധമായിട്ടാണ് ഇപ്പോള്‍ ഇടയലേഖനങ്ങള്‍ മെത്രാന്മാര്‍ പുറപ്പെടുവിക്കുന്നത്. വ്യാജവും നിര്‍വ്യാജവുമായ കാരണങ്ങളുടെ പേരില്‍ സഭ വിമര്‍ശനവിധേയമാകുന്പോഴും ഇടയലേഖനങ്ങളും മറ്റ് സര്‍ക്കുലറുകളും രേഖപ്പെടുത്തുന്നത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പരസ്പരസഹകരണത്തിന്‍റെയും ഭാഷയാണ്. ക്രൈസ്തവസ്നേഹം എന്താണെന്നും തിരുസ്സഭയുടെ കാരുണ്യത്തിന്‍റെ മുഖം പ്രകടമാകുന്നത് എപ്രകാരമാണെന്നും പീഡിപ്പിക്കപ്പെടുന്പോഴും സ്നേഹിക്കേണ്ടത് എങ്ങനെയാണെന്നും പരാജയങ്ങള്‍ക്കിടയിലും വിശുദ്ധിക്കു വേണ്ടി അഭിലഷിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്നും ഇവ നമ്മെ പഠിപ്പിക്കുന്നുണ്ട്:

1. മാര്‍ ജോസ് പൊരുന്നേടം (മാനന്തവാടി രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 9) – കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദുരിതാശ്വാസക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നതിനായി ഇടവകകളിലെ പാരിഷ്ഹാളുകളും ഓഡിറ്റോറിയങ്ങളും അത്യാവശ്യഘട്ടങ്ങളില്‍ പള്ളികളടക്കം തുറന്നുകൊടുക്കണമെന്ന നിര്‍ദ്ദേശം. (ആഗസ്റ്റ് 18) അയല്‍ഭവനങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഹ്വാനം. പുറത്തുപറയാന്‍ പറ്റാതെ ദരിദ്രരായിരിക്കുന്നവരെ വീടുകള്‍ സന്ദര്‍ശിച്ച് കണ്ടെത്തുകയും വികാരിയച്ചന്മാര്‍ വഴി രൂപതാകേന്ദ്രത്തില്‍ അറിയിക്കുകയും വേണം. തീര്‍ച്ചയായും എല്ലാവര്‍ക്കും ഭക്ഷണമെത്തിക്കും. (ആഗസ്റ്റ് 20) ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിലേക്ക് കണ്ണോടിക്കുക. പ്രത്യാശയോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക. (ആഗസ്റ്റ് 22) വീട് ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപ്പെട്ടവര്‍ക്ക് വീടുവെക്കാന്‍ നാം സഹായിക്കണം. വ്യക്തികളും ഇടവകകളും കൈവശമുള്ള സ്ഥലത്തില്‍ നിന്ന് ഇതിനായി നല്കാന്‍ തയ്യാറാകണം. കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുതിയ ഭവനങ്ങള്‍ ആവശ്യമുള്ളവരുടെ കണക്കെടുക്കുകയും അത് രൂപതാകേന്ദ്രത്തിലെത്തിക്കുകയും വേണം. മറ്റെല്ലാവിധത്തിലും സഹായങ്ങളാവശ്യമുള്ളവരെ സഹായിക്കാന്‍ നാം ബദ്ധശ്രദ്ധരാകണം. (സെപ്തംബര്‍ 4) ഇടവകകളും ക്രൈസ്തവജീവിതവുമായി ബന്ധപ്പെട്ടതുമായ എല്ലാവിധ ആഘോഷങ്ങളും തിരുനാളുകളും വാര്‍ഷികങ്ങളും കലാപരിപാടികളും വര്‍ണശബളമായ പ്രദക്ഷിണങ്ങളും വെടിക്കെട്ടും ഒഴിവാക്കി മിച്ചം വരുന്ന തുക രൂപതയിലെ ഭവനരഹിതര്‍ക്കും ജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും നല്കുവാനുള്ള ആഹ്വാനം.

2. മാര്‍ ജേക്കബ് മനത്തോടത്ത് (പാലക്കാട് രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 9) – ദേവലായങ്ങളും അനുബന്ധസ്ഥാപനങ്ങളും തുറന്നുകൊടുക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുവാനും നിര്‍ദ്ദേശം. (ആഗസ്റ്റ് 26) ദുരിതബാധിതരെ സഹായിക്കുന്നതിനായി രൂപതാദിനം ഒഴിവാക്കി  ആ തുക ഉപയോഗിക്കാന്‍ തീരുമാനം. അതിനായി രൂപതാദിനപിരിവ് ഉടന്‍ നടത്തുകയും രൂപതാകേന്ദ്രത്തിലെത്തിക്കുകയും വേണം.

3. മാര്‍ പോളി കണ്ണൂക്കാടന്‍ (ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 12) – ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രൂപതയിലെ മുഴുവന്‍ വിശ്വാസികളും മുന്നോട്ടു വരണം. ദുരിതബാധിതരെയും രക്ഷാപ്രവര്‍ത്തകരെയും സഹായിക്കാന്‍ കഴിയും വിധമെല്ലാം പരിശ്രമിക്കണം. തിരുനാളുകള്‍ ലളിതമാക്കി ദുരിതനിവാരണത്തിലേക്ക് ശ്രദ്ധയൂന്നണം. (സെപ്തംബര്‍ 10) രൂപതയില്‍ അതിജീവനവര്‍ഷം പ്രഖ്യാപിച്ചു. 1000 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാസാമാസം സാന്പത്തികസഹായം നല്കും. മറ്റ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങളെ ഏകോപിക്കും. സര്‍ക്കാരുമായി സഹകരിക്കും. എല്ലാ വൈദികരുടെയും ഒരു മാസത്തെ അലവന്‍സ് നല്കും. എല്ലാവരും ചിലവുകള്‍ ചുരുക്കി സഹകരിക്കണം.

4. കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമ്മിസ് (സീറോ മലങ്കര സഭാദ്ധ്യക്ഷന്‍, ആഗസ്റ്റ് 12) – ദേവാലയങ്ങളും സ്ഥാപനങ്ങളും പാസ്റ്ററല്‍ സെന്‍ററുകളുമെല്ലാം പ്രളയബാധിതര്‍ക്കായി തുറന്നുകൊടുക്കാനുള്ള ആഹ്വാനം.

5. മാര്‍ റാഫേല്‍ തട്ടില്‍ (ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 16) – ദുരിതബാധിതരെ അനുസ്മരിച്ച് ഓണം പോലുള്ള എല്ലാ ആഘോഷങ്ങളും ഒഴിവാക്കി രൂപതയുടെ സാമൂഹ്യസേവനവിഭാഗം വഴി പണം സ്വരൂപിക്കാനുള്ള ആഹ്വാനം. ഒരു ഞായറാഴ്ചയിലെ സ്തോത്രക്കാഴ്ചയും ഈ ഉദ്ദേശത്തിലേക്ക് വരവുവെക്കണമെന്ന നിര്‍ദ്ദേശം.

6. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC, ആഗസ്റ്റ് 16) – വിശ്വാസികളുടെയും എല്ലാ സഭാസംവിധാനങ്ങളുടെയും വകയായി ഒരു തുക കെസിബിസി സെക്രട്ടറിയേറ്റില്‍ എത്തിക്കുവാനുള്ള ആഹ്വാനം. ഭാരതത്തിലെ എല്ലാ രൂപതകളില്‍ നിന്നും ശേഖരിക്കുന്ന തുകകളുമായി കൂട്ടിച്ചേര്‍ത്ത് കാരിത്താസ് ഇന്ത്യയോട് സഹകരിച്ച് കേരളത്തിലെ ദുരിതബാധിതരുടെ അടുക്കലേക്ക് എത്തിച്ചേരാന്‍ ശ്രമം. എല്ലാ സഭാസംവിധാനങ്ങളോടും പൂര്‍ണമായും സര്‍ക്കാരിനോട് സഹകരിക്കാനുള്ള ആഹ്വാനം.

7. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍, ആഗസ്റ്റ് 16) – പ്രളയക്കെടുതിയില്‍ പ്രാര്‍ത്ഥനയിലും പ്രവര്‍ത്തിയിലും വ്യാപൃതരാവുക. സര്‍ക്കാരിനോടും ദുരിതാശ്വാസപ്രവര്‍ത്തകരോടും സഹകരിച്ചു പ്രവര്‍ത്തിക്കുക.

8. മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് (തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 19) – എല്ലാം മറന്ന് നമ്മുടെ സഹോദരങ്ങളെ സഹായിക്കണം. ഭക്ഷണവും അവശ്യവസ്തുക്കളുമായി അവരെ തേടിച്ചെല്ലാന്‍ സാധിക്കണം.

9. മാര്‍ ജോസഫ് പെരുന്തോട്ടം (ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 20) – കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്ക് നല്ല അയല്‍ക്കാരനാകാന്‍ രൂപതക്ക് കഴിഞ്ഞു. മൂന്നരലക്ഷം പേരില്‍ 90 ശതമാനം പേരെയും മൂന്നു ദിവസം കൊണ്ട് പുറത്തെത്തിക്കാന്‍ കഴിഞ്ഞത് രൂപതയിലെ കൂട്ടായ്മയുടെ അത്ഭുതമാണ്. തുടര്‍ന്നും എല്ലാവരും സഹകരിക്കണം. (ആഗസ്റ്റ് 29) കുട്ടനാടിന്‍റെ പുനര്‍സൃഷ്ടിയെക്കുറിച്ചുള്ള വിചിന്തനങ്ങള്‍. എന്തൊക്കെ ശ്രദ്ധിക്കണം, എന്തെല്ലാം ചെയ്യണം എന്നീ നിര്‍ദ്ദേശങ്ങള്‍ മലിനീകരണനിയന്ത്രണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. കര്‍ഷകരെ പുനരുദ്ധരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കുട്ടനാടിനൊടൊപ്പം സഭയും രൂപതയും ഉണ്ടെന്ന ഉറപ്പ് (പിന്നീട് കുട്ടനാടിന് വേണ്ടി ചങ്ങനാശ്സേരി അതിരൂപത 100 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്).

10. മാര്‍ തോമസ് ഇലവനാല്‍ (കല്യാണ്‍ രൂപതാദ്ധ്യക്ഷന്‍, ആഗസ്റ്റ് 24) – രൂപതയിലെ എല്ലാ വൈദികരും ഒരു മാസത്തെ ജീവനാംശം സംഭാവന ചെയ്യണം. ഏറ്റവും അര്‍ഹരമായ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപാവീതം ഭവനനിര്‍മ്മാണത്തിന് സഹായം നല്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും കാരിത്താസ് ഇന്ത്യക്കും സംഭാവനകള്‍ നല്കും.

11.  ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ (വരാപ്പുഴ ആര്‍ച്ചുബിഷപ്പ്, സെപ്തംബര്‍ 2) – തിരുനാള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നിര്‍ദ്ദേശം. അവശ്യം ആവശ്യമായവ ലളിതമായി നടത്തണം. പ്രളയബാധിതപ്രദേശങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് ഏവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം (ഒപ്പംതന്നെ ആര്‍ച്ചുബിഷപ്പ് തന്‍റെ വാഹനം ലേലം ചെയ്ത് ആ തുകയും ദുരിതാശ്വാസനിധിയിലേക്ക് വരവുവെച്ചു).

12. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപതാദ്ധ്യക്ഷന്‍) – ഇടുക്കിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് കൈവശം അധികമിരിക്കുന്ന സ്ഥലവും കഴിയുന്നവര്‍ മറ്റ് സഹായങ്ങളും നല്കണമെന്ന് നിര്‍ദ്ദേശം. ഇടവകകളും തങ്ങളുടെ കൈവശമുള്ള സ്ഥലം നല്കാന്‍ തയ്യാറാകണം. (ആഹ്വാനപ്രകാരം ഇപ്പോള്‍ത്തന്നെ എട്ടേക്കറിലേറെ സ്ഥലം ലഭ്യമായതായാണ് അറിവ്).

13. മാര്‍ ജോസഫ് കല്ലറങ്ങാട്ട് (വീഡിയോ സന്ദേശം, സെപ്തംബര്‍) -ഉത്തരവാദിത്വങ്ങള്‍ അവസാനിച്ചിട്ടില്ല. ഇനിയും ഏറെ ദൂരം പോകാനുണ്ട്. എല്ലാവരും ദൈവജനവും ഇടവകകളും സഹകരിക്കണം. സാധുക്കളെ സഹായിക്കാന്‍ വേണമെങ്കില്‍ ഇടവകകളുടെ പൊന്നിന്‍കുരിശുപോലും വില്‍ക്കാന്‍ മടികാണിക്കരുതെന്ന് നിര്‍ദ്ദേശം.

സമാപനം

മേലുദ്ധരിച്ചവയെല്ലാം ഒരുതെരച്ചിലില്‍ ലഭ്യമായവ മാത്രമാണ്. എല്ലാ രൂപതകളും രൂപതാദ്ധ്യക്ഷന്മാരും ഏര്‍പ്പെടുന്ന നവീകരണ, പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് കണക്കുണ്ടാക്കുക അസാദ്ധ്യമാണ്. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്‍റെ കണക്കനുസരിച്ച് 40 കോടി രൂപയുടെ സഹായമാണ് പ്രളയത്തിന്‍റെ പ്രാഥമികദിനങ്ങളില്‍ കേരളസഭ ചിലവാക്കിയത്. ഭാരതസഭയുടെ സാമൂഹ്യസേവനവിഭാഗമായ കാരിത്താസ് ഇന്ത്യ ഉദ്ദേശം 9 കോടിയോളം രൂപയുടെ സഹായം പലവിധത്തില്‍ വിവിധ ജില്ലകളിലായി നല്കിയിട്ടുണ്ട്. സാമൂഹ്യസേവനവിഭാഗങ്ങളുടെയും രൂപതകളുടെയും തുടര്‍പദ്ധതികള്‍ ഇനിയും കോടികളുടെ സാന്പത്തികച്ചിലവ് വരുന്നതും കഠിനമായ പ്രയത്നവും കൂട്ടായ്മയും ആവശ്യപ്പെടുന്നതുമാണ്. പിതാക്കന്മാരുടെ കത്തുകളോടും അഭ്യര്‍ത്ഥനകളോടും സഹകരിക്കാന്‍ കഴിയുന്പോള്‍ കേരളസഭയുടെ കാരുണ്യത്തിന്‍റെ കരങ്ങള്‍ക്ക് ജാതിമതഭേദമെന്യേ വേദനിക്കുന്ന എല്ലാവരെയും ആലിംഗനം ചെയ്യാന്‍ കഴിയും.

ഫാ. നോബിള്‍ തോമസ്‌ പാറക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.