തൃശൂര്‍ അതിരൂപതാംഗമായ യുവവൈദികന്‍ ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ അന്തരിച്ചു

തൃശൂര്‍ അതിരൂപതാംഗവും റോമില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയിരുന്ന യുവവൈദികനായ ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ (32) അന്തരിച്ചു – തൃശൂര്‍ അതിരൂപതയുടെ പ്രാര്‍ത്ഥനാഞ്ജലികള്‍

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ അനുഗ്രഹീത ഗായകനും യുവവൈദികനുമായ ബഹു. ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ 2021 മെയ് 28 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. റോമില്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടേറേറ്റ്ട ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അച്ചന്‍. കഴിഞ്ഞ ഏപ്രിലില്‍ നാട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു. കോവിഡ് ബാധിച്ച് തൃശൂര്‍ ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളേജില്‍ ചിക്തസയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം.

മുല്ലശേരി എടക്കളത്തൂര്‍ ഫ്രാന്‍സീസ് എല്‍സി ദമ്പതികളുടെ മകനായി 1988 ഏപ്രില്‍ 25 ജനിച്ചു. ദൈവവിളി സ്വീകരിച്ച് 2005 ജൂണില്‍ തൃശ്ശൂര്‍ മൈനര്‍ സെമിനാരി ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിച്ചു. മുളയം മേരിമാത മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര പരിശീലനത്തിനും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 2014 ഡിസംബര്‍ 29ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവില്‍ നിന്ന് മുല്ലശ്ശേരിയില്‍ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ 2010-2011 കാലഘട്ടത്തില്‍ അച്ചന്‍ പ്രായോഗിക പരിശീലനം നടത്തിയിട്ടുണ്ട്.

കര്‍ത്താവ് എന്റെ ഇടയനാകുന്നു എനിക്ക് ഒന്നിനും കുറവുണ്ടാക്കുകയില്ല എന്ന സങ്കീര്‍ത്തന വചനം ആപ്തവാക്ക്യമായി സ്വീകരിച്ച അച്ചന്‍ പുതുക്കാട് ഫൊറോന, ഒളരി, മണ്ണുത്തി, മുക്കാട്ടുക്കര എന്നിവിടങ്ങളില്‍ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2016 മെയ് 30 മുതല്‍ അതിരൂപത കൂരിയില്‍ നോട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ആഗസ്റ്റ് 30 മുതല്‍ റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസത്രത്തില്‍ ലൈസന്‍ഷ്യേറ്റ് നടത്തുകയും 2020 ജൂണില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ദൈവശാസത്രത്തില്‍ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇടവകയില്‍ സേവനം ചെയ്തിരുന്നപ്പോള്‍ യുവജനങ്ങളെയും കുട്ടികളെയും സംഘടിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന അച്ചന്‍ പ്രതിഭയുള്ള ഒരു നാടക നടനുമായിരുന്നു.

ഫ്രന്‍സി ജോയി, സിന്‍സി സുനില്‍ എന്നിവര്‍ അച്ചന്റെ സഹോദരിമാരാണ്. അതിരൂപതയിലെ വൈദികയുടെ ഗായക സംഘമായ ഹോളി സ്രിംഗ്‌സിലെ അനുഗ്രഹിത ഗായകനായിരുന്ന സിന്‍സണ്‍ സാമൂഹിക മാധ്യമങ്ങളില്‍ തന്റെ ഗാനങ്ങളുമായി അനേകര്‍ക്ക് പ്രചോദനമായിരുന്നു. അച്ചന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അവധിക്ക് വന്നപ്പോഴും വൈദികരുടെ മൃതസംസ്‌ക്കാര ശുശ്രൂഷകളില്‍ ഗാനാലാപനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നു.

കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ അഹോരാത്രം അധ്വാനിച്ച് അകാലത്തില്‍ സ്വര്‍ഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട എടക്കളത്തൂര്‍ ബഹു. സിന്‍സണ്‍ അച്ചനു തൃശ്ശൂര്‍ അതിരൂപതയുടെ പ്രാര്‍ത്ഥനാഞ്ജലികള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.