മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു

കോട്ടയം: മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു. പുരസ്‌ക്കാരത്തിന് അര്‍ഹയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി പുതുക്കാട്ട് ശ്രീലക്ഷ്മി വീട്ടില്‍ കൃഷ്ണകുമാരിയും കുടുംബവുമാണ്.

ജൈവകൃഷി അവലംബനത്തോടൊപ്പം കപ്പ, തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, വിവിധയിനം പച്ചക്കറികള്‍, പശു, ആട്, കോഴി, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രോത്സാഹനം, മത്സ്യകൃഷി, മാതൃകാ കൃഷിത്തോട്ടം, ഔഷധോദ്യാനം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ നിരവധിയായ കാര്‍ഷിക ക്ഷേമപ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ടാണ് കൃഷ്ണകുമാരിക്കും കുടുംബത്തിനും പുരസ്‌ക്കാരം സമ്മാനിച്ചത്.

കെ എസ് എസ് എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇരുപത്തി അയ്യായിരം രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്‌ക്കാരം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് സമ്മാനിച്ചു.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ള വിശിഷ്ഠാതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.