ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ കത്തോലിക്കാ സഭ സവിശേഷമായി ശ്രദ്ധിക്കുന്ന മാസമാണ് നവംബർ. നവംബർ രണ്ടിനാണു സകല മരിച്ചവരുടെയും തിരുനാൾ. കത്തോലിക്കാ സഭയിലെ വേദപാരംഗതനനും മെത്രാനും ദിവ്യരക്ഷക സഭയുടെ സ്ഥാപകനും ധാർമ്മിക ദൈവശാസ്ത്രജ്ഞരുടെ മധ്യസ്ഥനുമായ വിശുദ്ധ അൽഫോൻസ് ലിഗോരി (1696-1787) ശുദ്ധീകരണത്തിലെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഒരു നോവേന തയ്യാറാക്കിയിട്ടുണ്ട്. ഈ നേവേന നവംബർ മാസത്തിൽ ചൊല്ലി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ, യേശുക്രിസ്തുവിനും, പരിശുദ്ധ കന്യകാമറിയത്തിനും ഭരമേല്പിക്കാം. പ്രത്യേകിച്ച് നമ്മുടെ ബന്ധുക്കളെ, ഉപകാരികളെ, സുഹൃത്തുക്കളെ, ശത്രുക്കളെ, ആരും പ്രാർത്ഥിക്കാൻ ഇല്ലാത്തവർക്കു വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം.
ഒന്നാം ദിനം: ധ്യാനം
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ അനുഭവിക്കുന്ന നിരവധിയായ സഹനങ്ങൾക്കു കാരണം അവരുടെ ജീവിതകാലത്തെ പാപങ്ങളാണ്. ആ പാപങ്ങളാണ് ഇപ്പോൾ അവരെ പീഡിപ്പിക്കുന്നത്.
പ്രാർത്ഥന
എന്റെ രക്ഷകനായ യേശുവേ, നരക ശിക്ഷക്കു അർഹനാകാൻ ഞാൻ പല തവണ അർഹനാണ്. ഞാൻ പീഡനങ്ങളുടെ നടുവിൽ എത്തപ്പെട്ടിരുന്നുവെങ്കിൽ എന്റെ സഹനം എത്രയോ ഭീതിജനമാവുകയും എന്റെ തന്നെ നിത്യ നാശത്തിനു ഞാൻ തന്നെ കടപ്പെടുകയും ചെയ്യുമായിരുന്നു! എന്നെ സഹിച്ച നിന്റെ ക്ഷമയ്ക്കു ഞാൻ നന്ദി പറയുന്നു. എന്റെ ദൈവമേ, എല്ലാ വസ്തുക്കളെക്കാളും ഉപരിയായി ഞാൻ നിന്നെ സ്നേഹിക്കുകയും, അനന്ത നന്മയായ അങ്ങയെ വേദനിപ്പിച്ചതിനു ഹൃദയപൂർവ്വം ക്ഷമ ചോദിക്കുകയും ചെയ്യുന്നു. നിന്നെ വീണ്ടും നിന്ദിക്കുന്നതിനെക്കാൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്ഥിരപരിശ്രമത്തിന്റെ കൃപ എനിക്കു നീ നൽകണമേ. എന്നോടും ശുദ്ധീകരണസ്ഥലത്തിൽ സഹിക്കുന്ന ആത്മാക്കളോടും കരുണയായിരിക്കണമേ, ഓ മറിയമേ, ദൈവമാതാവേ, നിന്റെ ശക്തമായ മധ്യസ്ഥതയാൽ അവരുടെ സഹായത്തിനു വരണമേ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…
നന്മ നിറഞ്ഞ മറിയമേ…
നിന്റെ മണവാട്ടിയായ സഭയുടെ മേൽ, സഹിക്കുന്ന നിന്റെ മക്കളുടെമൽ കരുണയുണ്ടാകണമേ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ നിന്റെ നിത്യാനന്ദത്തിനു അർഹരാക്കണമേ
(എല്ലാ ദിവസവും അതതു ദിവസത്തിന്റെ പ്രാർത്ഥനയ്ക്കു ശേഷം ജപിക്കേണ്ടത്)
ഓ മാധുര്യമുള്ള ഈശോയെ, ഗെദ്സെമനിയിൽ നീ ചിന്തിയ രക്ത തുള്ളികളാൽ ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.
കർത്താവേ അവരോടു കരുണയുണ്ടാകണമേ
ഓ മാധുര്യമുള്ള ഈശോയെ, ഏറ്റവും ക്രൂരമായ ചമ്മട്ടി അടിയിൽ നീ സഹിച്ച വേദനയെപ്രതി, ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.
കർത്താവേ അവരോടു കരുണയുണ്ടാകണമേ
ഓ മാധുര്യമുള്ള ഈശോയെ, മുൾമുടി ശിരസ്സിൽ അണിയിച്ചപ്പോൾ അങ്ങു അനുഭവിച്ച കൊടിയ വേദനയെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.
കർത്താവേ അവരോടു കരുണയുണ്ടാകണമേ.
ഓ മാധുര്യമുള്ള ഈശോയെ, കാൽവരിയിലേക്കു കുരിശു വഹിച്ച യാത്രയിൽ നീ അനുഭവിച്ച വലിയ സഹനത്തെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.
കർത്താവേ അവരോടു കരുണയുണ്ടാകണമേ.
ഓ മാധുര്യമുള്ള ഈശോയെ, ഏറ്റവും ക്രൂരമായ കുരിശേറ്റലിൽ നീ സഹിച്ച കൊടിയ വേദനയെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.
കർത്താവേ അവരോടു കരുണയുണ്ടാകണമേ.
ഓ മാധുര്യമുള്ള ഈശോയെ, കുരിശിൽ നീ അനുഭവിച്ച കഠിനമായ വേദനയെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.
കർത്താവേ അവരോടു കരുണയുണ്ടാകണമേ.
ഓ മാധുര്യമുള്ള ഈശോയെ, നിന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നതിനു മുമ്പു നീ ശ്വസിച്ച അവസാന ശ്വാസത്തെ പ്രതി ശുദ്ധീകരണസ്ഥത്തിലെ ആത്മാക്കളോടു കരുണയായിരിക്കണമേ.
കർത്താവേ അവരോടു കരുണയുണ്ടാകണമേ.
(ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കും വേണ്ടിയും ഈ നൊവേനയിൽ പ്രാർത്ഥിക്കാവുന്നതാണ്.)
ദൈവത്തോടു അടുത്തായിരിക്കുന്നവരും ദൈവത്തെ ഒരിക്കലും നഷ്ടപ്പെടാത്തവരുമായ വിശുദ്ധാത്മാക്കളെ ഞങ്ങൾ/ ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചുവല്ലോ. വലിയ പാപികളായ ഞങ്ങളെ/ എന്നെ നിത്യ നാശത്തിൽ നിന്നും ദൈവത്തെ നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നു എപ്പോഴും സംരക്ഷിച്ചു കൊള്ളണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ