എന്റെ കുഞ്ഞനുജന് / കുഞ്ഞനുജത്തിക്ക്
ഈ പുസ്തക സമ്മാനം നിനക്കുള്ളതാണ്. നേരിൽ നമ്മൾ തമ്മിൽ കണ്ടിട്ടില്ലെങ്കിലും നീയെനിക്കു ചിരപരിചിതനാണ്. നഷ്ടങ്ങളിൽ നിന്നും വിജയത്തിലേയ്ക്കും വേദനയിൽ നിന്ന് സന്തോഷ പുഞ്ചിരിയിലെയ്ക്കും നിന്നെ കൈപ്പിടിച്ചുയർത്തുവാൻ ഞാനും ഒപ്പമുണ്ട്.
ഒത്തിരി സ്നേഹത്തോടെ
ഇതൊരു ആമുഖ കത്താണ്. ഒരു നോട്ട് ബുക്കിന്റെ അകത്തളങ്ങളിൽ കുറിക്കപ്പെടുന്ന സ്നേഹം നിറഞ്ഞ വാക്കുകൾ. ഇനി നമ്മുക്ക് ഈ കത്തിന്റെയും നോട്ട് ബുക്കിന്റെയും പിന്നാംപുറങ്ങളെ തേടി യാത്ര തുടങ്ങാം.
പ്രളയബാധിതയിടങ്ങളിലെ ദൃശ്യങ്ങളിൽ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന രംഗമാണ് നശിച്ചുപോയ നോട്ട് ബുക്കുകളും പാഠപുസ്തകകളും. തങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിലെ സന്തഹസഹചാരികളായ അവ ഇനിയൊരിക്കലും തിരികെ ലഭിക്കില്ല എന്നറിയുമ്പോൾ ആ കുഞ്ഞുമനസ്സുകൾ നീറുന്നുണ്ടാകും. സർക്കാർ തലത്തിൽ പുത്തൻ പാഠപുസ്തകങ്ങളുടെ അച്ചടി തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ നഷ്ടപ്പെട്ട നോട്ടുബുക്കുകൾ ഒരു ചോദ്യചിഹ്നമാണ്. അതും വരുന്ന എസ് എസ് എൽ സി പരീക്ഷ അഭിമുഖികരിക്കുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ കാര്യം കഷ്ടം തന്നെയാണ്. അവിടെയാണ് നല്ല അയൽക്കാരന്റെ മനോഭാവത്തോടെ തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശ്രുശ്രൂഷയുടെ കീഴിലുള്ള സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരേ മനസ്സോടെ മുന്നോട്ട് വന്നത്.
അവധി ദിനങ്ങളായ ഞാറായ്ച്ചകളിൽ ഏഴ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും, ഒരു ഹൈസ്കൂളിൽ നിന്നും അഞ്ച് പ്രധാന അധ്യാപകരും ഇരുപത്തിയഞ്ചോളം അധ്യാപകരും ഇരുന്നൂറോളം കുട്ടികളും ഉൾപ്പെടുന്ന സംഘം തിരുവനന്തപുരം സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ ഒത്തുചേർന്നു. അതിന്റെ ഉത്ഭവത്തെപ്പറ്റി ലത്തീൻ രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ ഡറക്ടർ ഫാദർ ഡെയ്സൺ യേശുദാസ് പറയുന്നത് ഇങ്ങനെ “ആദ്യം പ്രളയെഴുത്ത് എന്നൊരു പരിപാടി സംഘടിക്കപ്പെട്ടിരുന്നു. അതിൽ എല്ലാ കാസ്സിലെയും നോട്ടുകൾ തയ്യാറാക്കുന്ന പരിപാടിയായിരുന്നു. ഞങ്ങളുടെ കുട്ടികളുടെ സജീവ പങ്കാളിത്തം അതിലുണ്ടായിരുന്നു. അതിന്റെ മാധ്യമശ്രദ്ധ കണ്ട് പ്രളയവാധിതയിടങ്ങളിലെ സ്കൂളുകൾ തങ്ങളുടെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നോട്ടുകൾ തയ്യാറാക്കാമോ എന്ന തരത്തിൽ ഞങ്ങളെ ബന്ധപ്പെട്ടു. ഞാൻ നമ്മുടെ രൂപതയുടെ കീഴിലുള്ള സ്കുളുകളെ ബന്ധപ്പെട്ടപ്പോൾ ആത്മാർത്ഥത നിറഞ്ഞ മനസ്സുമായി അധ്യാപകരും കുട്ടികളും അതേറ്റടുത്തു. അവരുടെ സജീവ സാന്നിധ്യം കൊണ്ട് ഇതൊരു വിജയകരമായിരിക്കുന്നു.”
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള ഏഴു ഹയർ സെക്കന്ററി സ്കൂളുകളിലും ഒരു ഹൈസ്കൂളിലും നിന്നുമാണ് 5 പ്രധാന അധ്യാപകരും 25 അധ്യാപകരും 200 വിദ്യാർത്ഥികളും സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ ഒത്തുചേർന്നത്. സ്വന്തം പൊതിച്ചോറും കൊണ്ട് കളിച്ചു രസിക്കേണ്ട തങ്ങളുടെ അവധി ദിനങ്ങൾ തങ്ങളുടെ ജീവിതത്തിൽ ഇതുവരെ കാണാത്ത കൂട്ടുകാർക്കു വേണ്ടിയവർ മാറ്റിവയ്ക്കുമ്പോൾ നല്ല അയൽക്കാരന്റെ സുവിശേഷ മാനം അതിനു കൈവരുന്നു. ഈ വർഷം വിരമിക്കുന്ന ഫ്ളോറൻസ് ഫെർണാണ്ടസ് ടീച്ചറിന്റെ വാക്കുകളിൽ തന്റെ സർവ്വീസ് ജീവിതത്തിൽ മറക്കാനാകാത്ത ഒരു നാൾ തന്നെയാണ്. പൂന്തുറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനധ്യാപികയായ ഫ്ളോറൻസ് ടീച്ചർ ഈ അനുഭവം പങ്കുവയ്ക്കുന്നതും ഇങ്ങനെയാണ്. “ഡെയ്സണച്ചൻ ഇങ്ങനെയൊരു പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ, അത് അധ്യാപകരിലെയ്ക്കും വിദ്യാർത്ഥികളിലെക്കും എത്തിച്ചപ്പോൾ എന്റെ പ്രതീക്ഷകൾക്കപ്പുറത്ത് ഞായറെന്ന അവധി ദിനത്തെക്കാൾ മനസ്സും കരങ്ങളും നൽകി ഒരുമയുടെ പാതയിൽ ഒന്നായി തീർന്നു. ഈയൊരു വർഷം മാത്രമേ ഇനി മുന്നിലുള്ളു. ഇതൊരു ചരിത്രമാണ്. ഞാനും എന്റെ സഹപ്രവർത്തകരും കുട്ടികളും അതിന്റെ ഭാഗമായതിൽ ഏറെ അഭിമാനിക്കുന്നു.”
എന്നാൽ സെന്റ് ജോസഫസ് ഹയർസെക്കന്ററി സ്കൂളിൽ ഈ സത്കർമ്മത്തിനു പങ്കാളിയായ ഏവരെയും ഞെട്ടിച്ചു കൊണ്ട് അവരെ നേരിൽ കണ്ട് ആശംസിക്കുന്നതിനും അനുഗ്രഹിക്കുന്നതിനുമായി ഒരു അതിഥിയെത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് തിരുമേനിയായിരുന്നു അത്. ചുറുച്ചുറുക്കോടെ എല്ലാ ക്ലാസ് മുറിയിലും ഓടിച്ചെന്ന് കുശലാനേഷ്വണങ്ങൾ നടത്തി അനുഗ്രഹിച്ച് അവരെ പ്രചോദനാത്മകമായ വാക്കുകളാൽ അഭിനന്ദിച്ചു. “നല്ല അയൽക്കാരായി സുവിശേഷത്തിന്റെ മാനങ്ങൾ നൽകീടുന്ന ഈ കുട്ടികൾ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വിവിധ മാനങ്ങൾ നമ്മുടെ മുന്നിൽ പറഞ്ഞു വയ്ക്കുന്നു. തീർച്ചയായും നമ്മൾ ഈ കുട്ടികളിൽ നിന്നും ഇത്തരം മാതൃകകൾ കണ്ടു പഠിക്കണം.” അദ്ദേഹം ലൈഫ് ഡേയോട് പങ്കുവച്ചു.
അധ്യാപകർ വായിച്ചു നൽകീടുന്ന നോട്ടുകൾ കേട്ട് കുറിച്ചെടുത്ത് നൽകിടുമ്പോഴും ആ കുട്ടികളാരും തന്നെ തങ്ങളുടെ പേരും വിവരങ്ങളും ഒരു നോട്ട് ബുക്കിനുള്ളിലും കുറിച്ചു വയ്ക്കുന്നില്ല. തങ്ങൾ എഴുതി നൽകുന്ന അക്ഷരങ്ങൾക്കിടയിൽ അവരും അജ്ഞാതരായി നിലകൊണ്ടിടുന്നു. ബൈബിളിൽ ക്രിസ്തു പറയുന്നതുപോലെ. നിന്റെ ഒരു കരം ചെയ്യുന്നത് മറുകരം അറിയാതിരിക്കട്ടെ…
ക്ലിന്റൺ എൻ സി ഡാമിയൻ