ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.
അഞ്ചാം ദിവസം: ജനങ്ങൾക്കൊപ്പം ആയിരിക്കാൻ ഇഷ്ടപ്പെട്ട ഇടയൻ
വൈദീകനായിരുന്നപ്പോൾ ഫാ. കരോൾ വോയ്റ്റില തന്റെ കൂട്ടുകാരോടെല്ല മലകയറ്റത്തിനും വിനോദയാത്രയ്ക്കും പോവുക പതിവായിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ ട്രെയിനിലായിരുന്നു യാത്ര. രണ്ടു സുഹൃത്തുക്കൾ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റെടുക്കാൻ നിർബദ്ധിച്ചെങ്കിലും ഫാ. കരോൾ അവരോടു പറഞ്ഞു, “വേണ്ട നമ്മൾ ജനങ്ങളോടാപ്പം യാത്ര ചെയ്യും!” പോളണ്ടിൽ വൈദികർക്കു പൊതുജനങ്ങളുടെ ഇടയിൽ വലിയ ബഹുമാനവും ഫസ്റ്റ് ക്ലാസ്സ് പരിഗണനയും കിട്ടിയിരുന്നെങ്കിലും, ജനങ്ങളോടൊപ്പവും അവരെ ശുശ്രൂഷിക്കുന്നതിലുമായിരുന്നു കരോളച്ചന്റെ ആനന്ദം.
ഓ പരിശുദ്ധ ത്രിത്വമേ, ജോൺ പോൾ രണ്ടാമൻ പാപ്പയെ തിരുസഭയ്ക്കു നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. പിതാവിന്റെ ആർദ്രതയും ക്രിസ്തുവിന്റെ കുരിശിന്റെ മഹത്വവും പരിശുദ്ധാത്മ സ്നേഹത്തിന്റെ പ്രഭയും വിളങ്ങി ശോഭിക്കാൻ വിശുദ്ധനെ അങ്ങു യോഗ്യനാക്കിയല്ലോ.
അങ്ങയുടെ അനന്ത കാരുണ്യത്തിലും പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃ മധ്യസ്ഥതയിലും പൂർണ്ണമായും ശരണപ്പെട്ടു, നല്ല ഇടയനായ യേശുവിന്റെ പ്രതിരൂപമായി അവൻ തന്നെത്തന്നെ മാറുകയും അങ്ങുമായി നിത്യമായി ഒന്നായിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വിശുദ്ധി ആണന്നു പഠിപ്പിക്കുകയും ചെയ്തുവല്ലോ. അങ്ങു തിരുമനസ്സാകുന്നുവെങ്കിൽ വിശുദ്ധ ജോൺ പോൾ പാപ്പയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക) ഞങ്ങൾക്കു നേടിത്തരണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ