ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വിശുദ്ധയാണ് മദര്‍ തെരേസ. തന്റെ ജീവിതത്തില്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുവാന്‍, മദര്‍ തെരേസ തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകളാണ് വൈദികര്‍. കാരണം അവരുടെ ജീവിതത്തിലെ വെല്ലുവിളികളും പ്രലോഭനങ്ങളും മദര്‍ തെരേസക്ക് അറിയാമായിരുന്നു.
വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി മദര്‍ തെരേസ ഒരു പ്രാര്‍ത്ഥന രചിച്ചിരുന്നു. പൌരോഹിത്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ സമൂഹത്തില്‍ അവരെ പ്രാര്‍ത്ഥനയില്‍ ശക്തിപ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ സാഹചര്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥം ചോദിച്ചു കൊണ്ട് മദര്‍ തെരേസ രചിച്ച പ്രാര്‍ത്ഥന ഏറെ പ്രസക്തമാണ്. ആ പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുകയാണ്:
“മറിയമേ, യേശുവിന്റെ മാതാവേ, അമ്മയുടെ പരിശുദ്ധിയുടെ മേലങ്കിയാല്‍ പുരോഹിതരെ പൊതിയണമേ. അവരെ സംരക്ഷിക്കുകയും നയിക്കുകയും അമ്മയുടെ വിമല ഹൃദയത്തിനുള്ളില്‍ സൂക്ഷിക്കുകയും ചെയ്യണമേ.നിരാശയുടെയും ഏകാന്തതയുടെയും നിമിഷങ്ങളില്‍ നീ അവര്‍ക്ക് അമ്മയായിരിക്കണമേ.
അവരെ സ്നേഹിക്കുകയും പൂര്‍ണ്ണമായ യേശുവിന്റെതായി നിലനിര്‍ത്തുകയും ചെയ്യണമേ. യേശുവിനെ പോലെ അവരെയും അമ്മയുടെ മക്കളായി കണ്ടു അവരുടെ ഹൃദയങ്ങളെ ശുദ്ധിയിലും വിശുദ്ധിയിലും കാത്തു കൊള്ളണമേ. അവരുടെ ഹൃദയങ്ങളിൽ ഈശോയെ നിറയ്ക്കുവാനും അവരുടെ അധരങ്ങളിൽ സദാ യേശു നാമം നിറയ്ക്കുവാനും സഹായിക്കണമേ. അങ്ങനെ പാപികളിലേയ്ക്കും കണ്ടുമുട്ടുന്ന എല്ലാവരിലേക്കും യേശുവിനെ പകർന്നു നൽകുവാൻ അവരെ പ്രാപ്തരാക്കണമേ.
മറിയമേ, ഈശോയുടെ അമ്മേ, അവരെ സ്നേഹിക്കുകയും അവർക്കു ആനന്ദം പകരുകയും ചെയ്യണമേ. രോഗികളായിരിക്കുകയും മരണത്തോട് അടുക്കുകയും ചെയ്യുന്ന വൈദികരുടെയും ബലഹീനരായവരുടെയും മേൽ അമ്മയുടെ പ്രത്യേക കടാക്ഷം ഉണ്ടാവണമേ. അവരുടെ യുവത്വവും വാർദ്ധക്യവും അവരുടെ സേവനവും ദൈവത്തിനായി ഉഴിഞ്ഞു വെച്ച അവരുടെ ജീവിതവും ഒക്കെ അമ്മ ഓർക്കണമേ.
മറിയമേ, അവരെ അനുഗ്രഹിക്കുകയും അമ്മയുടെ ഹൃദയത്തിൽ അവരെ വഹിക്കുകയും ചെയ്യേണമേ. അമ്മയുടെ മനോഹരവും വിശുദ്ധവും അമലോത്ഭവവുമായ ഹൃദയം അവർക്കും നൽകണമേ. അതിലൂടെ മനുഷ്യത്വത്തിലും സ്നേഹത്തിനു ക്രിസ്തുവിനോടുള്ള സ്നേഹത്തിലും വളർത്തണമേ. പരിശുദ്ധ മറിയമേ, അമ്മയെപ്പോലെ വിനീതരും ഈശോയെപ്പോലെ വിശുദ്ധരുമാക്കി അവരെ മാറ്റണമേ. ആമ്മേൻ.