
ഒക്ടോബർ മാസം. പത്തു ദിവസത്തെ ആഘോഷമായ കൊന്ത നമസ്കാരം. സമാപനചടങ്ങിന്റെ കൊഴുപ്പുകൂട്ടാന്‍ കൊന്തയുമേന്തി പ്രദക്ഷിണം. പ്രദക്ഷിണത്തെ വളരെ മേളമാക്കി ഉച്ചത്തിലുളള അപേക്ഷകളും ഗാനങ്ങളും. പലരും ഇതു കണ്ടിരിക്കും. പതിവിനു വിരുദ്ധമായ ഈ പതിവിന്റെ അര്‍ത്ഥമെന്തെന്ന് ചിലരെങ്കിലും അന്വേഷിക്കും. നമ്മോടുതന്നെ നമുക്കൊന്നു ചോദിക്കാം. എന്തിനാണിതൊക്കെ? ഇതൊരു പതിവല്ലേ, ഇക്കുറിയെന്തിനു മുടക്കുന്നു എന്നാണോ ഉത്തരം. അല്ല. അതിനുമപ്പുറത്തെത്തി നില്ക്കുന്ന ദര്‍ശനമുണ്ടാകണം. എങ്കിലേ ആഘോഷം അര്‍ത്ഥവത്താകു.
കൊന്തയുടെ ചരിത്ര പശ്ചാത്തലം വ്യക്തമാക്കാം. എന്നിട്ട് കൊന്ത നമസ്കാരത്തിന്റെ അര്ത്ഥമന്വേഷിക്കാം. ഒരു കാര്യം വ്യക്തം. യേശു തുടങ്ങി വച്ച പ്രാര്‍ത്ഥനയല്ല ജപമാല. ബൈബിളില്‍ കൊന്ത ചൊല്ലാന്‍ ഒരിടത്തും നിര്‍ദ്ദേശവും ഇല്ല. കത്തോലിക്കാസഭയുടെ തലവനായ മാര്‍പ്പാപ്പ ഔദ്യോഗികമായി കല്പിച്ചതിന്റെ പേരില്‍ ആരംഭിച്ചിട്ടുളള ആചാരവുമല്ല ജപമാല. തുടക്കമിങ്ങനെയാണ്. പണ്ട് ആദിമ ക്രൈസ്തവരില്‍ ഭക്തി കൂടിയിവര്‍ സങ്കീര്‍ത്തനം മുഴുവനും ദിനംപ്രതി ചൊല്ലുമായിരുന്നു. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ 150 സങ്കീര്‍ത്തനങ്ങളും ദിനംപ്രതി ഉരുവിടുക പ്രായാസമായി തോന്നി. തത്കാലം 150 സങ്കീര്‍ത്തനങ്ങള്‍ക്കു പകരം 150 നന്മനിറഞ്ഞ മറിയം ചൊല്ലുന്ന പതിവാരംഭിച്ചു. പിന്നീട് വീണ്ടും ചുരുങ്ങി. അത് 53 മണി ജപമായി മാറി. ഇന്ന് ചിലയിടങ്ങളില്‍ എട്ടു നന്മനിറഞ്ഞമറിയത്തില് ജപമാല അവസാനിപ്പിക്കുന്ന ആധുനിക സംസ്കാരവും നിലവിലുണ്ട് എന്ന് വ്യക്തമാക്കിക്കൊളളട്ടെ!
കൊന്ത ചൊല്ലിയില്ലെങ്കില്‍ എല്ലാം തീര്‍ന്നു എന്നു കരുതിയാല്‍ അത് തെറ്റ്. വല്ലവിധേനയും കൊന്ത ചൊല്ലിയാല്‍ എല്ലാമായി എന്നു ചിന്തിച്ചാല്‍ അതും തെറ്റ്. ഒരു വിശ്വാസി കൊന്തയെ വിശകലനം ചെയ്താല്‍ എങ്ങിനിരിക്കുമെന്നു നോക്കാം. അരമീറ്റര്‍ പോലും നീളമില്ലാത്ത ഒരു ചരട്. ചരടിന്റെ ഇടക്കിടെ കുറെ കുരു. ഒരറ്റത്ത് തലങ്ങനെയും വിലങ്ങനെയും വച്ചു കെട്ടപ്പെട്ട രണ്ടു കമ്പുകള്‍. തീര്‍ന്നു. വിശകലനം ചെയ്താല്‍ അത്രയുമാണ് കൊന്ത. ഇതിലൊന്ന് വഴിയില്‍ കിടക്കുന്നതുകണ്ടാല്‍ തൊഴിച്ചു മാറ്റിയിട്ട് അയാള്‍ നടന്നുപോകുകയേയുളളു. എന്നാല്‍ കൊന്ത എല്ലാമാണുതാനും. വിശ്വാസിക്ക് ജപമാലയില്‍ എല്ലാ രഹസ്യങ്ങളും കുടികൊളളുന്നു.
ഒരു സംഭവം. 1985 നവംബറില്‍ ഫിലിപ്പെന്‍സില്‍ വിപ്ലവം നടന്നു. മാര്‍ക്കോസിന്റെ ഭരണകൂടത്തിന്റെ കോനാകൃതികളും മാര്‍ക്കോസ് കുടുംബത്തിന്റെ കുത്തഴിഞ്ഞ ജീവിതവും ജനത്തിന്റെ പട്ടിണിയും അവരെ രോഷാകുലരാക്കി. മാര്‍ക്കോസിന്റെ ഒരു പ്രതിരോധമന്ത്രി കാലുമാറി. ജനം പിന്തുണക്കുന്ന കോറസീന് അക്വിനോ ഒരു മിലിട്ടറി ക്യാമ്പില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ആര്‍ത്തുല്ലസിച്ച ജനം, കന്യാസ്ത്രീകളും വൈദ്യകവിദ്യാര്ത്ഥികളുമടക്കം മിലിട്ടറി ക്യാമ്പിനുചുറ്റും ഒരുമിച്ചുകൂടി. ലക്ഷക്കണക്കിനു അക്വീനോ അനുകൂലികളെകൊണ്ട് അവിടമൊരു ജനസമുദ്രായി, ജനപ്രളയമായി.
മാര്‍ക്കോസ് ഉത്തരവിട്ടു. ജനം പിരിഞ്ഞുപോ. അക്വീനോ കീഴടങ്ങു. കൂറ്റന്‍ ടാങ്കുകളില്‍ യന്ത്രത്തോക്കു ഘടിപ്പിച്ചു. പട്ടാളക്കാരെ അയച്ചിട്ട് ആജ്ഞാപിച്ചു. ‘ജനം പിരിഞ്ഞുപോയിപ്പെങ്കില് ജനമദ്ധ്യത്തിലൂടെ നൂറുകണക്കിന് ടാങ്കുകള്‍ പറപ്പിക്കുക. അവര്‍ ചതഞ്ഞരയട്ടെ!’ പട്ടാളക്കാര്‍ ടാങ്കുകളില്‍ പാഞ്ഞെത്തി. ഉച്ചഭാഷണികളിലൂടെ മാര്‍ക്കോസിന്റെ ഉത്തരവു മുഴക്കി. ജനം ഓടി മാറുന്നല്ല. ടാങ്കുകള്‍ നിരനിരയായി വന്ന് ജനത്തെ തൊട്ടു തൊട്ടില്ല എന്നായി. എന്നിട്ടും ജനം ഓടി രക്ഷപെടുന്നില്ല. പട്ടാളക്കാര്‍ കണ്ടു. തങ്ങളുടെ ടാങ്കിനുമുമ്പില് മരണവും കാത്ത് ഉയര്‍ത്തിപ്പിടിച്ച ജപമാലയുമായി മുട്ടിന്മേല് നിന്നുകൊണ്ട് കേഴുന്ന സ്വന്തം അപ്പനമ്മമാരെയും സഹോദരീ സഹോദരങ്ങളെയും ഓടിക്കുകയെന്ന തങ്ങളുടെ നേതാവിന്റെ കല്പന ഒരു വശത്ത്. ഉറ്റവരുടെയും ഉടയവരുടെയും ത്രാസില്‍ തൂങ്ങുന്ന ജീവിതം മറുവശത്ത്. പട്ടാളക്കാര്‍ ടാങ്കുകള്‍ ഉപേക്ഷിച്ചു നാടുവിട്ടു. അങ്ങനെ വിപ്ലവം ജയിച്ചു. പട്ടാളക്കാര്‍ക്ക് മാര്ക്കോസിനോടുളള ബന്ധം വ്യക്തിപരമായ ഒരനുഭവമായിരുന്നില്ല. എന്നാല്‍ ഉറ്റവരും സ്വന്തക്കാരുമായുളള ബന്ധം അനുഭവമായിരുന്നു. അതിനുമുമ്പില്‍ മാര്‍ക്കോസിനെ അവര്‍ മറുന്നു.
ഒരടുപ്പത്തിന്റെ കഥയാണ് കൊന്ത. കൊന്തയില്‍ ഒരടുപ്പമുണ്ട്. അടുത്തടുത്ത കൊന്തക്കുരുക്കള് എണ്ണി അടുപ്പിച്ചടുപ്പിച്ച് നന്മനിറഞ്ഞ മറിയം ചൊല്ലുമ്പോഴുളള അടുപ്പം. ഇതല്ല വിവക്ഷ. കൊന്തക്കു പിന്നിലെ വലിയൊരു അടുപ്പത്തിന്റെ ചരിത്രമാണ്. ബന്ധത്തിന്റെ ചരിത്രം. സ്നേഹബന്ധത്തിന്റെ ചരിത്രം. കൂട്ടിന്റെ, കൂട്ടിക്കെട്ടലിന്റെ, ഒന്നിക്കലിന്റെ, ഒരുമയുടെ ചരിത്രം. പ്രപഞ്ചത്തിന്റെ മുഴുവന്‍, മനുഷ്യരുടെ മുഴുവന്‍ മാതൃത്വമേറ്റെടുത്ത മറിയത്തോടുളള നമ്മുടെ അടുപ്പത്തിന്റെ പ്രതീകം. മനുഷ്യനു പ്രാര്‍ത്ഥനയോടുളള ആഭിമുഖ്യത്തിന്റെയും അടുപ്പത്തിന്റെയും പ്രതീകം. മനുഷ്യര്‍ക്കു മനുഷ്യരോടുതന്നെയുളള അടുപ്പത്തിന്റെയും ബന്ധത്തിന്റെയും പ്രതീകം. ഈ പ്രതീകാത്മകത ക്ഷയിക്കുമ്പോള്‍ കൊന്ത ഒന്നുമല്ലാതായി. വെറും ചരടായി, കുരുവായി, കോലായി.
ഈശോമിശിഹായുടെ വേദനയും പീഡയും മനസ്സുകൊണ്ടനുഭവിച്ചവളാണു മറിയം. പുല്‍തൊട്ടിയിലെ കൂരിരുട്ടിലും ശൈത്യത്തിലും വിറക്കുന്ന ഉണ്ണിയെ കണ്ട് മറിയത്തിന്റെ ഹൃദയം പിടഞ്ഞു (ലൂക്കാ – 2:7). ഈ ശിശു അനേകരുടെ ഉയര്‍ച്ചക്കും പതനത്തിനും കാരണമാകുമെന്നും, വിവാദവിഷയമായ അടയാളമായിരിക്കുമെന്നും, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടുമെന്നും ശിമയോന് പ്രവചിച്ചപ്പോള്‍ (ലൂക്കാ 2-34-35) മറിയത്തിന്റെ ഹൃദയത്തില്‍ ഇരുമുനവാള്‍ കടന്നു. ആ ഹൃദയം വിങ്ങി. യേശുവിനു പന്ത്രണ്ടു വയസ്സ്. കുട്ടിക്കാലം ജറുസലേമില്‍ നിന്നും മൂന്നു ദിവസം തിരികെ നടന്നു കഴിഞ്ഞപ്പോഴറിയുന്നു. യേശുവിനെ കാണാനില്ല. മറിയ മാതൃത്വം അന്നു ചിറപൊട്ടി (ലൂക്കാ 2:44)
യേശു തിരസ്ക്കരിക്കപ്പെടുന്ന രംഗങ്ങള്‍; വെല്ലുവിളിക്കപ്പെടുന്ന അവസരങ്ങള്‍; അവഹേളിക്കപ്പെടുന്ന മുഹൂര്‍ത്തങ്ങള്‍; പരിത്യജിക്കപ്പെടുന്ന നിമിഷങ്ങള്‍; തടവിലാക്കപ്പെടുന്ന അവസരങ്ങള്‍ ചമ്മട്ടിയടിക്കപ്പെടുന്നു. കുരിശു ചുമക്കുന്നു. കുരിശില്‍ തറയ്ക്കപ്പെടുന്നു. എന്നിട്ടൊരു വെല്ലുവിളിയും, ‘ചുണയുണ്ടെങ്കില്‍ ഇറങ്ങി വരിക; നീ ദൈവപുത്രനല്ല’. ഏതെങ്കിലുമൊരമ്മക്ക് ഇതു സഹിക്കാനാവുമോ? ഒരിക്കലുമില്ല.
ചരിത്രത്തില്‍ ഒരു വ്യക്തി മാത്രമേ സ്വന്തം അമ്മയെ തിരഞ്ഞെടുത്തിട്ടുളളു. അത് യേശുവാണ്. എന്തിനുവേണ്ടി? ഈ വേദന തിന്നുന്നതിനുവേണ്ടി. മാനസികപീഢകള് ശാരീരികവേദനകളെക്കാള് എത്ര രൂക്ഷമെന്ന് അനുഭവിച്ചിട്ടുളളവര്‍ക്കറിയാം. മറിയം യേശുവിന്റെ വേദനയും പീഢകളും മുഴുവന്‍ ഹൃദയത്തില്‍ അനുഭവിച്ചു.
എന്നിട്ടൊടുവില്‍ കാല്‍വരിയില്‍ വച്ച് സ്വന്തം അമ്മയെ യേശു മനുഷ്യര്‍ക്കു വിറ്റു. ദൈവത്തിന്റെ മാതാവെന്ന അവകാശത്തിനു ഉപാധിയായി മനുഷ്യരുടെ മുഴുവന്‍ മാതാവായി മറിയം. അങ്ങനെ മറിയം എല്ലാ മനുഷ്യരുടേയും സഹനം മുഴുവന്‍ ഹൃദയം കൊണ്ടനുഭവിക്കുവാന് മറിയം വിധിക്കപ്പെട്ടു. നമ്മുടെ മാതൃത്വം ഏറ്റെടുത്ത മറിയം നമ്മുടെ കഷ്ടപ്പാടും ദുരിതവും ഹൃദയവേദനയും പീഢയും ഹൃദയം കൊണ്ടനുഭവിച്ച് നമ്മോടൊത്തു വസിക്കുന്നു. നമുക്കുവേണ്ടി തന്നെതന്നെ സമര്‍പ്പിച്ച് മറിയത്തോടും യേശുവിനോടും നമുക്കു സ്നേഹമുണ്ടായിരിക്കണം. തീവ്രമായ സ്നേഹം. ഈ സ്നേഹത്തിന്റെയും കടപ്പാടിന്റെയും പ്രതീകമാണ് കൊന്തയും കൊന്തനമസ്ക്കാരവും. ജപമാല കാണുമ്പോള്‍ ഹൃദയത്തില്‍ നിറയേണ്ട ഉജ്ജ്വലമായ വികരാം സ്നേഹമാണ്. യേശുവിനോടും മാതാവിനോടുമുളള സ്നേഹം.
മറ്റൊരു അടുപ്പം കൂടി കൊന്ത സ്ഥാപിച്ചെടുക്കുന്നുണ്ട്. കൂട്ടം കൂടിയിരുന്നാണ് കൊന്ത ചൊല്ലുക. അടുപ്പിച്ചടുപ്പിച്ച് കൊന്തയുടെ മണികള്‍ ഉരുട്ടി തുടരെ നന്മനിറഞ്ഞ മറിയമേ” ചൊല്ലി മറിയത്തോടും യേശുവിനോടും നമ്മുടെ അടുപ്പം പ്രഖ്യാപിക്കുമ്പോള്‍ പരസ്പരമുളള അടുപ്പവും ബന്ധവും വളരണം. കൂട്ടംകൂടിയിരുന്നു ജപമാല ചൊല്ലുമ്പോള്‍ കൂട്ടത്തിന്റെ ഐക്യം സുദൃഢമാകണം. കുടുംബം ഒരു കൂട്ടമാണ്. സമൂഹം ഒരു കൂട്ടമാണ്. കുടുംബത്തിന്റെ കണ്ണികള്‍ പ്രബലപ്പെടണം. സമൂഹത്തിന്റെ കണ്ണികളും, ഓരോരുത്തരും അവരവരുടെ കാര്യം നോക്കാതെ മറ്റുളളവരെ കാര്യം നോക്കിയാലേ ഇതു നടക്കു.
ഒരിക്കല്‍ നെഹ്റുജി ഇന്ദിരയെക്കുറിച്ച് എഴുതുകയുണ്ടായി.’പ്രിയദര്‍ശിനി അടുത്തിരിക്കുമ്പോള്‍ നീ എനിക്കു പ്രിയപ്പെട്ടവള്‍’ . അകലെയായിരിക്കുമ്പോള്‍ എനിക്കു നീ അതിലേറെ പ്രീയപ്പെട്ടവള്‍. ജപമാല ഭക്തിയുടെ അവസരത്തില്‍ നമുക്കും പറയാനാകട്ടെ! ഒക്ടോബര്‍ മാസത്തിലെ ആഘോഷമായ പത്തു ദിവസങ്ങളില്‍ എനിക്കു ജപമാല പ്രിയമാണ്. മറ്റവസരങ്ങളില്‍ അതിലേറെ പ്രിയം.