പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കം: നൊവേന നാലാം ദിനം

പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: നാലാം  ദിനം (സെപ്റ്റംബർ 3)

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ.

മറിയം പ്രാർത്ഥനയുടെ പ്രഥമ അധ്യാപിക. അവളുടെ പ്രാർത്ഥനയിൽ അപേക്ഷകളില്ല. ദൈവസ്തുതികൾ മാത്രം. ദൈവം കൂടെയുണ്ടെന്ന ബോധ്യത്തിൽ  എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുമ്പോൾ, വാക്കുകൾ നിശബ്ദതയ്ക്കു വഴിമാറുമ്പോൾ അതും പ്രാർത്ഥനയാണന്നു മറിയം പഠിപ്പിക്കുന്നു.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ, ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. (നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന:

ഓ കൃപ നിറഞ്ഞ മറിയമേ, ജീവിക്കുന്ന ദൈവത്തിനു സ്തുതിഗീതം അലപിച്ചു പ്രാർത്ഥിക്കാൻ നീ ഞങ്ങളെ പഠിപ്പിച്ചു. അമ്മേ ഞങ്ങൾ പിൻതുടരേണ്ട പ്രാർത്ഥനാ പുസ്തകമാണല്ലോ നിന്റെ ജീവിതം. ജിവിതത്തിന്റെ എല്ലാ മേഖലകളിലും സന്തേഷങ്ങളിലും സങ്കടങ്ങളിലും ദൈവത്തോടു ചേർന്നു നിൽക്കുവാനും പ്രാർത്ഥനയിലൂടെ ഉരുത്തിരിയുന്ന ദൈവഹിതം പൂർത്തിയാക്കാനും നല്ല അമ്മേ  ഞങ്ങളെ സഹായിക്കണമേ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം.

മറുപടി: സർവ്വേശ്വരന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കുന്ന ദൈവമേ, നിന്റെ നാമത്തിനു സ്തുതി ഉണ്ടായിരിക്കട്ടെ. നാനാവിധത്തിൽ ശാരീരികവും മാനസികവുമായി വിശപ്പനുഭവിക്കുന്ന ഞങ്ങൾക്കു നിത്യസഹായമായി മറിയത്തെ  നൽകിയല്ലോ. ആ അമ്മയുടെ ജനനത്തീരുനാളിനൊരുങ്ങുമ്പോൾ ആ അമ്മ വഴി ഞങ്ങളുടെ ക്ലേശങ്ങളിൽ ആശ്വാസവും മുറിവുകളിൽ സൗഖ്യവും സംശയങ്ങളിൽ സമചിത്തതയും നൽകി അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ MCBS